»   » ഗോപിക വെറുതെ ഒരു ഭാര്യയാകില്ല

ഗോപിക വെറുതെ ഒരു ഭാര്യയാകില്ല

Subscribe to Filmibeat Malayalam
Gopika
വെറുതെ ഒരു ഭാര്യയായി ഗോപികയ്‌ക്കിനി വീട്ടിലിരിയ്‌ക്കേണ്ട. വെള്ളിത്തിരയില്‍ വീണ്ടും തിരിച്ചെത്താന്‍ ഭര്‍ത്താവ്‌ അജിലേഷ്‌ ഗോപികയ്‌ക്ക്‌ സമ്മതം നല്‌കിക്കഴിഞ്ഞു. താന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതില്‍ അജിലേഷിന്‌ സന്തോഷമേയുള്ളൂവെന്ന്‌ ഗോപിക ഒരു മാഗസിന്‌ നല്‌കിയ അഭിമുഖത്തിലാണ്‌ വെളിപ്പെടുത്തിയത്‌.

വിവാഹത്തിന്‌ ശേഷം ഡോക്ടറായ അജിലേഷുമൊത്ത്‌ ഗോപിക അയര്‍ലണ്ടിലേക്ക്‌ പറന്നിരുന്നു. എന്നാല്‍ ഗോപിക അവസാനമഭിനയിച്ച 'വെറുതെ ഒരു ഭാര്യ'യിലെ നായികാകഥാപാത്രത്തിന്‌ ലഭിച്ച ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നതിനായി താരം കേരളത്തില്‍ തിരിച്ചെത്തിയിരുന്നു. ഇതിനിടെയാണ്‌ ഗോപിക താന്‍ ചലച്ചിത്ര രംഗത്ത്‌ വീണ്ടും സജീവമാകുന്നതിനുള്ള സൂചനകള്‍ നല്‌കിയിരിക്കുന്നത്‌.

ഒന്നോ രണ്ടോ മാസം നീണ്ടു പോകുന്ന സിനിമാ ഷൂട്ടിംഗുകളോട്‌ താത്‌പര്യമില്ലെന്ന്‌ പറയുന്ന ഗോപിക പത്തോ പതിനഞ്ചോ ദിവസത്തിനുള്ളില്‍ ചിത്രീകരണം തീരുന്ന വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തന്നെയാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ഗോപിക അവസാനം അഭിനയിച്ച അണ്ണന്‍ തമ്പി, വെറുതെ ഒരു ഭാര്യ, ട്വന്റി20 എന്നീ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിരുന്നു. ഇങ്ങനെ സിനിമയില്‍ തിളങ്ങിനില്‌ക്കുമ്പോഴായിരുന്നു ഗോപികയും അജിലേഷും തമ്മിലുള്ള വിവാഹം.

വിവാഹശേഷം അഭിനയം തുടരുമോയെന്ന കാര്യത്തില്‍ അതെല്ലാം പിന്നീട്‌ തീരുമാനിയ്‌ക്കുമെന്നയിരുന്നു ഗോപിക അന്ന്‌ പറഞ്ഞിരുന്നത്‌. എന്തായാലും വിവാഹശേഷം വെറുതെ ഒരു ഭാര്യയായി വീട്ടില്‍ ചടഞ്ഞു കൂടുന്ന നടിമാരില്‍ നിന്നും വ്യത്യസ്‌തയായി മാറുകയാണ്‌ ഗോപിക.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam