»   » മമ്മൂട്ടിയുടെ മനസ്സ് യൂത്തിനൊപ്പം

മമ്മൂട്ടിയുടെ മനസ്സ് യൂത്തിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Mammootty
ഇന്നത്തെ സിനിമാലോകത്തിന് ആവശ്യം യുവസംവിധായകരുടെ കാഴ്ചപ്പാടുകളും കഴിവുകളുമാണെന്ന് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. അതുകൊണ്ടുതന്നെ ഇത്തരമൊരു സമീപനം കൈക്കൊള്ളുകയാണെന്ന് താനെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ ആദ്യ കന്നഡ ചിത്രമായ ശിക്കാരിയിലെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഒരുമിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി

കന്നടസൂപ്പര്‍താരങ്ങളായിരുന്ന രാജ്കുമാര്‍, വിഷ്ണുവര്‍ധന്‍ എന്നിവരുടെ ചലച്ചിത്രങ്ങളിലൂടെ കന്നട ചിത്രങ്ങളെ അടുത്തറിയാന്‍ സാധിച്ചിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. അടുത്തകാലത്തായി മമ്മൂട്ടി ഒട്ടേറെ യുവസംവിധായകരുടെ ചിത്രത്തില്‍ നായകനായിട്ടുണ്ട്. കന്നഡത്തിലും മമ്മൂട്ടിയുടെ അരങ്ങേറ്റം പുതുതലമുറ സംവിധായകനൊപ്പമാണ്.

'ഗുബച്ചികളു' എന്ന ചിത്രത്തിലൂടെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ യുവസംവിധായകന്‍ അഭയ സിംഹ അണിയിച്ചൊരുക്കുന്ന 'ശിക്കാരിയിലെ നായകവേഷമാണ് മമ്മൂട്ടിയ്ക്ക്.

സിംഹ പറഞ്ഞ് കഥകേട്ടപ്പോള്‍ത്തന്നെ മമ്മൂട്ടി അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. അഭിജിത്ത് എന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനീയറുടെ റോളിലെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് അദ്ദേഹം വായിക്കുന്ന നോവലിലെ കഥാപാത്രത്തോട് തോന്നുന്ന പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കഴിഞ്ഞ രണ്ടു ദിവസം ബാംഗ്ലൂരില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നടന്നു. തിങ്കളാഴ്ച റോഡ് രംഗങ്ങളും തുടര്‍ന്ന് 10 ദിവസം ഉത്തരഹള്ളിയിലെ അഭയ നായിഡു സ്റ്റുഡിയോയിലും ഷൂട്ടിങ് നടക്കും. ഒരേസമയം കന്നടത്തിലും മലയാളത്തിലും നിര്‍മിക്കുന്ന ചിത്രത്തിലെ നായികയെ ഇതേവരെ തീരുമാനിച്ചിട്ടില്ല.

മലയാളത്തില്‍ 'ശിക്കാര്‍' എന്ന പേരില്‍ മറ്റൊരു ചിത്രമുള്ളതിനാല്‍ മലയാളം റീമേക്കിന് മറ്റൊരു പേര് ഉടന്‍ തീരുമാനിക്കുമെന്ന് സിംഹ പറഞ്ഞു. മമ്മൂട്ടി തന്നെയാണ് കന്നടത്തിലും ഡബ് ചെയ്യുന്നത്. രണ്ട് ഷെഡ്യുളുകളായി ചിത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam