»   » ലാല്‍ സൈനികപരിശീലനത്തിനായി കണ്ണൂരിലേയ്ക്ക്

ലാല്‍ സൈനികപരിശീലനത്തിനായി കണ്ണൂരിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Mohanlal
സൈനിക പരിശീലനത്തിനായി എത്തുന്ന സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ സ്വീകരിക്കാന്‍ കണ്ണൂര്‍ ഒരുങ്ങി. രണ്ടു ദിവസത്തെ പരിശീലനത്തിനായാണ് ലാല്‍ എത്തുന്നത്.

കണ്ണൂരിലെ 122 ടെറിട്ടോറിയല്‍ ആര്‍മി ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ആസ്ഥാനത്താണ് താരം പരിശീലനത്തിനെത്തുന്നത്. പ്രാദേശിക സേന എന്ന പേരിലറിയപ്പെടുന്ന ടി.എ. ബറ്റാലിയന്‍ ആസ്ഥാനത്തേക്ക് മോഹന്‍ലാല്‍ ആദ്യമായിട്ടാണ് എത്തുന്നത്.

ശനിയാഴ്ച മോഹന്‍ലാലിനും ടെറിട്ടോറിയല്‍ ആര്‍മിക്കും കണ്ണൂര്‍ പൗരാവലി ജവഹര്‍ സ്‌റ്റേഡിയത്തില്‍ പൗരസ്വീകരണവും ഒരുക്കുന്നുണ്ട്.

പ്രാദേശിക സേനയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയോടെയാണ് മോഹന്‍ലാല്‍ എത്തുന്നത്. ദില്ലിയില്‍ ഒരാഴ്ചത്തെ പ്രാഥമിക പരിശീലനത്തിന് ശേഷമുള്ള പോസ്റ്റ് കമ്മീഷന്‍ അറ്റാച്ച്‌മെന്റ് ട്രെയിനിങ്ങിനായി വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ലാല്‍ കണ്ണൂരില്‍ എത്തുക.

സൈനിക പരിശീലനത്തിന് ശേഷം സൈനികരും കുടുംബാംഗങ്ങളും ഒരുക്കുന്ന വിരുന്നിലും ലാല്‍ സംബന്ധിക്കും. ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ഡേവിഡ്‌സണ്‍ കോലത്തിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. മുന്‍ കമാന്‍ഡിങ് ഓഫീസറും കണ്ണൂര്‍ സ്വദേശിയുമായ വിരമിച്ച ബ്രിഗേഡിയര്‍ പി.വി സഹദേവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും നേരത്തെതന്നെ സേനാ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഇപ്പോള്‍ കണ്ണൂര്‍ ടെറിയേര്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ തുടക്കം 1949ല്‍ അംബാലയിലാണ്. പഞ്ചാബ് റജിമെന്റിന്റെ ഭാഗമായിരുന്ന യൂണിറ്റ് 1966ല്‍ മദ്രാസ് റജിമെന്റിന്റെ കീഴില്‍ മലപ്പുറത്തേക്ക് മാറ്റി. 1979ലാണ് കണ്ണൂരിലേക്ക് ടി.എ. ആസ്ഥാനം എത്തുന്നത്. പഴയ മലബാര്‍ ബറ്റാലിയന്റെ ആസ്ഥാനമായിരുന്ന വെല്ലസ്ലി ബാരക്കില്‍ എത്തിയതോടെയാണ് 122 ഇന്‍ഫന്‍ട്രി ബറ്റാലിയന് കണ്ണൂര്‍ ടെറിയേര്‍സ് എന്ന പേരും ലഭിക്കുന്നത്.

തുടര്‍ച്ചയായി മൂന്നുതവണ രാജ്യത്തെ ഏറ്റവും മികച്ച പ്രാദേശിക സേന എന്ന ബഹുമതി കണ്ണൂര്‍ ടെറിയേര്‍സ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപില്‍ദേവിന് ശേഷം ദക്ഷിണേന്ത്യയില്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ അംബാസഡറായി മാറുന്ന നടന്‍ മോഹന്‍ലാല്‍ സേനയുടെ ലഫ്റ്റനന്റ് കേണലായി എത്തുന്നതോടെ കേരളത്തിലെ ഏക പ്രാദേശിക സേനയ്ക്ക താരത്തിളക്കം കൂടുകയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam