»   » പുതുതായി 8 ചാനലുകള്‍; സിനിമാക്കാര്‍ക്ക് നല്ലകാലം

പുതുതായി 8 ചാനലുകള്‍; സിനിമാക്കാര്‍ക്ക് നല്ലകാലം

Subscribe to Filmibeat Malayalam
Film Roll
ടിവി ചാനലുകളെ ഇത്രയും കാലം വില്ലന്‍മാരായാണ് സിനിമാക്കാര്‍ കണ്ടിരുന്നത്. സ്വീകരണമുറിയിലെ വിഡ്ഢിപ്പെട്ടിയില്‍ ഇടതടവില്ലാതെ സിനിമകള്‍ വന്നതോടെ തിയറ്ററുകളില്‍ പോയി മെനക്കെടാന്‍ പ്രേക്ഷകര്‍ മടിച്ചതോടെയാണ് ചാനലുകളെ കാലന്‍മാരായി സിനിമാക്കാര്‍ കാണാന്‍ തുടങ്ങിയത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മലയാള സിനിമയുടെ കാലന്‍മാരുടെ എണ്ണം ഇനിയും കൂടാന്‍ പോവുകയാണ്. പുതുതായി എട്ടോളം ചാനലുകള്‍ മലയാളമണ്ണിലേക്ക് വരാന്‍ കോപ്പുകൂട്ടുന്നുണ്ടെന്നാണ് അറിയുന്നത്. പ്രമുഖ പത്രങ്ങള്‍ മുതല്‍ പ്രണോയ് റോയിയുടെ എന്‍ഡിവി വരെ കേരളത്തിന്റെ ആകാശം കീഴടക്കാന്‍ കാത്തിരിയ്ക്കുന്നവരുടെ കൂട്ടത്തിലുണ്ടത്രേ.

ഈ വാര്‍ത്ത കേട്ട് സിനിമാക്കാര്‍ പേടിച്ചുവെന്ന് കരുതിയെങ്കില്‍ തെറ്റി. പണ്ടത്തെപ്പോലെ അവര്‍ക്ക് ചാനല്‍പ്പേടി ഇല്ലെന്ന് മാത്രമല്ല, രക്ഷകന്‍മാരായാണ് സിനിമാക്കാര്‍ ഈ ചാനലുകളെ കാണുന്നത്.

ടിവി ചാനലുകള്‍ തമ്മിലുള്ള യുദ്ധം സിനിമയ്ക്ക് ഗുണകരമായി മാറുന്നതാണ് നിര്‍മ്മാതാക്കള്‍ക്ക് സന്തോഷം പകരുന്നത്. തിയറ്റര്‍ കളക്ഷനിലൂടെ മാത്രം പിടിച്ചുനില്‍ക്കാമെന്ന പ്രതീക്ഷ ഒരു നിര്‍മാതാവിനും ഇന്നില്ല. മുടക്കുമുതല്‍ തിരിച്ചെടുക്കാന്‍ സാറ്റലൈറ്റ് റേറ്റ്, സിഡി-ഡിവിഡി റൈറ്റ്, റീമേക്ക് തുടങ്ങിയവയെ കൂടി അവര്‍ ആശ്രയിക്കുന്നുണ്ട്.

പുത്തന്‍ ചാനലുകളുടെ വരവോടെ ചാനല്‍ റൈറ്റുകളുടെ വില കുത്തനെ കൂടുമെന്നാണ് കരുതപ്പെടുന്നത്. 2.25 കോടി കിട്ടിയ ട്വന്റി20യുടെ റെക്കാര്‍ഡ് പഴങ്കഥയാക്കി രണ്ടേ മുക്കാല്‍ കോടിയ്ക്ക് പഴശ്ശിരാജയെ ഏഷ്യാനെറ്റ് വിലയ്‌ക്കെടുത്തത് ഇതിന്റെ സൂചനയാണ്.

ചാനല്‍ റൈറ്റിന് വേണ്ടി സൂര്യയും ഏഷ്യാനെറ്റും മാത്രം മത്സരിച്ചിരുന്ന കാലവും മാറുകയാണ്. ബാക്കി ചാനലുകളും വാശിയോടെ മത്സര രംഗത്തിറങ്ങിയത് നിര്‍മാതാക്കള്‍ക്ക് പ്രതീക്ഷ പകരുകയാണ്. സൂര്യയേയും ഏഷ്യാനെറ്റിനെയും വെല്ലുവിളിച്ച് അമൃത ടിവി ചട്ടമ്പിനാട് വന്‍വിലയ്‌ക്കെടുത്തത് ഇതിനുള്ള സൂചനയായി കണക്കാക്കാം. വിനോദചാനല്‍ തുടങ്ങാനിരിയ്ക്കുന്ന മലയാള മനോരമ ഗ്രൂപ്പ് ഇതിനോടകം 22 ഓളം സിനിമകളുടെ അവകാശം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.

3-4 കോടിയ്ക്ക് എടുക്കുന്ന സിനിമകള്‍ക്ക് ചാനല്‍ റൈറ്റും ആഡിയോ-വീഡിയോ, റീമേക്ക്-ഡബ്ബിങ് റേറ്റുകള്‍ കൂടി കിട്ടുമ്പോള്‍ പടം പിടിയ്ക്കാനിറങ്ങുന്ന നിര്‍മാതാക്കളുടെ സ്ഥിതി കൂടുതല്‍ സേഫാവും. തിയറ്റര്‍ റിലീസ് എന്നാല്‍ ലാഭം മാത്രമായി മാറുന്ന കാലം വിദൂരമല്ലെന്ന് പ്രതീക്ഷിയ്ക്കാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam