»   » കള്ളപ്പണം; സുരേഷ് ഗോപിയുടേത് ഇരട്ടത്താപ്പല്ലേ?

കള്ളപ്പണം; സുരേഷ് ഗോപിയുടേത് ഇരട്ടത്താപ്പല്ലേ?

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
രാഷ്ട്രീയക്കാരെ മോശക്കാരാക്കിയും സൂപ്പര്‍താരങ്ങളെ തലോടിയും നടന്‍ സുരേഷ് ഗോപിയുടെ വാര്‍ത്താസമ്മേളനം. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത വെണ്‍ശംഖുപോല്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം പ്രസ്‌ക്ലബ്ബ് നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപിയുടെ ഇരട്ടത്താപ്പ് പുറത്തായത്.

പാര്‍ലമെന്റിനേക്കാള്‍ വലുതാണ് ജനഹിതമെന്നും 120 കോടി ജനങ്ങളുടെ ചെറിയൊരു ശതമാനം മാത്രമാണ് 545 അംഗങ്ങളുള്ള പാര്‍ലമെന്റെന്നുമുള്ള തന്റെ കണ്ടെത്തല്‍ അവതരിപ്പിച്ച നടന്‍ ജനഹിതത്തിന് രാഷ്ട്രീയക്കാര്‍ വഴങ്ങേണ്ടി വരുമെന്ന ഡയലോഗ് കാച്ചാനും മറന്നില്ല. എന്നാല്‍ ജനങ്ങളാണ് ഈ പ്രതിനിധികളെ തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയച്ചതെന്ന കാര്യം മറന്നുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ വിമര്‍ശനങ്ങള്‍.

രാഷ്ട്രീയക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച കോടിക്കണക്കിന് രൂപ തിരിച്ചുകൊണ്ടുവരണമെന്നും നടന്‍ ആവശ്യപ്പെട്ടു. ഈ നേരത്ത് സൂപ്പര്‍താരങ്ങളുമായി ബന്ധപ്പെട്ട ആദായനികുതി റെയ്ഡിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ സുരേഷ് ഗോപിയുടെ സ്വരംമാറി.

നികുതിവെട്ടില്‍ ഇവരുടെ പ്രതിച്ഛായ മോശപ്പെട്ടുവോയെന്ന ചോദ്യത്തിന് അവര്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. എന്റെ അറിവില്‍ അവര്‍ തെറ്റ് ചെയ്തതായി തെളിവുകളില്ല, മറ്റുള്ളതെല്ലാം ആരോപണങ്ങള്‍ മാത്രമാണ്.

ആദായനികുതി വകുപ്പ് സൂപ്പര്‍താരങ്ങള്‍ക്ക് 30 കോടി രൂപയുടെ അനധികൃത സ്വത്തുള്ളതായി വെളിപ്പെടുത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ക്കിരുവര്‍ക്കും കൃത്യമായ കണക്കുകള്‍ സൂക്ഷിയ്ക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിശദീകരണം. വലിയ തിരക്കുള്ളവരാണ് അവര്‍. താരങ്ങളുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പിഴവാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്.

ഇവരെക്കുറിച്ച ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ഒഴിഞ്ഞുമാറാനും സുരേഷ് ഗോപി ശ്രമിച്ചു. എന്തിനാണ് ഇവര്‍ രണ്ടു പേരെ മാത്രം ലക്ഷ്യമിടുന്നത്. ഒരുപാട് രാഷ്ട്രീയക്കാര്‍ കള്ളപ്പണം സമ്പാദിച്ചിട്ടില്ലേ? സിനിമാസ്റ്റൈലില്‍ തന്നെ സ്‌ക്രീനിലെ തീപ്പൊരി നടന്‍ വാര്‍ത്താസമ്മേളനത്തിന്റെ ദിശമാറ്റി.

സിനിമയില്‍ അഭിനയിക്കുക മാത്രമല്ല തിയേറ്ററില്‍ ആളുകളെ എത്തിക്കുകയും താരങ്ങളുടെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. നൂറു ദിവസം ഓടുന്നതെല്ലാം നല്ല സിനിമകളല്ല. കലാമൂല്യമുള്ള ചിത്രങ്ങള്‍ വേണ്ടത്ര സ്വീകരിക്കപ്പെടുന്നില്ലെങ്കിലും അത്തരം സിനിമകളില്‍ ഇനിയും അഭിനയിക്കും. ചിത്രത്തില്‍ നന്ദകിഷോര്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

കുടുംബപ്രേക്ഷകര്‍ക്കു വേണ്ടിയാണ് ചിത്രമെടുത്തതെന്ന് അശോക് ആര്‍.നാഥ് പറഞ്ഞു. കാമറാമാന്‍ രാമചന്ദ്രബാബു, തിരക്കഥാകൃത്ത് അനില്‍ മുഖത്തല, നിര്‍മാതാവ് സനല്‍ തോട്ടം എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.

English summary
Popular actor Suresh Gopi on Sunday hit out at politicians having Swiss Bank accounts but added in the same breath that superstars Mammootty and Mohanlal were being unnecessarily harassed over their unaccounted assets.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam