»   » പിന്നണി ഗായകനായി പൃഥ്വിയും

പിന്നണി ഗായകനായി പൃഥ്വിയും

Posted By:
Subscribe to Filmibeat Malayalam
PrithviRaj
ഗാനാലാപന ലോകത്തേക്ക്‌ പൃഥ്വിയും ചുവട്‌ വെച്ചു. നവാഗതനായ ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ മുഖത്തിലെ തീംസോങ്‌ ആലപിച്ചു കൊണ്ടാണ്‌ പൃഥ്വിയും പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്‌.

കൈത്രപം രചിച്ച്‌ വരികള്‍ക്ക്‌ ദീപക്‌ ദേവ്‌ സംഗീതം പകര്‍ന്ന പുതിയ മുഖം ഇനിയൊരു പുതിയ മുഖം.... എന്ന്‌ തുടങ്ങുന്ന ഗാനമാണ്‌ പൃഥ്വി പാടിയത്‌. ദീപക്‌ ദേവിന്റെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഗാനം റെക്കാര്‍ഡ്‌ ചെയ്‌തത്‌.

മൂന്ന്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള തീംസോങ്‌ ഒറ്റ ദിവസം കൊണ്ടാണ്‌ പൃഥ്വി പൂര്‍ത്തിയാക്കിയത്‌. പൃഥ്വിയുടെ ആലാപനത്തില്‍ അധികം തിരുത്തലുകളൊന്നും തങ്ങള്‍ക്ക്‌ വേണ്ടിവന്നില്ലെന്ന്‌ ദീപക്‌ ദേവ്‌ പറയുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ്‌ താരത്തില്‍ നിന്നും ഉണ്ടായതെന്നും പുതിയ മുഖത്തിന്റെ അണിയറക്കാര്‍ പറയുന്നു.

മലയാള സിനിമയില്‍ ആര്‍ട്ടിസ്റ്റ്‌ കം സിങര്‍മാര്‍ ഇതാദ്യമായൊന്നുമല്ല. സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമൊക്ക ഇതിന്‌ മുമ്പെ സിനിമയില്‍ പാടി ശ്രദ്ധയേരായവരാണ്‌. ഇവരില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ പാടിയത്‌ മിമിക്രയുടെ ലോകത്തില്‍ നിന്നും സിനിമയിലെത്തിയ കലാഭവന്‍ മണിയാണ്‌. 'കാഴ്‌ച'യിലെ കുട്ടനാടന്‍ പുഞ്ചയിലെ... എന്ന ഗാനം മണിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. രണ്ടാം സ്ഥാനത്ത്‌ നില്‌ക്കുന്ന മോഹന്‍ലാല്‍ സ്വന്തം സിനിമയ്‌ക്ക്‌ പുറമെ മഞ്‌ജു വാര്യര്‍-അബാസ്‌ ടീം ഒന്നിച്ച 'കണ്ണെഴുതി പൊട്ടുതൊട്ട്‌' എന്ന ചിത്രത്തിനും വേണ്ടിയും പാടിയിട്ടുണ്ട്‌. മമ്മൂട്ടി 'പല്ലാവൂര്‍ ദേവനാരായണ'നും ദിലീപ്‌ 'തിളക്കത്തി'നും വേണ്ടിയാണ്‌ മൈക്രോഫോണിന്‌ മുന്നിലെത്തിയത്‌. പുതിയ മുഖത്തിലെ ഗാനാലപനത്തിലൂടെ ഇവരുടെ നിരയിലേക്കാണ്‌ പൃഥ്വിരാജും ചുവട്‌ വെച്ചിരിയ്‌ക്കുന്നത്‌.

മീരാ നന്ദനും പ്രിയാമണിയും നായികമാരായെത്തുന്ന പുതിയ മുഖം ജൂലായ്‌ 10ന്‌ തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam