»   » പഴശ്ശിരാജ 4 ഭാഷകളില്‍; 200 കേന്ദ്രങ്ങളില്‍

പഴശ്ശിരാജ 4 ഭാഷകളില്‍; 200 കേന്ദ്രങ്ങളില്‍

Posted By:
Subscribe to Filmibeat Malayalam

രണ്ട്‌ വര്‍ഷത്തെ സുദീര്‍ഘമായ കാത്തിരിപ്പിന്‌ ശേഷം ആ വീരപുരുഷന്‍ വെള്ളിത്തിരയില്‍ പുനര്‍ജ്ജനിയ്‌ക്കുമ്പോള്‍ മാറ്റിയെഴുതപ്പെടുന്നത് മലയാള സിനിമയുടെ ചരിത്രം.

ചലച്ചിത്ര ലോകത്തെ ഒരു കൂട്ടം പ്രഗല്‌ഭരുടെ കൂട്ടായ്‌മയില്‍ ഒരുങ്ങുന്ന പഴശ്ശിരാജ സ്വാതന്ത്രദിനമായ ആഗസ്റ്റ്‌ 15നാണ്‌ തിയറ്ററുകളിലെത്തുക.

എംടിയുടെ കരുത്തുറ്റ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കുന്ന പഴശ്ശിരാജയുടെ ചിത്രീകരണം ആരംഭിച്ചത്‌ 2007 ഏപ്രില്‍ മാസത്തിലായിരുന്നു. ചുരുക്കം ഷെഡ്യൂളുകളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട്‌ ആരംഭിച്ച പഴശ്ശിരാജയുടെ ഷൂട്ടിംഗ്‌ രണ്ട്‌ വര്‍ഷത്തോളം നീളാനുള്ള പ്രധാന കാരണം കാലാവസ്ഥ തന്നെയായിരുന്നു. മമ്മൂട്ടി, ശരത്‌ കുമാര്‍, പത്മപ്രിയ, കനിഹ ഇവര്‍ക്ക്‌ പുറമെ ചിത്രത്തിലെ ബ്രീട്ടിഷ്‌ താരങ്ങളുടേയും ഡേറ്റുകള്‍ ഒരുമിച്ച്‌ ലഭിയ്‌ക്കാഞ്ഞതും ഷൂട്ടിംഗിന്‌ തടസ്സമായി.

എന്തായാലും പ്രതിബന്ധങ്ങള്‍ അതിജീവിച്ച്‌ തിയറ്ററുകളിലെത്തുന്ന പഴശ്ശിരാജ മലയാള സിനിമയില്‍ പുതിയ ചരിത്രം രചിയ്‌ക്കുമെന്ന്‌ ഉറപ്പാണ്‌.

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ ആദ്യമായി പടവാളുയര്‍ത്തിയ പഴശ്ശിരാജയെ അവതരിപ്പിയ്ക്കുന്നത് മലയാളത്തിന്റ മഹാനടന്‍ മമ്മൂട്ടിയാണ്. താരത്തിന്റെ അഭിനയ ജീവിതത്തിലെ പൊന്‍തൂവലായി പഴശ്ശിരാജ മാറുമെന്നാണ് കരുതപ്പെടുന്നത്.

മലയാള സിനിമ ഇന്നു വരെ കാണാത്ത കൂറ്റന്‍ സെറ്റുകള്‍, യുദ്ധ രംഗങ്ങള്‍, വിഷ്വല്‍ ഇഫക്ടുകള്‍, വന്‍താര നിര തുടങ്ങിയവയെല്ലാം ചലച്ചിത്രമെന്ന നിലയില്‍ പഴശ്ശിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിയ്‌ക്കുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ്‌ ജോലികള്‍ ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിയ്‌ക്കുകയാണ്‌.

മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നിങ്ങനെ അഞ്ച്‌ ഭാഷകളില്‍ പൂര്‍ത്തിയാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ശബ്ദത്തിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌. എത്ര ഭാഷകളില്‍ മമ്മൂട്ടി ഡബ്ബ് ചെയ്യുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മലയാളത്തിന്‌ പുറമെ തമിഴിലും മമ്മൂട്ടി ഡബ്‌ ചെയ്യുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്‌.

നിര്‍മാതാക്കള്‍ പറയുന്നത്‌ ശരിയാണെങ്കില്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിംഗ്‌ മാമാങ്കത്തിനായിരിക്കും പഴശ്ശിരാജ സാക്ഷ്യം വഹിയ്‌ക്കുക. 200 കേന്ദ്രങ്ങളില്‍ ഒരേ സമയം ചിത്രം റിലീസ്‌ ചെയ്യാനാണ്‌ നിര്‍മാതാക്കളായ ഗോകുലം ഫിലിംസ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam