»   » സൂപ്പര്‍ താരങ്ങളെല്ലാം മുന്‍ സൂപ്പര്‍ താരങ്ങളാകും

സൂപ്പര്‍ താരങ്ങളെല്ലാം മുന്‍ സൂപ്പര്‍ താരങ്ങളാകും

Posted By:
Subscribe to Filmibeat Malayalam
Vinayan
ഒരു സംഘടനയിലും അംഗമാവാതെ തന്നെ മലയാള സിനിമ ചെയ്യാമെന്ന് കാട്ടിക്കൊടുക്കുകയാണ് 'യക്ഷിയും ഞാനു'മെന്ന തന്റെ പുതിയ ചിത്രമെന്ന് സംവിധായകന്‍ വിനയന്‍. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മലയാളസിനിമയിലെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും സൂപ്പര്‍ താരങ്ങളെല്ലാം മുന്‍ സൂപ്പര്‍ താരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടേണ്ടി വരുമെന്നും വിനയന്‍ പറഞ്ഞു.

സൂപ്പര്‍ താരപദവി ഇനിയുള്ള കാലം ഉണ്ടാവില്ലെന്നും അവര്‍ക്കൊക്കെ എത്ര കാള്‍ഷീറ്റുകള്‍ ബാക്കിയുണ്ടെങ്കിലും അവയ്‌ക്കൊന്നും പ്രസക്തിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'യക്ഷിയും ഞാനും' സിനിമയുടെ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍. 'യക്ഷിയും ഞാനും' ലോകോത്തര സിനിമയാണെന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും ഒരു സംഘടനയുടെയും അനുമതിയില്ലാതെ സിനിമയെടുക്കാമെന്ന് തെളിയിച്ചിരിക്കയാണ്.

ഒരു കലാകാരനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാമെന്ന അഹങ്കാരമാണ് ഇല്ലാതാക്കിയത്. സെന്‍സര്‍ചെയ്യുന്ന ഏതു സിനിമയും പ്രദര്‍ശിപ്പിക്കാമെന്ന തിയറ്ററുടമകളുടെ തീരുമാനവും വിപ്‌ളവകരമായി. ചിത്രത്തിന്റെ എല്ലാ മേഖലയിലും പുതുമുഖങ്ങളാണ് പ്രവര്‍ത്തിച്ചത്. തിലകനും സ്ഫടികം ജോര്‍ജും മാള അരവിന്ദനുമടങ്ങുന്ന ചുരുക്കം സീനിയര്‍ താരങ്ങളേ ഉണ്ടായിരുന്നുള്ളൂ.

താരനിര്‍ണയവും ഷൂട്ടിങും മുതല്‍ റിലിസിങ് വരെയുള്ള ഘട്ടങ്ങളില്‍ മലയാളത്തിലെ താരരാജാക്കന്മാര്‍ യക്ഷിയ്‌ക്കെതിരെ നിരന്തരം നീക്കങ്ങള്‍ നടത്തിയിരുന്നു. ചിത്രീകരണം തടസ്സപ്പെടുത്താന്‍ നിരന്തരം ശ്രമം നടന്നു. ചിത്രത്തില്‍ സഹകരിക്കാമെന്നേറ്റിരുന്ന പലരും സൂപ്പര്‍താരങ്ങളുടെ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് പിന്മാറി. ജഗതിയും ഇന്ദ്രന്‍സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അഡ്വാന്‍സ് കൈപ്പറ്റിയതിന് ശേഷം പിന്‍വാങ്ങി. എനിയ്ക്ക് പിന്തുണയുണ്ടെങ്കിലും ഒറ്റപ്പെടുമെന്നോര്‍ത്താണ് പിന്‍മാറുന്നതെന്ന് അവര്‍ പറഞ്ഞു.

ഓരോ ദിവസവും സീനുകള്‍ തിരുത്തിയെഴുതേണ്ടിവന്നു. അസ്വസ്ഥമായ ദിവസങ്ങളായിരുന്നു അത്. ഇത്രയും പ്രയാസങ്ങള്‍ സഹിച്ച് സിനിമയെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇപ്പോള്‍ തനിക്ക് ആരോടും പരിഭവമില്ല. പരസ്പര വൈരാഗ്യം തീര്‍ക്കലാണ് മലയാളസിനിമയില്‍ നടക്കുന്നത്.

പുതിയ ആളുകളെയും പുതിയ സാങ്കേതികവിദ്യയെയും കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. സംഘടനാപരമായ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ സിനിമചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാട് ജനാധിപത്യകേരളത്തിന് ചേരുന്നതല്ല. കമലഹാസന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആദരിയ്ക്കല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന അമ്മയുടെ തീരുമാനം നൂറ്റാണ്ടിലെ ഏറ്റവും വലി വിഡ്ഡിത്തമാണെന്നും വിനയന്‍ പരിഹസിച്ചു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam