»   » ഷിബുചക്രവര്‍ത്തി വീണ്ടും തിരക്കഥയിലേക്ക്

ഷിബുചക്രവര്‍ത്തി വീണ്ടും തിരക്കഥയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Shibu Chakravarthy
ഗാനരചനാരംഗത്ത് പ്രശസ്തനായ ഷിബുചക്രവര്‍ത്തി ഏറെ കാലത്തിനുശേഷം തിരക്കഥയില്‍ വീണ്ടും കൈവെക്കുകയാണ്. സെന്തില്‍ സംവിധാനം ചെയ്യുന്ന മെര്‍ക്കാറ എന്ന ചിത്രത്തിനു വേണ്ടിയാണ് ഷിബു എഴുതുന്നത്.

ഏറ്റവുമൊടുവില്‍ ഷിബു ചക്രവര്‍ത്തി തിരക്കഥയൊരുക്കിയത് ഭരതന്‍ സംവിധാനം നിര്‍വ്വഹിച്ച ചുരം എന്ന ചിത്രത്തിനു വേണ്ടിയാണ്.മനോജ് കെ.ജയനും ദിവ്യാഉണ്ണിയും പ്രധാന വേഷങ്ങളിലഭിനയിച്ച ചുരം കാടിന്റെയും അതിനെ ചുറ്റിപ്പറ്റി ജീവിതം കരുപിടിപ്പിക്കുന്ന മലയോരഗ്രാമത്തിന്റെയും കഥയാണ് പറഞ്ഞത്.

ഗാനരചനയുടെ ലോകത്ത് നിന്ന് സിനിമയുടെ മറ്റ് രംഗങ്ങളിലേക്ക് ക്രിയാത്മകതയെ ഗതി മാറ്റി വിടുന്നത് ഷിബുചക്രവര്‍ത്തി മാത്രമല്ല. അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി കഥയും തിരക്കഥയുമെഴുതി പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

ബ്രഹ്മരക്ഷസ്സ്, പല്ലാവൂര്‍ ദേവനാരായണന്‍, വടക്കുംനാഥന്‍, എന്നീ ചിത്രങ്ങള്‍ ഉദാഹരണം. രാമന്‍ പോലീസ്, എന്ന തിരക്കഥയെ കുറിച്ച് ആലോചിക്കുന്നതിനിടയിലാണ് മരണം അദ്ദേഹത്തെ തിരിച്ചു വിളിച്ചത്.

ചലച്ചിത്രഗാനശാഖയെ ലളിതസുന്ദരഗാനങ്ങള്‍ കൊണ്ടനുഗ്രഹിച്ച കവി പി. ഭാസ്‌ക്കരനാണ് ഇക്കാര്യത്തില്‍ പ്രഥമഗണനീയന്‍.നടനായും സംവിധായകനായും പി.ഭാസ്‌ക്കരന്‍ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.

അതുപോലെ സാഹിത്യഗുണമുള്ള പാട്ടുകള്‍ കൊണ്ട് ഗാനശാഖയില്‍ അടയാളപ്പെടുത്തപ്പെട്ട യൂസഫലി കേച്ചേരി സംവിധായകനായ് നിരവധി ചിത്രങ്ങള്‍ ചെയ്തു. മിക്കവയും ഹിറ്റുകളുമായിരുന്നു. സിന്ദൂരചെപ്പ്, നീലത്താമര
തുടങ്ങിയ ചിത്രങ്ങളൊക്കെ. ഇവരുടെ പാതയില്‍ വന്നവരില്‍ ആര്‍ക്കും തന്നെ യൂസഫലിയും, പി.ഭാസ്‌ക്കരനും ഒരുക്കിയ പരിസരം ഇതര രംഗങ്ങളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംവിധാനത്തില്‍ പൂര്‍ത്തിയായ മഴവില്ലിനറ്റംവരെ റിലീസിംഗ് കാത്തിരിക്കുന്നു. കൈതപ്രത്തിന്റെ സിനിമ വിശേഷം കാണാനിരിക്കുന്നതേയുള്ളൂ.

ഷിബുചക്രവര്‍ത്തിയുള്‍പ്പെടെ ഇവര്‍ക്കെല്ലാം ഗാനരചനയില്‍ കാണിക്കുന്ന കഴിവും പ്രതാപവും എഴുത്തിലും സംവിധാനത്തിലും പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

English summary
Shibu Chakravarthy, malayalam lyricist, to write script for Mercara a movie directed by Senthil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam