»   » അഞ്ചു കഥകളുമായി ഒരു ആക്ഷന്‍ പാക്ക് ഒരുങ്ങുന്നു

അഞ്ചു കഥകളുമായി ഒരു ആക്ഷന്‍ പാക്ക് ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Clap Board
കേരള കഫേയ്ക്കു പിന്‍മുറക്കാരനായി ഒരു പുതിയ സിനിമകൂടി എത്തുന്നു. കേരള കഫേയില്‍ പത്തു സംവിധായകരും പത്തു കഥകളും ആയിരുന്നെങ്കില്‍ പുതിയ സംരഭത്തില്‍ അഞ്ചു സംവിധായകരും അഞ്ചു വ്യത്യസ്ത കഥകളും ആണ് ഒന്നിക്കുന്നത്.

സെവന്‍ ആര്‍ട്‌സ് മോഹന്‍, വിനോദ് വിജയന്‍, ഫൈസല്‍ ആലപ്പുഴ എന്നിവര്‍ ചേര്‍ന്ന് പുതുതായി ആരംഭിച്ച ഡി.കട്ട്‌സ് എന്ന നിര്‍മ്മാണകമ്പനിയുടെ പ്രഥമ ചിത്രത്തിലാണ് അഞ്ചു കഥകളും അഞ്ച് സംവിധായകരും ഒന്നിക്കുന്നത്. രഞ്ജിത്തിന്റെ കേരളകഫേ, മേജര്‍ രവിയുടെ നേതൃത്വത്തില്‍ യാത്രയെ മുന്‍നിര്‍ത്തി ഒരുങ്ങുന്ന ചിത്രം എന്നിവയ്ക്കു ശേഷം ഒരുങ്ങുന്ന ഈ കൂട്ടു സംരംഭം ആക്ഷനു പ്രാധാന്യം നല്കിയാണ് തയ്യാറാക്കുന്നത്.

ജോഷി, ഷാജികൈലാസ്, എം.പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നീ മുഖ്യധാരയിലെ പ്രശസ്ത സംവിധായകരാണ് ഒറ്റ ചിത്രത്തിലൂടെ വ്യത്യസ്ത കഥകള്‍ പറയുന്നത്. ആക്ഷനെ മുന്‍നിര്‍ത്തി ഇറങ്ങുന്ന ചിത്രം പുതിയ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് നല്‍കുക.

നരനു ശേഷം ജോഷിക്ക് വേണ്ടി ഈ ചിത്രത്തിനായ് തിരക്കഥ എഴുതുന്നത് രഞ്ജന്‍ പ്രമോദ് ആണ്. രാജേഷ് ജയരാമനാണ് ഷാജികൈലാസിനായ് തിരക്കഥയൊരുക്കുന്നത്. അനൂപ്‌മേനോന്‍ ദീപനുവേണ്ടിയും, വെള്ളരി പ്രാവിലൂടെ ശ്രദ്ധിക്കപ്പെട്ട ജി.എസ്.അനില്‍ പത്മകുമാറിനു വേണ്ടിയും തൂലികയെടുക്കുന്നു. വിനോദ് വിജയന്‍ തന്നെയാണ് സ്വന്തം ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

സ്റ്റണ്ട് മാസ്റ്റര്‍മാരുടെ ടീം ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. കനല്‍ കണ്ണന്‍, ത്യാഗരാജന്‍, മാഫിയ ശശി, അനല്‍ അരശ് എന്നിവരുടെ ആക്ഷന്‍ സീനുകളാവും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് നല്ല ഒരുപേരു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ എം.ജയചന്ദ്രന്‍, ജാസി ഗിഫ്റ്റ്, രതീഷ് വേഗ, രാഹുല്‍ രാജ്, ദീപക് ദേവ് എന്നീ സംഗീത സംവിധായകരും അണിചേരുന്നുണ്ട്. സെപ്റ്റംബറില്‍ റിലീസിംഗ് ഉദ്ദേശിക്കുന്ന ഈ ഹൈടെക് ആക്ഷന്‍ ചിത്രത്തിന്റെ ഷൂട്ടിങ് മെയ്മാസം ഹൈദരബാദില്‍ ആരംഭിക്കും.

English summary
As a successor to Renjith's Kerala Cafe a new anthology cinema with five directors and five stories is going to happen

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam