»   » ശ്രീശാന്ത് വെള്ളിത്തിരയിലേക്ക്

ശ്രീശാന്ത് വെള്ളിത്തിരയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Sreesanth
ഇന്ത്യന്‍ ക്രിക്കറ്റിലെ ഷോമാന്‍ ആരെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ ആരുംപറയും കൊച്ചിക്കാരന്‍ ശാന്തകുമാരന്‍ ശ്രീശാന്തെന്ന്. കളിക്കളത്തില്‍ മികവിനെക്കാളേറെ പ്രകോപനപരമായ ആക്ഷനുകളിലൂടെ ക്യാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരം കഴിഞ്ഞ കുറച്ചുനാളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഫിറ്റ്‌നസ് തന്നെയാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യത്തിന് പാരയാവുന്നത്.

എന്തായാലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള ഇടവേളയില്‍ ശ്രീശാന്ത് കരിയറില്‍ പുതിയൊരു ഇന്നിങ്‌സിന് തുടക്കമിടുകയാണ്. പിച്ചില്‍ നിന്നും സ്‌ക്രീനിലേക്ക് ഓടിക്കയറിയ കാംബ്ലി, ജഡേജ തുടങ്ങിയവരുടെ പാത പിന്തുടര്‍ന്നാണ് വെള്ളിത്തിരയില്‍ ഒരു കൈ നോക്കാനാണ് ശ്രീ ഒരുങ്ങുന്നത്.

കൈത്രപ്രം ദാമോദരന്‍ നമ്പൂതിരി ആദ്യമായി സംവിധായകനാവുന്ന മഴവില്ലിനറ്റം വരെയില്‍ അഭിനയിക്കാന്‍ ശ്രീ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിയ്ക്കുന്നത്. ചിത്രത്തില്‍ ശ്രീശാന്തായി തന്നെയാവും താരം വേഷമിടുക. ക്രിക്കറ്റിനൊപ്പം ഭാവിയില്‍ ബിഗ് സ്‌ക്രീനില്‍ കൂടുതല്‍ സജീവമാകാനാണ് ശ്രീശാന്തിന്റെ പരിപാടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാടാനും നൃത്തം ചെയ്യാനുമുള്ള ശ്രീയുടെ കഴിവ് ഫിലിം ഫീല്‍ഡില്‍ പലര്‍ക്കും നേരിട്ടറിയാവുന്ന കാര്യമാണ്.അതുകൊണ്ടു തന്നെ ചലച്ചിത്രരംഗത്ത് നിന്ന് ഒട്ടേറെ ഓഫറുകള്‍ ശ്രീയെ തേടിയെത്തുന്നുണ്ട് ക്രിക്കറ്റിന് പുറമെ എസ് 36എന്ന പേരില്‍ പതിനാറംഗ മ്യൂസിക് ബാന്‍ഡും ശ്രീ രൂപീകരിച്ചിട്ടുണ്ട്. മ്യൂസിക് ബാന്‍ഡുമായി സജീവമായി മുന്നോട്ടുപോകാനാണ് താരം ആഗ്രഹിയ്ക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ക്ഷുഭിത യൗവനമെന്നാണ് ശ്രീശാന്തിനെ അമിതാഭ് ബച്ചന്‍ ഒരിയ്ക്കല്‍ വിശേഷിപ്പിച്ചത്. കളിക്കളത്തിലെന്ന പോലെ വെള്ളിത്തിരിയിലും ശ്രീശാന്ത് കത്തിക്കയറുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

English summary
As per the reports coming in, Sreesanth has agreed to play himself in the debut movie of Kaithapram Damodaran Namboothiri, titled as 'Mazhavillinattam Vare'. Sreesanth is said to be cast as a spirited cricketer who is also the mentor of youngsters in the field.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam