»   » എ വെനസ്‌ഡേ തമിഴിലേക്ക്‌:‌ കമല്‍-മമ്മൂട്ടി പ്രധാന വേഷങ്ങളില്‍

എ വെനസ്‌ഡേ തമിഴിലേക്ക്‌:‌ കമല്‍-മമ്മൂട്ടി പ്രധാന വേഷങ്ങളില്‍

Subscribe to Filmibeat Malayalam

ബോളിവുഡിലെ ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായ എ വെനസ്‌ഡേ കമല്‍ഹാസന്‍ തമിഴിലേക്ക്‌ റീമേയ്‌ക്ക്‌ ചെയ്യാനൊരുങ്ങുന്നു. ചിത്രം കണ്ട്‌ ഏറെ താത്‌പര്യം തോന്നിയ കമല്‍ വെനസ്‌ഡേയുടെ തമിഴ്‌ റീമേയ്‌ക്ക്‌ അവകാശം സ്വന്തമാക്കാന്‍ നീക്കം നടത്തുന്നുണ്ടെന്നാണ്‌ സൂചനകള്‍. വെനസ്‌ഡേയുടെ തമിഴ്‌പതിപ്പില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിയെ അഭിനയിപ്പിക്കാനും കമല്‍ ശ്രമിയ്‌ക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

ഹിന്ദിയില്‍ നസറുദ്ദീന്‍ ഷായും അനുപം ഖേറും തകര്‍ത്തഭിനയിച്ച എ വെനസ്‌ഡേ വാണിജ്യ വിജയം നേടിയതിനൊപ്പം ഏറെ നിരൂപകപ്രശംസയും നേടിയിരുന്നു. തീവ്രവാദത്തിനെതിരെ സാധാരണ ജനങ്ങളുടെ പ്രതികരണം എന്ന്‌ വിശേഷണവുമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം സാങ്കേതിക മികവിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.

ഒരു ബുധനാഴ്‌ച ദിവസം കോമണ്‍ മാന്‍ എന്ന കഥാപാത്രമായി നസറുദ്ദീന്‍ ഷാ മുംബൈ നഗരത്തില്‍ ബോംബ്‌ ഭീഷണികള്‍ സൃഷ്ടിയ്‌ക്കുന്നതും തുടര്‍ന്ന്‌ സംഭവം അന്വേഷിയ്‌ക്കുന്നതിനായി ഒരു പോലീസ്‌ ഓഫീസര്‍ അനുപം ഖേര്‍ രംഗത്തെത്തുന്നതുമാണ്‌ എ വെനസ്‌ഡേയുടെ പ്രമേയം. ചിത്രത്തിന്റെ അപ്രതീക്ഷിത ക്ലൈമാക്‌സ്‌ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.

കമല്‍ഹാസന്‍-മോഹന്‍ലാല്‍ ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ കമല്‍-മമ്മൂട്ടി ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നിരിയ്‌ക്കുന്നത്‌. നസറുദ്ദീന്‍ ഷായുടെ വേഷം കമലും അനുപം ഖേറിന്റെ റോള്‍ മമ്മൂട്ടിയും അവതരിപ്പിയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാലിത്‌ സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam