»   »  അഴീക്കോടിന് ജയം; ലാലിനെ ഖാദി അംബാസിഡറാക്കില്ല

അഴീക്കോടിന് ജയം; ലാലിനെ ഖാദി അംബാസിഡറാക്കില്ല

Posted By:
Subscribe to Filmibeat Malayalam
Mohanlal
തിരുവനന്തപുരം: ഖാദിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കൈത്തറിയുടെ അംബാസഡര്‍ സ്ഥാനത്ത് അദ്ദേഹത്തെ നിലനിര്‍ത്താനാണ് സാധ്യത.

ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ മൂന്നിന് ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ നടക്കും.

മോഹന്‍ലാലിനെ ഖാദിയുടെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതില്‍ സുകുമാര്‍ അഴീക്കോട് പരസ്യമായി രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതുതന്നെയാണ് ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

മദ്യകമ്പനിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിനെ ഗാന്ധിയന്‍ ആശയങ്ങളില്‍ പ്രധാനമായ ഖാദിയുടെ അംബാസിഡറാക്കുന്നതിനെതിരെയായിരുന്നു അഴീക്കോടിന്റെ വിമര്‍ശനം. ഇക്കാര്യം സൂചിപ്പിക്കാന്‍ ലാലിനെ അദ്ദേഹം പലവട്ടം മദ്യപന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സുകുമാര്‍ അഴീക്കോടിനെ അനുനയിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.

മന്ത്രി എം.എ. ബേബി അഴീക്കോടുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ നിലപാടില്‍ അയവില്ലെന്നു കണ്ടതിനെ തുടര്‍ന്ന് ഇ.പി. ജയരാജന്‍ അഴീക്കോടിനെ വീട്ടില്‍ചെന്നുകണ്ട് ചര്‍ച്ച നടത്തി. ഒടുവില്‍ വ്യവസായ മന്ത്രി എളമരം കരീമും അഴീക്കോടുമായി സംസാരിച്ചു. ഇതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് നിലപാടു മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്.

എന്നാല്‍, മോഹന്‍ലാലിനെ ഖാദിയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കൈത്തറിയുടെ കാര്യം മാത്രമേ പറഞ്ഞിരുന്നുള്ളൂവെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. കൈത്തറിയെ ഉദ്ദേശിച്ച് പറഞ്ഞപ്പോള്‍ ഖാദിയും അതില്‍ ഉള്‍പ്പെടുമെന്ന് ജനങ്ങള്‍ തെറ്റായി ധരിച്ചതാണെന്നും അഴീക്കോടിനെയും ഇക്കാര്യം ധരിപ്പിക്കുകയായിരുന്നുവെന്നും വ്യവസായ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam