»   » മാണിക്യത്തില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍

മാണിക്യത്തില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
വാഴക്കൂമ്പ്‌ പോലൊരു പെണ്ണ്‌. മാണിക്യത്തെ പാലേരിക്കാര്‍ വിശേഷിപ്പിച്ചതങ്ങനെയാണ്‌. 'അവള' എന്ന ദേശത്തു നിന്നാണ്‌ 'പൊക്കന്‍' മാണിക്യത്തെ കെട്ടി പാലേരിയിലേക്ക്‌ കൊണ്ടു വന്നത്‌. അങ്ങനെയവള്‍ പാലേരി മാണിക്യമായി. എന്നാല്‍ ഭര്‍തൃഗൃഹത്തില്‍ പതിനൊന്ന്‌ ദിവസമേ മാണിക്യം ജീവിച്ചിരുന്നുള്ളൂ. സൗന്ദര്യം ഒരു ശാപമായി മാറിയ......, പാലേരി മാണിക്യത്തിന്റെ ദുരന്ത കഥ രഞ്‌ജിത്ത്‌ പറയാന്‍ തുടങ്ങുകയാണ്‌.

ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന പാലേരി മാണിക്യത്തിന്റെ  ചിത്രീകരണം ജൂലായ്‌ മൂന്നിന്‌ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ്‌ ആരംഭിയ്‌ക്കുന്നത്‌.

1950കളില്‍ കേരളത്തില്‍ നടന്ന ഒരു കൊലപാതകത്തിന്‌ പിന്നിലുള്ള ദുരൂഹതകളും അതിന്റെ അന്വേഷണവുമാണ്‌ പാലേരി മാണിക്യത്തിന്റെ പ്രമേയം. കേരള സമൂഹത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതകത്തെ കേന്ദ്രമാക്കി 1960കളില്‍ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച ടിപി രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവലിനെ അധികരിച്ചാണ്‌ രഞ്‌ജിത്ത്‌ ചിത്രം ഒരുക്കുന്നത്‌. പുതിയ കാലത്തെ പ്രേക്ഷകരെ മുന്നില്‍ കണ്ട് കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനും സംവിധായകന്‍ തയ്യാറായിട്ടുണ്ട്‌.

ഏറെ പഠനങ്ങള്‍ക്ക്‌ ശേഷമാണ്‌ മമ്മൂട്ടിയെ നായകനാക്കി കൊണ്ട്‌ രഞ്‌ജിത്ത്‌ പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക്‌ കടക്കുന്നത്‌. ചിത്രത്തില്‍ മമ്മൂട്ടി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അര നൂറ്റാണ്ട്‌ മുമ്പ്‌ നടന്ന കൊലപാതകത്തിന്റെ ദുരൂഹതകളുടെ വേരുകള്‍ ചികഞ്ഞെത്തുന്ന സിബിഐ ഓഫീസറുടെ വേഷമാണ്‌ ഇതിലൊന്ന്‌. മാണിക്യം കൊല്ലപ്പെടുന്ന കാലത്ത്‌ ജീവിച്ചിരുന്ന മുസ്ലീം ഭൂവുടമയുടെ വേഷവും മമ്മൂട്ടി തന്നെയാണ്‌ അവതരിപ്പിയ്‌ക്കുന്നതെന്നറിയുന്നു. എന്നാല്‍ ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും പ്രത്യേകിച്ച്‌ ബന്ധമൊന്നുമില്ല.

ഏറെ പുതുമകളോടെയാണ്‌ രഞ്‌ജിത്ത്‌ പാലേരി ദേശത്തെ പ്രജകളെ കണ്ടെത്തിയിരിക്കുന്നത്‌. ചിത്രത്തിലെ നായികയുള്‍പ്പെടെ പ്രധാന കഥാപാത്രങ്ങളെയെല്ലാം നാടകരംഗത്തു നിന്നാണ്‌ പാലേരിയുടെ അണിയറക്കാര്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇവര്‍ക്ക്‌ രഞ്‌ജിത്തിന്റെയും മുരളീ മേനോന്റെയും നേതൃത്വത്തില്‍ ഒരു മാസം നീണ്ട അഭിനയ കളരിയും സംഘടിപ്പിച്ചിരുന്നു. കഥയിലെ കേന്ദ്ര കഥാപാത്രമായ മാണിക്യത്തെ അവതരിപ്പിയ്‌ക്കുന്ന പത്തനംതിട്ട സ്വദേശിനിയായ മൈഥിലിയും നാടകരംഗത്ത്‌ നിന്നാണ്‌ സിനിമയിലെത്തിയത്‌. തമിഴ്‌ ചിത്രമായ ഗുതിരൈയിലൂടെ വെള്ളിത്തിരയിലെത്തിയ മൈഥിലിയുടെ ആദ്യ ചിത്രമാണ്‌ പാലേരി മാണിക്യം.

പുതുമുഖ താരങ്ങള്‍ക്ക്‌ പുറമെ ശ്രീനിവാസന്‍, സിദ്ധിഖ്‌, സാദിക്ക്‌, വിജയരാഘവന്‍, ബോളിവുഡ്‌ താരം ഗൗരി എന്നിവരും പാലേരിയില്‍ അഭിനയിക്കുന്നുണ്ട്‌. നവാഗാതനായ പ്രകാശ്‌ കുട്ടിയാണ്‌ പാലേരി മാണിക്യത്തിന്റെ കഥ ക്യാമറയിലേക്ക്‌ പകര്‍ത്തുന്നത്‌. വര്‍ണചിത്ര ബിഗ്‌ സ്‌ക്രീനിന്റെ ബാനറില്‍ കെവി അനൂപും സുബൈറും ചേര്‍ന്നാണ്‌ പാലേരി മാണിക്യം നിര്‍മ്മിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam