»   » ലാലും തിലകനും വീണ്ടും അച്ഛനും മകനുമാകുന്നു

ലാലും തിലകനും വീണ്ടും അച്ഛനും മകനുമാകുന്നു

Posted By:
Subscribe to Filmibeat Malayalam
Thilakan and Lal
മകനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കണ്‍മുന്നില്‍ പൊലിഞ്ഞുപോകുന്നത്‌്‌ നെഞ്ചുപിടഞ്ഞുകൊണ്ട്‌ നോക്കിനിന്ന പിതാവ്‌. കര്‍ക്കശക്കാരനായ പിതാവിനോട്‌ പ്രതിഷേധിച്ച്‌ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കൈകള്‍ മുറിച്ചു കളയുന്ന താന്തോന്നിയായ മകന്‍.

കിരീടം, സ്‌ഫടികം തുടങ്ങിയ ചിത്രങ്ങളിലൂടെ അച്ഛന്‍-മകന്‍ ബന്ധത്തിന്റെ പുതിയ മാനങ്ങളായിരുന്നു മോഹന്‍ലാലും, തിലകനും അഭ്രപാളികളില്‍ എഴുതിച്ചേര്‍ത്തത്‌. എന്നാല്‍ പിന്നീടെപ്പോഴോ ഇരുവരും പരസ്‌പരം ശത്രുക്കളായി.

തനിക്കെതിരെ മോഹന്‍ലാല്‍ പാരപണിയുന്നുവെന്ന്‌ ആരോപണങ്ങളുന്നയിച്ച്‌ തുടങ്ങിയ തിലകന്‍ പിന്നീട്‌ മമ്മൂട്ടി, നെടുമുടി വേണും എന്നീ നടന്മാരെയും ശത്രുക്കളുടെ പട്ടികയിലേയ്‌ക്ക്‌ മാറ്റി. പലപ്പോഴായി പല മാധ്യമങ്ങളിലൂടെ സൂപ്പര്‍താരങ്ങള്‍ തന്നോട്‌ നെറികേട്‌ കാണിക്കുന്നുവെന്ന്‌ തിലകന്‍ ആരോപണങ്ങളുന്നയിച്ചു.

എല്ലാം കണ്ടു കേട്ടും നിന്ന ആരാധകര്‍ ഒന്നുറപ്പിച്ചു. ഇവര്‍ക്കാര്‍ക്കും ഒപ്പം തിലകന്റെ പ്രകടനം കാണാന്‍ ഇനിയൊരു അവസരമുണ്ടാകില്ലെന്ന്‌. ഇങ്ങനെ നിരാശപ്പെട്ടവര്‍ക്കൊക്കെ ഇതാ ഒരു സന്തോഷവാര്‍ത്ത തിലകനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. അച്ഛനും മകനുമായിട്ടുതന്നെ.

റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന കര്‍ഷക ശ്രീ എന്ന പുതിയ ചിത്രത്തിലാണ്‌ ലാലിന്റെ അച്ഛനായി തിലകനെത്തുന്നത്‌. ജയിംസ്‌ ആല്‍ബര്‍ട്ടാണ്‌ ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌. മാത്തച്ചന്‍ എന്ന ക്ഷീരകര്‍ഷകനെയാണ്‌ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. മാത്തച്ചന്റെ പിതാവായ ജെറുമിയാസ്‌ എന്ന കഥാപാത്രത്തിനാണ്‌ തിലകന്‍ ജീവന്‍ നല്‍കുന്നത്‌.

ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ തീര്‍ത്തും വ്യത്യസ്‌തമായ കഥായാണെന്നാണ്‌ അറിയുന്നത്‌.

കിരീടം, ചെങ്കോല്‍, സ്‌ഫടികം, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ലാലും തിലകനും അവതരിപ്പിച്ച മകന്‍ അച്ഛന്‍ വേഷങ്ങള്‍ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചിപറ്റിയിരുന്നു.

എന്തായാലും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതോടെ സൂപ്പര്‍താരങ്ങള്‍ തനിക്കെതിരെ പടനീക്കം നടത്തുന്നുണ്ടെന്ന തിലകന്റെ ആരോപണങ്ങള്‍ക്ക്‌ തല്‍ക്കാലം വിരാമമാകുമെന്നാണ്‌ ആരാധകര്‍ കരുതുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam