»   » ചെലവ്‌ ചുരുക്കല്‍: ‍ലാല്‍-ജോഷി ചിത്രം ഉപേക്ഷിച്ചു

ചെലവ്‌ ചുരുക്കല്‍: ‍ലാല്‍-ജോഷി ചിത്രം ഉപേക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam
Lal
നരന്‍ എന്ന സൂപ്പര്‍ഹിറ്റിന്‌ ശേഷം മോഹന്‍ലാല്‍-ജോഷി ടീം വീണ്ടും ഒന്നിയ്‌ക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമകളുടെ നിര്‍മാണ ചെലവ്‌ മൂന്നരക്കോടി കവിയരുതെന്ന നിബന്ധന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങിയതാണ്‌ ജോഷി-ലാല്‍ ചിത്രത്തിന്‌ തിരിച്ചടിയായത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ഉതൃട്ടാതി ഫിലിംസിന്റെ ബാനറില്‍ മൂന്നരക്കോടിയുടെ ബജറ്റില്‍ ചിത്രം തീര്‍ക്കാനാണ്‌ നിര്‍മാതാവായ ശശി അയ്യഞ്ചിറ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ചെലവ്‌ അഞ്ച്‌ കോടി കവിയുമെന്ന്‌ ജോഷി അറിയിച്ചതോടെ അസോസിയേഷന്റെ നിര്‍ദ്ദേശ പ്രകാരം ചിത്രം നിര്‍മിയ്‌ക്കുന്നതില്‍ നിന്നും ശശി അയ്യഞ്ചിറ പിന്‍മാറുകയായിരുന്നു. താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമായി നിര്‍മാതാവ്‌ 50 ലക്ഷം രൂപയോളം അഡ്വാന്‍സ്‌ നല്‍കിയതിന് ശേഷമാണ് ചിത്രം ഉപേക്ഷിയ്‌ക്കുന്നത്.

ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുക്കാനിരുന്ന കുടുംബ ചിത്രത്തില്‍ ഇടത്തരക്കാരനായ സത്യവാഗീശ്വരന്‍ എന്നൊരു ബാങ്ക് ജീവനക്കാരന്റെ വേഷമാണ് ലാലിന് നിശ്ചയിച്ചിരുന്നത്. എകെ സാജന്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കാവ്യ മാധവനെ നായികയാക്കാനും തീരുമാനിച്ചിരുന്നു.

ബജറ്റ്‌ മൂന്നരക്കോടിയ്‌ക്ക്‌ മേല്‍ കവിയരുതെന്ന നിബന്ധനയ്‌ക്ക്‌ പുറമെ ഷൂട്ടിങ്‌ 45 ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കണമെന്നും 60,000 അടി ഫിലിം മാത്രമേ ഉപയോഗിക്കാവൂയെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ അസോസിയേഷന്‍ നിര്‍മാതാക്കള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ഈ വ്യവസ്‌ഥ ലംഘിക്കുന്ന പടങ്ങള്‍ക്കു നിര്‍മാണ അനുമതി നല്‍കില്ലെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജി സുരേഷ്‌കുമാര്‍ അറിയിച്ചിട്ടുണ്ട്‌. സാങ്കേതിക വിദഗ്‌ധരുടെ സംഘടനയായ ഫെഫ്‌കയുമായി ഇക്കാര്യത്തില്‍ അസോസിയേഷന്‍ ധാരണയിലെത്തിയിട്ടുണ്ട്‌.

മോഹന്‍ലാല്‍ ചിത്രത്തിന്റെ പൂജ ഒക്ടോബര്‍ 15ന്‌ നടത്താനാണ്‌ തീരുമാനിച്ചിരുന്നത്‌. മൂന്നരക്കോടി രൂപ ചെലവില്‍ പൊള്ളാച്ചിയിലും പാലക്കാട്ടുമായി സിനിമ ചിത്രീകരിക്കണമെന്നാണ്‌ ജോഷിയോട്‌ നിര്‍മാതാവ് ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ ലൊക്കേഷന്‍ പോണ്ടിച്ചേരിക്ക്‌ മാറ്റുകയും 70 ദിവസം ഷൂട്ടിങ്‌ വേണ്ടിവരുമെന്നും സംവിധായകന്‍ അറിയിച്ചതോടെ ബജറ്റ്‌ അഞ്ചു കോടിയാകുമെന്ന്‌ വ്യക്‌തമായി. അസോസിയേഷന്റെ നിബന്ധകള്‍ പാലിയ്‌ക്കാന്‍ കഴിയാതെ വരുമെന്ന്‌ വ്യക്തമായതോടെ ചിത്രം ഉപേക്ഷിയ്‌ക്കാന്‍ തീരുമാനിക്കുകായയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam