»   » പഴശ്ശിരാജക്ക് വേണ്ടി എച്ച്ബിഒയും മോസര്‍ ബെയറും

പഴശ്ശിരാജക്ക് വേണ്ടി എച്ച്ബിഒയും മോസര്‍ ബെയറും

Subscribe to Filmibeat Malayalam
Pazhassi Raja
ബോക്‌സ് ഓഫീസില്‍ പുതുചരിത്രം രചിയ്ക്കുന്ന പഴശ്ശിരാജ മലയാള സിനിമയ്ക്ക് പുതിയ വിപണന സാധ്യതകള്‍ തുറക്കുന്നു മോളിവുഡിലെ എക്കാലത്തെയും കൂറ്റന്‍ ബജറ്റായ 27 കോടി രൂപ മുടക്കി തിയറ്ററുകളിലെത്തിച്ച പഴശ്ശിരാജ വാങ്ങാന്‍ ഹോളിവുഡ് മൂവി ചാനലായ എച്ച്ബിഒ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഇത് സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചലച്ചിത്ര രംഗത്തെ പ്രമുഖരായ ചിലര്‍ തന്നെയാണ് ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. മലയാളത്തിലെ ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ അന്‍വര്‍ റഷീദാണ് പഴശ്ശിരാജ വാങ്ങാന്‍ എച്ച്ബിഒ ചാനല്‍ രംഗത്തുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്.

മലയാള സിനിമകളുടെ നിര്‍മാണ ചെലവ് മൂന്നരക്കോടിയില്‍ ഒതുക്കണമെന്ന നിര്‍മാതക്കളുടെ സംഘടനയുടെ നിര്‍ദ്ദേശത്തെ പരാമര്‍ശിയ്ക്കുമ്പോഴാണ് പഴശ്ശിരാജയിലൂടെ മലയാള സിനിമയിലെത്തിയ പുതിയ ബിസിനസ് സാധ്യതകള്‍ അന്‍വര്‍ ചൂണ്ടിക്കാണിച്ചത്.

"പഴശ്ശിരാജ ചിത്രീകരിയ്ക്കുമ്പോള്‍ അതിന്റെ നിര്‍മാതാവിനും സംവിധായകനും മാത്രമേ ആ പ്രൊജക്ടിനെക്കുറിച്ച് വിശ്വാസമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ സിനിമ പുറത്തുവന്ന് ഹിറ്റായപ്പോള്‍ എല്ലാവരും 'പഴശ്ശിരാജ'യുടെ ആളുകളായി. ആ സിനിമയ്ക്കിപ്പോള്‍ പ്രതീക്ഷിയ്ക്കാത്ത പല ബിസിനസുകളും വന്നു ചേരുന്നുണ്ട്. എച്ച്ബിഒ ചാനലുകാര്‍ സിനിമ ഇഷ്ടപ്പെട്ട് 18 കോടിയ്ക്ക് സാറ്റലൈറ്റ് അനുമതി വാങ്ങാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നു. ഇത്രയും വലിയ തുകയ്ക്ക് എച്ച്ബിഒ സിനിമ സ്വന്തമാക്കാനുണ്ടെങ്കില്‍ മൂന്നരക്കോടിയ്ക്ക് സിനിമ ചെയ്യാവൂ എന്ന് നിബന്ധ വെയ്‌ക്കേണ്ട കാര്യമില്ല- അന്‍വര്‍ റഷീദ് പറഞ്ഞു.

അതേ സമയം സിനിമയുടെ നിര്‍മാണ ചെലവിനെ കടത്തിവെട്ടുന്ന തുകയാണ് പഴശ്ശിക്ക് എച്ച്ബിഒ ഓഫര്‍ ചെയ്തതെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഡിജിറ്റല്‍ ഓവര്‍സീസ് റൈറ്റില്‍ ഏറ്റവും വലിയ തുക ലഭിച്ച ഗജിനിയ്ക്ക് മേലെയാണ് എച്ച്ബിഒ പഴശ്ശിയ്ക്ക് വിലയിട്ടതെന്ന് ചില മൂവി വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമീര്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് സിനിമയായ ഗജിനിയ്ക്ക് 22 കോടിയാണ് ഇത്തരത്തിലുള്ള കച്ചവടത്തില്‍ ലഭിച്ചത്.

അതേ സമയം തിയറ്ററുകളിലെത്തി ഒരു മാസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം പഴശ്ശിരാജ 12.5 കോടിയിലധികം കളക്ട്് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്ന് ചിത്രം മുടക്കുമുതല്‍ സ്വന്തമാക്കുമെന്നാണ് സിനിമാ പണ്ഡിറ്റുകള്‍ പ്രവചിയ്ക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത തമിഴ് പതിപ്പിനും ആവേശകരമായ സ്വീകരണമാണ് ലഭിച്ചിരിയ്ക്കുന്നത്.

അതിനിടെ പഴശ്ശിരാജയുടെ ഹോം വീഡിയോ റൈറ്റ് വന്‍ തുകയ്ക്ക് സ്വന്തമാക്കിയതായി മോസര്‍ ബെയര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ചിത്രത്തിന്റെ ഡിവിഡി, വിസിഡി, ബ്ലൂ റേ തുടങ്ങിയ ഫോര്‍മാറ്റുകളുടെ അവകാശമാണ് മോസര്‍ ബെയര്‍ വാങ്ങിയത്.

ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ബ്ലൂ റേ അവകാശം വാങ്ങുന്നതെന്ന് മോസര്‍ ബെയര്‍ തലവന്‍ ജി ധനജ്ഞയന്‍ പറഞ്ഞു. 2010ല്‍ ചിത്രത്തിന്റെ വിവിധ വീഡിയോ ഫോര്‍മാറ്റുകള്‍ കമ്പനി വിപണിയിലെത്തിയ്ക്കും.

സിനിമയുടെ പ്രാധാന്യം കണക്കിലെടുത്ത് മലയാളത്തില്‍ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വെച്ചേറ്റവും വലിയൊരു തുകയ്ക്കാണ് പഴശ്ശിരാജയുടെ വീഡിയോ റൈറ്റ് വാങ്ങിയതെന്നും മോസര്‍ ബെയര്‍ വെളിപ്പെടുത്തി. പഴശ്ശിരാജയുടെ മലയാളത്തിലെ സാറ്റലൈറ്റ് അവകാശം വന്‍ തുകയ്ക്ക് ഏഷ്യാനെറ്റ് നേരത്തെ സ്വന്തമാക്കിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam