»   » വൈകിട്ടെന്താ പരിപാടിക്ക് ഇനി മോഹന്‍ലാലില്ല?

വൈകിട്ടെന്താ പരിപാടിക്ക് ഇനി മോഹന്‍ലാലില്ല?

Posted By:
Subscribe to Filmibeat Malayalam
Mohanlal and Mammootty
വൈകിട്ടെന്താ പരിപാടിയെന്ന ലാലേട്ടന്റെ ചോദ്യത്തിന് മലയാളിയുടെ മറുപടി വെള്ളമടിയിലൂടെയായിരുന്ന കാര്യം ആരും മറന്നുകാണില്ല. താരത്തിന്റെ ഇമേജ് ഒരു മദ്യക്കമ്പനിയുടെ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചത് അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. എന്നാല്‍ ഇതൊന്നും ലാലേട്ടനോടുള്ള മല്ലു ഫാന്‍സിന്റെ ആരാധനയില്‍ തരിമ്പും കുറവ് വരുത്തിയില്ല.

പക്ഷേ ആദായനികുതിക്കാര്‍ വീട്ടിലും ഓഫീസിലും കയറിമേഞ്ഞപ്പോള്‍ താരങ്ങളുടെ പ്രഭ കുറഞ്ഞോയെന്ന് അവരുടെ ആരാധകര്‍ പോലും സംശയിച്ചിരിയ്ക്കണം. അങ്ങനെ മങ്ങിയ ഗ്ലാമര്‍ വീണ്ടെടുക്കാനായി മമ്മൂട്ടിയും ലാലും രംഗത്തിറങ്ങിക്കഴിഞ്ഞു.

മദ്യപാനത്തിനെതിരേ സംസ്ഥാന എക്‌സൈസ് വകുപ്പു തയാറാക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ മത്സരിച്ചുകൊണ്ടാണ് സൂപ്പറുകള്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിയ്ക്കുന്നത്. പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ തയാറാണെന്ന് മമ്മൂട്ടിയും ലാലും എക്‌സൈസ് വകുപ്പിനെ അറിയിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ലേശം മെനക്കെട്ടാണെങ്കിലും സാമൂഹികപ്രതിബദ്ധത വെളിപ്പെടുന്ന ഇടപെടലുകളിലൂടെ പ്രതിച്ഛായ ഉയര്‍ത്താനാണ് ഇവരുടെ ശ്രമം. മദ്യവിരുദ്ധ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് താത്പര്യം പ്രകടിപ്പിയ്ക്കുന്നതും ഇതിന് തന്നെ. മമ്മൂട്ടിയ്ക്കും ലാലിനും പുറമെ സുരേഷ് ഗോപിയും പരസ്യത്തില്‍ അഭിനയിക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.

മുമ്പും ഒരുപാട് തവണ മമ്മൂട്ടിയും ലാലും സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പരസ്യങ്ങളിലും പൊതുപരിപാടികളിലും സഹകരിച്ചിട്ടുണ്ട്. എന്നാല്‍ റെയ്ഡിന് ശേഷം കാര്യമായ പൊതുപരിപാടികളിലൊന്നും ഇവര്‍ പങ്കെടുത്തിരുന്നില്ല. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മമ്മൂട്ടി പങ്കെടുത്തതാണ് ഇതിനൊരപവാദം. ഒരുപക്ഷേ സര്‍ക്കാരിന്റെ മദ്യവിരുദ്ധപരസ്യവുമായി സഹകരിയ്ക്കുകയാണെങ്കില്‍ വൈകിട്ടൊരു പരിപാടിയും വേണ്ടെന്നായിരിക്കും ലാലേട്ടന്റെ ഉപദേശം.

English summary
Reports coming in that Mohanlal And Mammootty ready to act governments ads encouraging people not to drink alcohol.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam