»   » കാവ്യ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത് സിപിഎം നേതാവ്

കാവ്യ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത് സിപിഎം നേതാവ്

Posted By:
Subscribe to Filmibeat Malayalam
Kavya And Nishal
കാവ്യ-നിഷാല്‍ വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രമുഖ പങ്കുവഹിച്ചത് ഒരു പ്രമുഖ സിപിഎം നേതാവാണെന്ന് റിപ്പോര്‍ട്ട്. ഈ നേതാവിനൊപ്പം നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാറും, രാഷ്ട്രീയ പ്രവര്‍ത്തകനായ ജോര്‍ജ് സെബാസ്റ്റിയനുമാണത്രേ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

വിവാഹമോചന കേസ് കോടതിയില്‍ തീര്‍പ്പുണ്ടാകാന്‍ കാലതാമസമെടുക്കുമെന്നും അതുകൊണ്ടാണ് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാന്‍ ധാരണയുണ്ടാക്കിയത് എന്നുമാണ് കാവ്യാ മാധവന്റെ പിതാവ് മാധവന്‍ മാധ്യമങ്ങളോടു പറഞ്ഞത്.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഈ സിപിഎം നേതാവിന്റെ വീട്ടിലെത്തിയാണത്രേ കാവ്യയും നിശാലും ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ ഒപ്പുവച്ചത്.

കാവ്യയും പിതാവ് മാധവനും ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയതിനു ശേഷം നേതാവിന്റെ വീട്ടിലെത്തി ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിടുകയായിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തയാറാക്കിയത് നിശാലിന്റെ അഭിഭാഷകനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാവ്യയും പിതാവും ഇതു വായിച്ചു നോക്കി അംഗീകരിച്ച് ഒപ്പിട്ടു. ഇതേത്തുടര്‍ന്നാണ് നിശാലും കുടുംബവും എറണാകുളം കുടുംബ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത്. കോടതിക്കു പുറത്ത് പ്രശ്‌നം പരിഹരിച്ചെന്നും പരസ്പര ധാരണപ്രകാരം വേര്‍പിരിയുകയാണെന്നും കാവ്യയും നിശാലും കോടതിയെ അറിയിച്ചു. ഇതോടെ കേസ് പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

സ്വര്‍ണാഭരണങ്ങളും പണവും മടക്കി നല്‍കണമെന്നു കാട്ടിയും ഗാര്‍ഹിക പീഡനനിയമ പ്രകാരവും രണ്ടു ഹര്‍ജികളാണ് നിശാലിനെതിരേ കാവ്യ സമര്‍പ്പിച്ചിരുന്നത്. ഒന്നു കുടുംബ കോടതിയിലും മറ്റൊന്ന് മജിസ്‌ട്രേറ്റ് കോടതിയിലുമാണ് ഫയല്‍ ചെയ്തിരുന്നത്.

ഈ രണ്ടു കേസുകളും കാവ്യ പിന്‍വലിച്ചു. തുടര്‍ന്ന് രണ്ടു പേരും വിവാഹ മോചനത്തിനായി ജോയിന്റ് പെറ്റീഷന്‍ നല്‍കി. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള ഈ കേസ് തള്ളണമെന്ന് കഴിഞ്ഞ ദിവസം നിശാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യം നിരാകരിച്ചിരുന്നു.

കുടുംബക്കോടതിയില്‍ നിലവിലുള്ള കേസ് പരിഹരിച്ച് സംയുക്ത ഹര്‍ജി നല്‍കിയാല്‍ പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാട്. തുടര്‍ന്നാണു കുടുംബകോടതിയിലും മജിസ്‌ട്രേറ്റ് കോടതിയിലും സംയുക്ത ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.

2008 ഡിസംബര്‍ 11 നായിരുന്നു കാവ്യയും നിശാലും സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. 2009 ഫെബ്രുവരി അഞ്ചിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മതാചാരപ്രകാരവും വിവാഹിതരായി. എന്നാല്‍ ജൂണ്‍ 27 വരെ നിശാലിനൊപ്പം കുവൈറ്റില്‍ താമസിച്ച കാവ്യ നാട്ടില്‍ തിരിച്ചെത്തിയ ശേഷം തിരിച്ചുപോയില്ല.

മാനസികവും ശാരീരികവുമായ പീഡനമേല്‍ക്കേണ്ടിവന്നുവെന്നും അതിനാല്‍ ഒത്തുജീവിക്കാന്‍ സാധ്യമല്ലെന്നും കാണിച്ച് പോലീസിലും കുടുംബകോടതിയിലും പരാതി നല്‍കുകയായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam