»   » ജെസി ഡാനിയലായി പൃഥ്വിരാജ്

ജെസി ഡാനിയലായി പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithviraj
മലയാള സിനിമയുടെ പിതാവിന്റെ വേഷത്തിലേക്ക് പൃഥ്വിരാജ്. മലയാളസിനിമയിലെ ആദ്യനായികയും ആ സിനിമയുടെ നിര്‍മാതാവും ചരിത്രത്തിലും ജീവിതത്തിലും ഒരുപോലെ തിരസ്‌കരിക്കപ്പെട്ടതെങ്ങനെയെന്ന അന്വേഷണവുമായി ഒരുങ്ങുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകവേഷമണിയുന്നത്.

സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 1928ലാണ് മലയാളത്തിലെ ആദ്യസിനിമയായ വിഗതകുമാരന്‍ ചിത്രീകരിക്കപ്പെടുന്നത് .അതിന്റെ രചനയും നിര്‍മ്മാണവും മാത്രമല്ല,നായയകവേഷം ചെയ്തതും ജെ സി ഡാനിയലായിരുന്നു.

മലയാളസിനിമയുടെ പിതാവെന്ന് പിന്നീടറിയപ്പെട്ട അദ്ദേഹം തന്റെ സിനിമയില്‍ നായികയായി കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശിനി പികെ റോസിയെയാണ്. ഏറെ കഷ്ടപ്പാടുകളും വെല്ലുവിളികളും നേരിട്ട് ഡാനിയേല്‍ പൂര്‍ത്തിയാക്കിയ വിഗതകുമാരനെ കാത്തിരുന്നത് രൂക്ഷമായി എതിര്‍പ്പുകളായിരുന്നു.

ചിത്രത്തെ ഉള്‍ക്കൊള്ളാനോ താഴ്ന്ന ജാതിയില്‍പ്പെട്ട റോസിയോടു പൊറുക്കാനോ നാട്ടിലെ സവര്‍ണവിഭാഗക്കാര്‍ തയാറായില്ല. ചിത്രം പ്രദര്‍ശിപ്പിച്ച തീയറ്ററിന്റെ സ്‌ക്രീന്‍ കല്ലെറിഞ്ഞുതകര്‍ത്തും റോസിയുടെ കുടില്‍ കത്തിച്ചും അവര്‍ പ്രതികരിച്ചു.

എതിര്‍പ്പുകളെ നേരിടാന്‍ കഴിയാതെ ഡാനിയലിന് സ്വന്തം നാടായ പാളയംകോട്ടയിലേക്ക് രക്ഷപ്പെടേണ്ടി വന്നു. തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടേണ്ടി വന്ന റോസിയുടെ കഥയും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

ചിത്രനിര്‍മ്മാണത്തെത്തുടര്‍ന്ന് വന്‍ കടബാധ്യതയില്‍പ്പെട്ട ഡാനിയലിന് പട്ടത്ത് അദ്ദേഹം സ്ഥാപിച്ച ട്രവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സെന്ന മലയാളത്തിലെ ആദ്യസ്റ്റുഡിയോ വില്‍ക്കേണ്ടതായി വന്നു. സിനിമാസ്വപ്‌നങ്ങളുമായി കലാജീവിതം തുടങ്ങിയ ഡാനിയലിനെ ജീവിതാന്ത്യം വരെ അവഗണനയും ദാരിദ്ര്യവും വിടാതെ പിന്തുടര്‍ന്നു. ചലച്ചിത്രകലയ്ക്ക് ജീവിതം ഹോമിച്ച മലയാളസിനിമയുടെ പിതാവിനെയും ആദ്യനായികയെയും സിനിമാചരിത്രത്തില്‍ രേഖപ്പെടുത്താനാണ് സംവിധായകന്‍ കമല്‍ ഉദ്യമിക്കുന്നത്.

റോസിയുടെ ജീവിതം ഇതിവൃത്തമാക്കി മാധ്യമപ്രവര്‍ത്തകന്‍ വിനു എബ്രഹാം എഴുതിയ നോവലും ചേലങ്ങാട് ഗോപാലകൃഷ്ണന്‍ തയ്യാറാക്കിയ ജെ സി ഡാനിയലിന്റെ ജീവചരിത്രവും പ്രധാന അവലംബങ്ങളാക്കിയാണ് തിരക്കഥാരചന നടത്തിയിട്ടുള്ളത്. ഒപ്പം മലയാളസിനിമയുടെ തുടക്കം മുതല്‍ വര്‍ത്തമാനകാലസാഹചര്യങ്ങള്‍ വരെയുള്ള നാള്‍വഴിപ്പട്ടികയുടെ വിലയിരുത്തല്‍ കൂടിയാണ് ഈ ചിത്രം.വിഗതകുമാരന്റെ പ്രിന്റ് ലഭ്യമല്ലാത്തതിന്റെയും അതു നശിക്കാനിടയായതിന്‍െയും സാഹചര്യമെന്താണെന്ന് ഈ സിനിമ പറയുന്നുണ്ട്.

പ്രൈ ടൈം സിനിമയുടെ ബാനറില്‍ കമലും ഉബൈദും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

English summary
Prithviraj would play J C Daniel, the legendary film maker who had scripted, produced and acted in the first Malayalam film ever, ‘Vigathakumaran’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam