»   » കാണാക്കണ്‍മണിയില്‍ ജയറാമും പത്മപ്രിയയും

കാണാക്കണ്‍മണിയില്‍ ജയറാമും പത്മപ്രിയയും

Subscribe to Filmibeat Malayalam
Jayaram
വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ ഏറെ പ്രശംസകള്‍ പിടിച്ചുപറ്റിയ അക്കുഅക്‌ബര്‍-ജയറാം ടീം വീണ്ടും ഒന്നിക്കുന്നു. വെറുതെ ഒരു ഭാര്യയിലേതുപോലെതന്നെ കുടുംബജീവിതത്തിലെ ചില സന്ദര്‍ഭങ്ങളാണ്‌ പുതിയ ചിത്രത്തിലും വിഷയമാകുന്നത്‌.

കാണാക്കണ്‍മണി എന്നാണ്‌ ചിത്രത്തിന്റേ പേര്‌. ഇതില്‍ ജയറാമിന്റെ നായികയായി എത്തുന്നത്‌ പത്മപ്രിയയാണ്‌ മകളായി ബേബി നിവേദിതയും അഭിനയിക്കുന്നു. രണ്ട്‌ മതവിഭാഗത്തില്‍പ്പെട്ട ദമ്പതിമര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം.

കുട്ടിക്കാനും പീരുമേട്‌ എന്നിവിടങ്ങളാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജയറാം റോയി എന്ന ക്രിസ്‌ത്യന്‍ യുവാവിനെ അവതരിപ്പിക്കുമ്പോള്‍ തമിഴ്‌ബ്രാഹ്മണയുവതിയായ മായയ്‌ക്കാണ്‌ പത്മപ്രിയ ജീവന്‍ നല്‍കുന്നത്‌. ഇവരുടെ മകളായ അനഘയാകുന്നത്‌ ബേബി നിവേദിതയാണ്‌.

കുടുംബങ്ങളുടെ പിന്തുണയില്ലാതെ ജീവിക്കേണ്ടിവരുന്ന ദമ്പതികള്‍ക്ക്‌ മകളിലൂടെ ചില ജീവിതപാഠങ്ങള്‍ മനസ്സിലാക്കേണ്ടിവരുന്ന രീതിയിലാണ്‌ ചിത്രത്തിലെ കഥ പുരോഗമിക്കുന്നത്‌. പീരുമേട്ടിലെ ഒരു എസ്റ്റേറ്റ്‌ ബംഗ്ലാവാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നു പറയാം. ചിത്രത്തിലെ പ്രധാന മൂഹൂര്‍ത്തങ്ങളെല്ലാം നടക്കുന്നത്‌ ഈ ബംഗ്ലാവിലാണ്‌.

കഥയിലെ സംഭവങ്ങള്‍ പലകുടുംബങ്ങളിലും സംഭവിക്കുന്നത്‌ തന്നെയാണെന്ന്‌ സംവിധായകന്‍ അക്കു അക്‌ബര്‍ പറയുന്നു. ജയറാം, പത്മപ്രിയ എന്നിവര്‍ക്കു പുറമേ നെടുമുടി വേണു, ബിജുമേനോന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, വിജയരാഘവന്‍, സുകുമാരി തുടങ്ങിയവരും കാണാക്കണ്മണിയില്‍ അഭിനയിക്കുന്നുണ്ട്‌.

ആന്‍ മീഡിയയുടെ ബാനറില്‍ ആന്റോജോസഫാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. അക്കുവിന്റെ കഥയ്‌ക്ക്‌ കെ ഗിരീഷ്‌ കുമാറാണ്‌ തിരക്കഥ എഴുതിയിരിക്കുന്നത്‌. ഗിരീഷ്‌ കുമാര്‍ തന്നെ തിരക്കഥാരചന നടത്തിയ അമൃതം എന്ന ചിത്രത്തിലായിരുന്നു ജയറാമും പത്മപ്രിയയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്‌.

അതിനുശേഷം അഞ്ചിലൊരാള്‍ അര്‍ജ്ജുനന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ഇവരുടെ മൂന്നാമത്തെ ചിത്രമാണ്‌ കാണാക്കണ്‍മണി. കുടുംബസദസ്സുകളെ രസിപ്പിക്കുന്ന ചിത്രമായിരിക്കുമിതെന്ന്‌ അണിയറപ്രവര്‍ത്തകര്‍ ഉറപ്പു പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam