»   » 2008ന്റെ താരങ്ങള്‍: മോഹന്‍ലാല്‍-1

2008ന്റെ താരങ്ങള്‍: മോഹന്‍ലാല്‍-1

Posted By:
Subscribe to Filmibeat Malayalam
Mohanlal
മലയാള സിനിമയിലെ മാടമ്പി ഇപ്പോഴും താന്‍ തന്നെയാണെന്ന്‌ തെളിയിച്ചു കൊണ്ടാണ്‌ മോഹന്‍ലാല്‍ 2008നോട്‌ വിട പറയുന്നത്‌.

വിജയ ചിത്രങ്ങള്‍ ക്രെഡിറ്റിലുണ്ടെങ്കിലും അഭിനയിച്ച ചിത്രങ്ങളുടെ എണ്ണവും വിജയം നേടിയ ചിത്രങ്ങളുടെ എണ്ണവും തമ്മിലുള്ള അന്തരം ലാലിന്‌ ചെറിയ ക്ഷീണമാകുന്നുണ്ട്‌. എങ്കിലും വാണിജ്യ ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയ ലാല്‍ തന്നയാണ്‌ 2008ലെ താരമായി തിളങ്ങുന്നത്‌.

എട്ട്‌ ചിത്രങ്ങളാണ്‌ മോഹന്‍ലാലിന്റേതായി 2008ല്‍ തിയറ്ററുകളിലെത്തിയത്‌. ഇതില്‍ കോളെജ്‌ കുമാരന്‍, ആകാശഗോപുരം, പകല്‍ നക്ഷത്രങ്ങള്‍, മിഴികള്‍ സാക്ഷി എന്നിവ വമ്പന്‍ പരാജയമായപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം നിര്‍മാതാവിന്‌ നഷ്ടമുണ്ടാക്കാതെ കടന്നു കൂടി.

വമ്പന്‍ നിര്‍മാണ ചെലവ്‌ വിനയായ കുരുക്ഷേത്രയും സൂപ്പര്‍ ഹിറ്റായ മാടമ്പിയും ചരിത്ര വിജയം നേടിയ ട്വന്റി20യുമാണ്‌ ലാലിന്റെ ഈ വര്‍ഷത്തെ ലാഭക്കണക്കിലുള്ളത്‌.

വര്‍ഷാരംഭത്തില്‍ തിയറ്ററുകളിലെത്തിയ കോളെജ്‌ കുമാരന്‍ ലാലിന്റെ കടുത്ത ആരാധകര്‍ക്ക്‌ പോലും ദഹിയ്‌ക്കാത്ത ഒന്നായിരുന്നു. ലാലിന്റെ പഴയ ക്യാമ്പസ്‌ ഹിറ്റുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ കോളെജ്‌ കുമാരന്‍ ശ്രദ്ധേയമായത്‌ ലാല്‍ വാങ്ങിയ വമ്പന്‍ പ്രതിഫലത്തിന്റെ പേരിലാണ്‌. ഒരു കോടിയ്‌ക്ക്‌ മേല്‍ ലാല്‍ ഈ ചിത്രത്തിനായി വാങ്ങിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോകപ്രശസ്‌ത നാടകകൃത്തായ ഇബ്‌സന്റെ നാടകത്തെ ഉപജീവിച്ച്‌ നിര്‍മ്മിച്ച കെ.പി കുമാരന്റെ ആകാശഗോപുരം ലാലിന്‌ ഏറെ നിരൂപക പ്രശംസയും പുരസ്‌ക്കാരങ്ങളും നേടിക്കൊടുത്തു. പകല്‍ നക്ഷത്രങ്ങള്‍, മിഴികള്‍ സാക്ഷി എന്നിവയുടെ പരാജയം താര സാന്നിധ്യം ഒരു സിനിമയെ രക്ഷപ്പെടുത്തില്ലെന്നതിന്‌ മികച്ച ഉദാഹരണങ്ങളായി മാറി.

വിഷു ചിത്രമായി തിയറ്ററുകളിലെത്തിയ സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം ലാല്‍ ആരാധകരെ മാത്രമല്ല സത്യന്‍ ചിത്രങ്ങളെ കണ്ണുമടച്ച്‌ വിശ്വസിച്ചിരുന്ന കുടുംബ പ്രേക്ഷകരെയും നിരശപ്പെടുത്തി. സത്യന്‍ ചിത്രമെന്ന ലേബലാണ്‌ ഇന്നത്തെ ചിന്താവിഷയത്തിന്‌ തുണയായതെന്ന്‌ വേണമെങ്കില്‍ പറയാം. എങ്കിലും ലാലിന്‌ അഭിമാനിയ്‌ക്കാവുന്ന ഒരു നേട്ടമായിരുന്നില്ല ചിന്താവിഷയത്തിന്റെ വിജയം.

കീര്‍ത്തിചക്ര നേടിയ വിജയത്തിന്റെ പിന്‍ബലത്തില്‍ പുറത്തിറക്കിയ കുരുക്ഷേത്ര ആദ്യ ഭാഗത്തിന്റെ അത്ര മികച്ചതായില്ലെങ്കിലും ഈ വര്‍ഷത്തിന്റെ ഹിറ്റുകളില്‍ കയറിപ്പറ്റിയിട്ടുണ്ട്‌. വമ്പന്‍ നിര്‍മാണ ചെലവും കുരുക്ഷേത്രയ്‌ക്ക്‌ പിന്നാലെയെത്തിയ ട്വന്റി20യുമാണ്‌ വന്‍വിജയം സ്വന്തമാക്കുന്നതില്‍ നിന്നും കുരുക്ഷേത്രയെ പിന്നോട്ടടിപ്പിച്ചത്‌.

മലയാള സിനമയിലെ മാടമ്പിയാരെന്ന ചോദ്യത്തിന്‌ ഉത്തരം നല്‌കിയ വിജയമായിരുന്നു ബി. ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത മാടമ്പിയുടെ വിജയം. മമ്മൂട്ടിയുടെ പരുന്തിനോട്‌ ഏറ്റുമുട്ടി മാടമ്പി നേടിയ വിജയമാണ്‌ ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കിയത്‌. മുമ്പെങ്ങും കാണാത്ത വീറും വാശിയും പ്രകടിപ്പിച്ചാണ്‌ ഈ സിനിമകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്‌. ഇതില്‍ വിജയം ലാലിനൊപ്പം നില്‌ക്കുകയായിരുന്നു.

ട്വന്റിയിലെ അപാര പ്രകടനവും ലാലിന്‌ തുണയായി. ചിതത്തില്‍ ലാലിന്‌ നേരിയ മേല്‌ക്കൈ കിട്ടിയിട്ടുണ്ടെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന കാര്യവും തീര്‍ച്ചയാണ്‌.

അടുത്ത പേജില്‍
ഔട്ട്‌ സ്റ്റാന്‍ഡിംഗ്‌ പെര്‍ഫോമന്‍സ്‌-പൃഥ്വിരാജ്‌

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam