»   » മലയാളത്തിന്റെ സൗമ്യനായ വില്ലന്‍

മലയാളത്തിന്റെ സൗമ്യനായ വില്ലന്‍

By Ravi Nath
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Jose Prakash
  ജീവിതസായാഹ്നത്തില്‍ ആശുപത്രികിടക്കയില്‍ മരുന്നുകളുടെ മടുപ്പിക്കുന്ന ഗന്ധത്തിനിടയിലേക്കാണ് ജോസ്പ്രകാശിനെത്തേടി ജെ.സി ദാനിയേല്‍ പുരസ്‌ക്കാരം എത്തിയത്. ആ സന്തോഷത്തിന്റെ നിറവില്‍ മലയാളത്തിന്റെ സൗമ്യനായ വില്ലന്‍ കഥാവശേഷനുമായി.

  ആറുപതിറ്റാണ്ട് മലയാളസിനിമയുടെ ഭാഗമായ് നിന്ന ജോസ്പ്രകാശിനിത് സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായിരുന്നു. നന്ദിസൂചകമായി രണ്ടുവാക്ക് പറയാനാവാത്തവിധം ക്ഷീണിതനായ കലാകാരന്‍ കണ്ണുനീരുകൊണ്ടും പുഞ്ചിരികൊണ്ടും അത് രേഖപ്പെടുത്തുകയായിരുന്നു.

  ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം ആ പുഞ്ചിരിയും വിട്ടുപിരിഞ്ഞു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായ ട്രാഫിക്കിലാണ് ഏറ്റവും ഒടുവില്‍ ജോസ് പ്രകാശിനെ പ്രേക്ഷകര്‍ കാണുന്നത്. ആ സിനിമയുടെ ടേണിംഗ് പോയിന്റ്െ നിര്‍ണ്ണയിക്കുന്ന കഥാപാത്രമായി.

  പട്ടാള ജീവിതത്തില്‍ നിന്നും വിടുതല്‍ വാങ്ങി നാടകരംഗത്ത് അവതരിച്ച ജോസ്പ്രകാശ് ശരിയോ തെറ്റോ എന്ന ചിത്രത്തിലൂടെയാണ് ക്യാമറയ്ക്കു മുമ്പിലെത്തുന്നത്. ഹരിശ്ചന്ദ്ര, ഓളവും തീരവും, പുതിയവെളിച്ചം, ശക്തി, തൃഷ്ണ, കൂടെവിടെ, രാജാവിന്റെ മകന്‍, ദേവാസുരം, പത്രം, എന്റെ വീട് അപ്പൂന്റേയും, ട്രാഫിക്ക് തുടങ്ങി മുന്നൂറ്റിഎണ്‍പതോളം ചിത്രങ്ങളില്‍ വേഷമിട്ടു.

  ആദ്യകാലസിനിമകളില്‍ പാട്ടുകള്‍ പാടിയിരുന്നു ജോസ്പ്രകാശ്. കണ്ണുനീര്‍ നീ ചൊരിയാതെ...(ശരിയോ തെറ്റോ), ചിന്തയില്‍ നീറുന്ന... (വിശപ്പിന്റെ വിളി), നീലിപ്പെണ്ണേ....(മനഃസാക്ഷി), ഓം നമശ്ശിവായ..തുടങ്ങിയ നിരവധി പിന്നണി ഗാനങ്ങള്‍ പാടിയ ജോസ്പ്രകാശ് പ്രേക്ഷകമനസ്സില്‍ ഒരു വില്ലന്‍ സാന്നിദ്ധ്യമായിരുന്നു എന്നും.

  പക്വതയാര്‍ന്ന ക്യാരക്ടര്‍ റോളുകളായിരുന്നു കഴിഞ്ഞകുറെ വര്‍ഷങ്ങളായി ജോസ്പ്രകാശ് അവതരിപ്പിച്ചുപോന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡബ്ബിംഗ് തിയറ്ററില്‍ കാല്‍തെറ്റിവീണ ജോസ്പ്രകാശിന്റെ കടുത്ത പ്രമേഹസാന്നിദ്ധ്യം ഒരുകാല്‍മുറിച്ചുമാറ്റേണ്ട സ്ഥിതിയിലാക്കി. എന്നിട്ടും തന്നിലെ കലാകാരനെ വിശ്രമിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.

  വര്‍ഷങ്ങള്‍ക്കുമുമ്പുവരെ എം. ജി. റോഡിലെ ടെക്‌സ്‌റൈല്‍സ് ഷോപ്പിന്റെ ക്യാഷ് കൌണ്ടറില്‍ മലയാളത്തിന്റെ പ്രസസ്ത വില്ലന്‍ ചിരിച്ചുകൊണ്ട് കുശലം പറഞ്ഞ് ഇരുന്നിരുന്നു. അസുഖം തളര്‍ത്തിയ ശരീരത്തില്‍ തളരാത്തമനസ്സുമായാണ് ജോസ്പ്രകാശ് ജീവിച്ചത്. മിഖായേലിന്റെ സന്തതികള്‍ എന്ന ജൂഡ് അട്ടിപ്പേറ്റിയുടെ സീരിയലിലെ അഭിനയത്തിനാണ് ഈ കലാകാരന് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചത്.

  പ്രേംനസീര്‍, സത്യന്‍, ജയന്‍ എന്നീനായകരുടെ പ്രതിനായകനായ് നിറഞ്ഞുനിന്ന മൂര്‍ച്ചയേറുന്ന നോട്ടവും മൂളലും ഗൌണും ചുരുട്ടുമൊക്കെയായ് പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ജോസ്പ്രകാശ് പത്രത്തിലെ പരമസാത്വിനായ കഥാപാത്രമായി മാറുമ്പോള്‍ അഭിനയകലയിലെ വലിയമനുഷ്യനെ നമിക്കാതെ വയ്യ.

  അംഗീകാരം ഈ കലാകാരനെ തേടിച്ചെല്ലാന്‍ ഏറെ വൈകി, വൈകിയവേളയിലെങ്കിലും ചലച്ചിത്ര അവാര്‍ഡുകളിലെ ഉന്നതമായ ജെ. സി. ദാനിയേല്‍ പുരസ്‌ക്കാരം അദ്ദേഹത്തിനു ലഭിച്ചപ്പോള്‍ കുടുംബാംഗങ്ങളും പ്രേക്ഷകരും സന്തോഷിച്ചു, എന്നാല്‍ ആ സന്തോഷത്തിന് ആയുസ്സുണ്ടായില്ല എന്ന സങ്കടമാണിപ്പോള്‍ നമ്മെ വേട്ടയാടുന്നത്.

  പ്രേക്ഷകഹൃദയത്തില്‍ ജോസ് പ്രകാശ് അനശ്വരനായ് തുടരും അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കുമപ്പുറം അഭിനയം കൊണ്ടുതീര്‍ത്ത കഥാപാത്രങ്ങളിലൂടെ.

  English summary
  The death came a day after the State government selected him for the coveted J. C. Daniel award for his valuable contributions to the film industry and theatre

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more