»   » കമലിന് ആദരം: ബഹിഷ്‌കരണം വിവാദമാകുന്നു

കമലിന് ആദരം: ബഹിഷ്‌കരണം വിവാദമാകുന്നു

Posted By:
Subscribe to Filmibeat Malayalam
Kamalhassan
ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടന്‍ കമലഹാസനെ ആദരിച്ച ചടങ്ങ് മലയാളത്തിലെ പ്രമുഖ നടന്മാര്‍ ബഹിഷ്‌കരിച്ചതായി ആരോപണം. ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തന്നെയാണ് ഇക്കാര്യം ആദ്യം സൂചിപ്പിച്ചത്.

ഇതിന് പിന്നാലെ ലയാള നടന്മാര്‍ കമലഹാസനെ എതിര്‍ക്കുന്നുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലെ പ്രമുഖ ദിനപ്പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

ഭാഷ, ദേശം അതിരുകളില്ലാതെയുള്ള സഹകരണമാണ് തമിഴ്-മലയാളം സിനിമാമേഖലയില്‍ ഇതുവരെയുണ്ടായത്. സിനിമാമേഖലയില്‍ കൂടുതല്‍ ശക്തമായ സംഘടനാസംവിധാനങ്ങളുള്ള തമിഴ്‌നാട്ടില്‍പ്രകോപനം സൃഷ്ടിച്ചാല്‍ മലയാള സിനിമാമേഖലയേയും അത് കാര്യമായി ബാധിക്കുമെന്നാണ് ചില പ്രമുഖ നടീനടന്മാരുടെയെങ്കിലും ആശങ്ക.

സിനിമാമേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള ഒരു പ്രമുഖ നടന്റെ നിര്‍ദേശമുള്‍ക്കൊണ്ടാണ് നടന്‍ കമലഹാസനെ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതെന്നാണ് സംവിധായകന്‍ വിനയന്‍ ആരോപിക്കുന്നത്.

സ്‌നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായ അമ്മ എന്ന പദം താരസംഘടനയുടെ പേരായി ഉപയോഗിക്കുന്നതിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ 'വിഖ്യാത നടന്മാരെ' ആദരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് ചിലര്‍ സര്‍ക്കാരിന്റെ ആദരിക്കല്‍ ചടങ്ങിനെതിരെ രംഗത്തു വന്നിരുന്നതെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ കടുത്ത കമലഹാസന്‍ ആരാധകര്‍ സാംസ്‌ക്കാരിക വകുപ്പിന്റെ തലപ്പത്തുള്ളതുകൊണ്ടാണത്രേ ഇവരുടെ നീക്കം നടക്കാതെ പോയത്.

കമലഹാസന് വേണ്ടിയുള്ള ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ സമയം ഒത്തുചേര്‍ന്നു വന്നത് ഈ ഓണാഘോഷച്ചടങ്ങിനോടനുബന്ധിച്ചായിരുന്നു.

ഇതിനെ തടസ്സപ്പെടുത്താനുള്ള ശ്രമത്തെ സാംസ്‌ക്കാരികവകുപ്പ് സര്‍വശക്തിയുമെടുത്ത് പ്രതിരോധിച്ചത് ഈ പശ്ചാത്തലത്തിലാണെന്നാണ് സൂചന.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X