»   » 6 ചിത്രങ്ങള്‍; തിയറ്ററുകള്‍ വീണ്ടും സജീവമാകുന്നു

6 ചിത്രങ്ങള്‍; തിയറ്ററുകള്‍ വീണ്ടും സജീവമാകുന്നു

Posted By:
Subscribe to Filmibeat Malayalam
Theatre
സിനിമാ സംഘടനകളുടെ ഉപരോധം മറികടന്ന് ആറ് ചിത്രങ്ങള്‍ നവംബര്‍ 25ന് വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. സ്വപ്നസഞ്ചാരി, നായിക, ഡാം 999 എന്നിവയാണ് റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍. ഇവ എത്തുന്നതോടെ സമരം മൂലം അന്യഭാഷാചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചുവന്നിരുന്ന തീയറ്ററുകള്‍ വീണ്ടും സജീവമാകുമെന്നാണ് ചലച്ചിത്രലോകത്തിന്റെ പ്രതീക്ഷ.

രണ്ടു ദിവസംകൂടി റിലീസ് നീട്ടിവയ്ക്കണമെന്ന ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നിര്‍വാഹക സമിതിയുടെ നിര്‍ദേശം ലംഘിച്ചാണു സംഘടനയില്‍പ്പെട്ട ചില വിതരണക്കാര്‍ റിലീസ് നീക്കവുമായി മുന്നോട്ടു പോകുന്നത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അസോസിയേഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അഞ്ചാഴ്ചയോളം നീണ്ട ഇടവേളയ്‌ക്കൊടുവിലാണ് പുതിയ മലയാളചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. ജയറാം നായകനാകുന്ന രണ്ട് ചിത്രങ്ങള്‍ നായിക, സ്വപ്‌നസഞ്ചാരി എന്നിവ ഒന്നിച്ചെത്തുകയാണ്. സ്വപ്‌നസഞ്ചാരി കമലും നായിക ജയരാജുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഈ രണ്ട് ചിത്രങ്ങള്‍ക്കൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ വിവാദസിനിമ ഡാം 999നും എത്തുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ വിവാദത്തിലായ സോഹന്‍ റോയ്ച്ചിത്രം ലോകശ്രദ്ധനേടിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തമിഴ് ചിത്രം മയക്കം എന്ന, ഹിന്ദി ചിത്രം ദേശി ബോയ്‌സ്, ഹോളിവുഡില്‍ നിന്നുള്ള ബ്രേക്കിങ് ഡോണ്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള എഴുപതോളം തിയറ്ററുകളിലാണു ചിത്രങ്ങള്‍ റിലീസ് ചെയ്യുക. സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനു കീഴിലുള്ള തിയറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്നാണു സൂചന.

English summary
6 new film included Jayaram's two films and controversial film Dam 999 to be released today, after a 5 weeks gap

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam