»   » അമ്മക്കാര്‍ക്ക് കമലിന്റെ മറുപടി

അമ്മക്കാര്‍ക്ക് കമലിന്റെ മറുപടി

Posted By:
Subscribe to Filmibeat Malayalam
Kerala honours Kamal Hassan on Onam
തന്നെ ആദരിയ്ക്കുന്നതിന് മടി കാണിച്ചവരും ഒരു തമിഴിനെയെന്തിന് ആദരിയ്ക്കണമെന്ന ചോദിച്ചവരും മലയാള സിനിമയെക്കുറിച്ച് മൂന്ന് പതിറ്റാണ്ടില്‍ താഴെ അറിവുള്ളവര്‍ മാത്രമാണെന്ന് കമല്‍ഹാസന്‍. കമല്‍ഹാസനെന്ന നടന്‍ ജനിച്ചുവളര്‍ന്നത് മലയാള സിനിമയിലാണെന്നും ഉലകനായകന്‍ പറഞ്ഞു.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ കേരള സര്‍ക്കാറിന്റെ ആദരം ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തവെയാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ച ചലച്ചിത്ര സംഘടനയായ അമ്മ അംഗങ്ങള്‍ക്ക് കമല്‍ മറുപടി നല്‍കിയത്.

അഞ്ച് വയസ്സുള്ളപ്പോള്‍ മലയാള സിനിമയിലെത്തിയവനാണ് താന്‍. ഒരമ്മയുടേയും അച്ഛന്റെയും സ്‌നേഹം തന്നാണ് മലയാളികള്‍ വളര്‍ത്തിയത്. തിരുവനന്തപുരത്തെ തെരുവിലൂടെ ഒരു സാധാരണ കലാകാരനായി ചുറ്റിത്തിരിഞ്ഞ് നടന്ന ഒരു ഭൂതകാലം എനിക്കുണ്ട്. അന്നൊക്കെ ഒരു കൈയടി കേള്‍ക്കാന്‍ ഞാന്‍ ഒരുപാട് കൊതിച്ചിട്ടുണ്ട്. ഇന്ന് ഒരു സംസ്ഥാനം മുഴുവന്‍ കൈയടിക്കുന്നതില്‍ ഞാന്‍ അതീവ സന്തോഷവാനും നന്ദിയുള്ളവനുമാണ്.

കെഎസ് സേതുമാധവന്റെ കണ്ണും കരളും എന്ന സിനിമയിലൂടെയാണ് ഞാന്‍ അഭിനയം പഠിച്ചത്. ഞാന്‍ മലയാള സിനിമയുടെ സൃഷ്ടിയാണ്. പിന്നീട് കെ ബാലചന്ദര്‍ സര്‍ എന്നെ ദത്തെടുക്കുകയായിരുന്നു. അഭിനയജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും എന്റെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുറ്റബോധത്തോടെ മനസ്സിലാക്കുന്നവനാണ് താന്‍.

രാഷ്ട്രീയക്കാരുടെ വലം കൈകളാവുന്ന കലാകാരന്മാരാണ് ഇന്ന് തമിഴില്‍ അധികവും. എന്നാല്‍ സാധാരണ ജനങ്ങളുടെ കലാകാരനാകാനാണ് എനിക്കാഗ്രഹം. എന്റെ കഴിവുകള്‍ക്ക് എന്നും താങ്ങുംതണലുമായി നിന്ന മലയാള സിനിമയെ നന്ദിയോടെയും ഗൃഹാതുരത്വത്തോടെയും മാത്രമേ ഓര്‍ക്കാനാവൂ.

ചില തമിഴ് ചാനലുകള്‍ പരിപാടി കവര്‍ ചെയ്യാനായി ഇവിടെയെത്തിയിട്ടുണ്ടെന്നറിയാം. എങ്കിലും ഞാനിതു കൂടി പറയുന്നു. ഞാന്‍ കേരള ഭക്ഷണമാണ് കഴിയ്ക്കുന്നത്. പാണ്ടിയെന്നും തമിഴനെന്നും എന്നെ വിളിച്ചുകൊള്ളൂ, പക്ഷേ ഞാന്‍ കേരളത്തെ സ്‌നേഹിയ്ക്കുന്നു. കമല്‍ പറഞ്ഞു.

മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും മലയാളി താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു.
ഓണം വാരാഘോഷ ചടങ്ങില്‍ നിന്നും വിട്ടു നിന്ന താരങ്ങള്‍ യഥാര്‍ത്ഥ കലയേക്കാള്‍ പരസ്യകലയെയാണ് പ്രാമുഖ്യം നല്‍കുന്നത്. സിനിമാകൊട്ടകകള്‍ക്ക് പകരം ബിവറേജിന്റെ മുന്നിലാണ് ജനം ക്യൂ നില്‍ക്കുന്നത്. സിനിമാ താരങ്ങളാവട്ടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാവുന്നു. പരസ്യകലയ്ക്കാണ് അവര്‍ പ്രധാന്യം നല്‍കുന്നത്.

സര്‍ഗാത്മകതയും കലാനൈപുണ്യവും കൊണ്ട് ഇന്ത്യന്‍ സിനിമയെ ലോകശ്രദ്ധയിലേക്കെത്തിച്ച മഹാനടനാണ് കമലഹാസനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക മലയാളികളുടെ പേരില്‍ അദ്ദേഹത്തെ ആദരിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്നും വിഎസ് പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam