»   » സ്റ്റാര്‍ ആരാധകനെ കണ്ടെത്തിയ ലീഡര്‍

സ്റ്റാര്‍ ആരാധകനെ കണ്ടെത്തിയ ലീഡര്‍

Posted By:
Subscribe to Filmibeat Malayalam
Salim Kumar
പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ നടന്‍ സലീം കുമാറും. കരുണാകരന്റെ മരണവാര്‍ത്തയറിഞ്ഞ് പോണ്ടിച്ചേരിയിലെ ഷൂട്ടിങ് റദ്ദാക്കിയാണ് മലയാളത്തിന്റെ ചിരിയുടെ തമ്പുരാന്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.

കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ നമ്മുടെ നേതാവ് ഇതാണെന്ന് കരുണാകരനെ ചൂണ്ടി അച്ഛന്‍ പറഞ്ഞുകൊടുത്തപ്പോള്‍ മുതലാണ് സലീമിന്റെ മനസ്സില്‍ ലീഡര്‍ കയറക്കൂടിയത്. സിനിമയിലെത്തി പ്രശസ്തനായ ശേഷം കരുണാകരനെ നേരില്‍ കാണാനും പരിചയപ്പെടാനും കഴിഞ്ഞില്ല. എന്നാല്‍ ഒപ്പമുള്ളവരെ തിരിച്ചറിയുന്ന ആശ്രിതവത്സലനായ ലീഡര്‍ ലേശം വൈകിയാണെങ്കിലും തന്റെ സ്റ്റാര്‍ ആരാധകനെ കണ്ടെത്തി.

സലീമിന്റെ പിതാവ് ഉറച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കരുണാകരന്റെ യോഗങ്ങളിലെല്ലാം അദ്ദേഹവുമുണ്ടാകും. കൂടെ കൊച്ചു സലീമിനെയും ആ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂട്ടുമായിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്നെ ലീഡറെ കണ്ടുവളര്‍ന്ന സലീമിന് പതുക്കെ ആ നേതാവ് ആവേശമായി മാറുകയായിരുന്നു. പിന്‍കാലത്ത് മിമിക്രി വേദിയില്‍ ലീഡറെ അതേ ഗാംഭീര്യത്തോടെ അവതരിപ്പിയ്ക്കാന്‍ സലീമിനെ സഹായിച്ചത് ഓര്‍മ്മയിലുള്ള കരുണാകരന്റെ പ്രസംഗങ്ങളായിരുന്നു. പക്ഷേ മിമിക്രിക്കാര്‍ കരുണാകരനെ മോശമായി അവതരിപ്പിച്ചിപ്പോള്‍ അവരെ എതിര്‍ക്കാനും നടന്‍ തയാറായി.

സിനിമയിലെത്തി പ്രശസ്തനായ ശേഷം സലീം കുമാറിന് ലീഡറെ നേരില്‍കാണാനും പരിചയപ്പെടാനും സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ വാഹനാപകടത്തില്‍പ്പെട്ട് കരുണാകരന്‍ ആശുപത്രിയില്‍ കഴിയുന്ന കാലത്ത് സലീമിന് വന്നൊരു ഫോണ്‍ പ്രിയ നേതാവിന്റെയായിരുന്നു. തനിയ്ക്കിങ്ങനെയൊരു ആരാധകനുള്ള കാര്യം മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് കരുണാകരന്‍ സംഭാഷണം ആരംഭിച്ചത്. പിന്നീട് ഇരുവരും ഫോണിലൂടെ ബന്ധം തുടര്‍ന്നു പോന്നു.

പോണ്ടിച്ചേരിയിലെ ലൊക്കേഷനില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയ സലീം കുമാര്‍ വെള്ളിയാഴ്ച രാത്രിയോടെ പറവൂരിലുള്ള വീട്ടിലെത്തും. ശനിയാഴ്ച രാവിലെ തൃശൂരിലെത്തി ലീഡറെ അവസാനമായി കാണാനും അന്ത്യാഞ്്ജലി അര്‍പ്പിയ്ക്കുമാനാണ് സലീം തീരുമാനിച്ചിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam