»   » ഏയ്‌ഞ്ചല്‍ ജോണിന്‌ ചിറകറ്റു

ഏയ്‌ഞ്ചല്‍ ജോണിന്‌ ചിറകറ്റു

Posted By:
Subscribe to Filmibeat Malayalam
Angle John
ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഏയ്‌ഞ്ചല്‍ ജോണ്‍ ബോക്‌സ്‌ ഓഫീസില്‍ ചിറകറ്റു വീഴുന്നു.

സമീപകാലത്തൊന്നും ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‌ നേരിടേണ്ടി വന്നില്ലാത്ത പ്രതിസന്ധികളാണ്‌ ഈ സിനിമ നേരിടുന്നത്‌. ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്‌ ലഭിയ്‌ക്കാറുള്ള ഇനീഷ്യല്‍ കളക്ഷന്‍ പോലും ഏയ്‌ഞ്ചല്‍ ജോണിന്‌ നേടിയെടുക്കാന്‍ കഴിയാത്തത്‌ സിനിമാ വിപണിയ്‌ക്ക്‌ കനത്ത ആഘാതമായിട്ടുണ്ട്‌.

അഞ്ചാം ദിനത്തില്‍ തന്നെ പലകേന്ദ്രങ്ങളിലും ചിത്രം ഹോള്‍ഡ്‌ ഓവറായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മിനിമം ഗ്രോസ്‌ കളക്ഷന്‍ ലഭിയ്‌ക്കാത്ത സാഹചര്യമാണ്‌ ഹോള്‍ഡ്‌ ഓവര്‍. ആയിരം പേര്‍ക്കിരിയ്‌ക്കാവുന്ന കോട്ടയത്തെ പ്രമുഖ തിയറ്ററില്‍ ഏയ്‌്‌ഞ്ചല്‍ ജോണ്‍ അഞ്ചാം ദിവസം ഫസ്റ്റ്‌ ഷോ കാണാനെത്തിയത്‌ വെറും അറുപതില്‍ താഴെ പ്രേക്ഷകര്‍ മാത്രമാണ്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

സിനിമയുടെ തകര്‍ച്ചയ്‌ക്ക്‌ പല കാരണങ്ങളാണ്‌ സിനിമാ പണ്ഡിറ്റുകള്‍ നിരത്തുന്നത്‌. ഭേദപ്പെട്ട ചിത്രം ഒരുക്കാന്‍ സംവിധായകന്‌ കഴിഞ്ഞെങ്കിലും മറ്റു ചില കാര്യങ്ങളാണ്‌ ഏയ്‌ഞ്ചല്‍ ജോണിന്‌ തിരിച്ചടിയായത്‌.

സിനിമയുടെ ഫാന്റസി പശ്ചാത്തലവും മോഹന്‍ലാല്‍ ഇന്റര്‍വെല്ലിന്‌ തൊട്ട്‌ മുമ്പ്‌ മാത്രം പ്രത്യക്ഷപ്പെടുന്നതും എല്ലാം പ്രേക്ഷകരെ തിയറ്ററുകളില്‍ നിന്ന്‌ അകറ്റുന്നതിന്‌ കാരണമായി. കാലം തെറ്റിയ റിലീസും ചിത്രത്തിന്‌ വിനയായി. പഴശ്ശിരാജ പോലെ വമ്പന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ഏയ്‌ഞ്ചല്‍ ജോണ്‍ പൊലാരു ചെറിയ സിനിമ റിലീസ്‌ ചെയ്‌തത്‌ മാര്‍ക്കറ്റിങിലെ പിഴവായി പലരും ചൂണ്ടിക്കാട്ടുന്നു.

മോഹന്‍ലാലും ശാന്തനു ഭാഗ്യരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയസൂര്യയാണ്‌. അടുത്ത മാസം വമ്പന്‍ സിനിമകള്‍ റിലീസ്‌ ചെയ്യുന്നതോടെ ഏയ്‌ഞ്ചല്‍ ജോണ്‍ പ്രമുഖ കേന്ദ്രങ്ങളില്‍ പോലും മൂന്നാഴ്‌ച പിന്നിടാന്‍ സാധ്യതയില്ലെന്നാണ്‌ കരുതപ്പെടുന്നത്‌. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഫോട്ടോഗ്രാഫറിന്‌ ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ഏയ്‌ഞ്ചല്‍ ജോണ്‍ മാറിയേക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam