»   » അഴീക്കോടിന് ചുട്ടമറുപടിയുമായി മോഹന്‍ലാല്‍

അഴീക്കോടിന് ചുട്ടമറുപടിയുമായി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മലയാള സിനിമയില്‍ നടന്‍ തിലകന്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഈ വിവാദത്തിന്റെ ചുവട് പിടിച്ച് സൂപ്പര്‍ താരം മോഹന്‍ലാലും സാംസ്‌ക്കാരിക നായകന്‍ സുകുമാര്‍ അഴീക്കോടും തമ്മിലുള്ള വാക് പോര് രൂക്ഷമാവുകയാണ്.

തിലകന്‍ വിഷയം പരാമര്‍ശിയ്ക്കുന്നതിനിടെ അഴീക്കോട് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയത്തിലൂടെ നേടിയ മൂല്യം സ്വര്‍ണക്കടയുടെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് ധനമോഹം കൊണ്ടാണെന്നും അദ്ദേഹം ഈ പ്രായത്തിലും പ്രണയരംഗങ്ങളില്‍ അഭിനയിയ്ക്കുന്നത് അശ്ലീലമാണെന്നും അഴീക്കോട് ചാനല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ മോഹന്‍ലാല്‍ കഴിഞ്ഞദിവസം ദുബായില്‍ നിന്ന് വിളിച്ചിരുന്നെന്നും തിലകന്‍ പ്രശനം ചര്‍ച്ച ചെയ്യാന്‍ താനും മമ്മൂട്ടിയും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞെന്നും അവകാശപ്പെട്ട് അഴീക്കോട് ചൊവ്വാഴ്ച വീണ്ടും രംഗത്തെത്തി.

സ്വതവേ ഇത്തരം വിവാദങ്ങളില്‍ അധികം ഇടപെടാത്ത ലാല്‍ അഴീക്കോടിന്റെ പ്രസ്താവനയോട് രൂക്ഷമായാണ് പ്രതികരിച്ചത്. തിലകനുമായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിയ്ക്കാമെന്ന് താന്‍ അഴീക്കോടിനോട് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ ടെലിഫോണില്‍ ഒരു ടിവി ചാനലിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം അഴീക്കോടിനെ വിളിച്ചിരുന്നുവെന്നത് സത്യമാണ്. നിങ്ങളെന്തിനാണ് എന്റെ മേല്‍ കുതിര കയറുന്നത് എന്നാണ് ഞാന്‍ അദ്ദേഹത്തോട് ് ചോദിച്ചത്. സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള താന്‍ എങ്ങനെയാണ് ദുബായില്‍ നിന്ന് വിളിയ്ക്കുന്നതെന്നും ലാല്‍ ചോദിച്ചു.

അഴീക്കോടിന് എന്തോ മതിഭ്രമം ബാധിച്ചിരിയ്ക്കുകയാണ്. ശുദ്ധ അസംബന്ധമാണ് അദ്ദേഹം വിളിച്ചുപറയുന്നത്. തിലകന്‍ പ്രശ്‌നത്തില്‍ ചിലരുടെ ആവേശം അസുഖമായി മാറിയിരിക്കുകയാണ്. ഇത് തനിയ്ക്ക് മാത്രമായി പരിഹരിയ്ക്കാനാവില്ല. അമ്മ എന്ന സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ്. തന്റെയും അഴീക്കോടിന്റേയും വ്യത്യസ്ത മേഖലകളാണ്. അദ്ദേഹം എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് മനസ്സിലാവുന്നില്ല.

ഞാന്‍ സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലഭിനയിച്ചാല്‍ അയാള്‍ക്കെന്താണെന്നും ലാല്‍ വെട്ടിത്തുറന്ന്് ചോദിച്ചു.
അമിതാഭ് ബച്ചന്‍ അടക്കമുള്ള ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നടന്‍മാരും പരസ്യത്തില്‍ അഭിനയിക്കാറുണ്ടല്ലോ- ലാല്‍ രോഷാകുലനായി. അഴീക്കോട് പറഞ്ഞതെല്ലാം പ്രായമായ അമ്മാവന്‍ പറഞ്ഞ ഫലിതമായേ എടുക്കുന്നുള്ളൂവെന്നും മോഹന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നത്തില്‍ ഇനി താന്‍ മധ്യസ്ഥതയ്ക്കില്ലെന്നും ഇത്തരക്കാരുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുന്നില്ലെന്നുമാണ് ഒടുവില്‍ മോഹന്‍ലാലിന്റെ പരാമര്‍ശങ്ങളോട് അഴീക്കോട് പ്രതികരിച്ചത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam