»   » മലയാളത്തിന് പാരയായത് കുട്ടിസ്രാങ്കോ?

മലയാളത്തിന് പാരയായത് കുട്ടിസ്രാങ്കോ?

Posted By:
Subscribe to Filmibeat Malayalam
Kutty Shranku
പുരസ്‌ക്കാരങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങളെന്ന പതിവിന് ഇത്തവണയും മാറ്റമില്ല. 2008ലെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് കാര്യമായി ഒന്നും തടഞ്ഞില്ലെങ്കിലും വിവാദങ്ങള്‍ക്ക യാതൊരു പഞ്ഞവുമില്ല. ഇക്കാര്യത്തില്‍ ആദ്യ വെടി പൊട്ടിച്ചിരിയ്ക്കുന്നത് ടിവി ചന്ദ്രനാണ്.

ജൂറി കമ്മിറ്റിയിലുണ്ടായിരുന്ന ഷാജി എന്‍ കരുണന്‍ മലയാളത്തെ കരുതിക്കൂട്ടി അവഗണിച്ചുവെന്നാണ് ടിവി ചന്ദ്രന്‍ ആരോപിയ്ക്കുന്നത്. ദേശീയ അവാര്‍ഡ് പ്രഖ്യാപനം ഇങ്ങനെയൊക്കെയേ വരൂ, ഇവിടെ കാണിച്ചാല്‍ പ്രേക്ഷകര്‍ കൂവുമെന്നുള്ളത് കൊണ്ടാണ് ഷാജി എന്‍ കരുണിന്റെ ചിത്രങ്ങള്‍ കേരളത്തിനു പുറത്ത് പ്രദര്‍ശിപ്പിക്കുന്നതെന്നും ചന്ദ്രന്‍ പരഹസിയ്ക്കുന്നു.

ജൂറി ചെയര്‍മാന്‍ ഷാജി ഉത്തരേന്ത്യന്‍ സിനിമാ ലോബിയെ സഹായിച്ചുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. 2009ലെ ദേശീയപുരസ്‌ക്കാരങ്ങള്‍ ലക്ഷ്യമിട്ട് മമ്മൂട്ടിയെ നായകനാക്കി ഷാജി ഒരുക്കിയ കുട്ടിസ്രാങ്കും മത്സരിയ്ക്കുന്നുണ്ട്. അപ്പോള്‍ പിന്തുണ ലഭിയ്ക്കുന്നതിന് ഷാജി ഉത്തരേന്ത്യന്‍ ലോബിയെ സാഹയിച്ചുവെന്നാണ് ആരോപണം.

പുരസ്‌ക്കാര നിര്‍ണയവേളയില്‍ ഹിന്ദി-മറാത്തി ചിത്രങ്ങള്‍ക്ക് വേണ്ടി വാദമുയര്‍ന്നപ്പോള്‍ ചെയര്‍മാന്‍ മൗനം പാലിയ്ക്കുകയാണ് ചെയ്തത്. അടൂരുമായി പല കാര്യങ്ങളിലും ഭിന്നതയുള്ള ഷാജി അടൂരിന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തെ തഴഞ്ഞ കാര്യവും ആരോപണം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിക്കാതെ പോകുന്നത് ഇതാദ്യമാണല്ലോ എന്ന ചോദ്യത്തോട് ഷാജി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അവാര്‍ഡ് വ്യക്തിക്കല്ല, സിനിമയ്ക്കാണ്. വോട്ടെടുപ്പില്ലാതെ ഏകകണ്ഠമായാണ് എല്ലാ അവാര്‍ഡുകളും തീരുമാനിച്ചത്. ജൂറി ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് പ്രാദേശിക വികാരം നോക്കാനാവില്ല, മികച്ച സിനിമയേതെന്നു മാത്രമാണ് ഞാന്‍ പരിഗണിച്ചത്.

ഷാജിയുടെ അഭിപ്രായങ്ങള്‍ തെറ്റെന്ന് ആരും പറയില്ല. അടൂരിന്റെയോ ചന്ദ്രന്റെയോ സിനിമയായാലും മികച്ചതായാലേ പുരസ്‌ക്കാരത്തിന് പരിഗണിയ്ക്കാനാവൂ. 2008ലെ മികച്ച ചിത്രത്തെയും സംവിധായകനെയും നിര്‍ണയിക്കുമ്പോള്‍ അടൂര്‍-ടിവി ചന്ദ്രന്‍ എന്നിവരുടെ സിനിമകള്‍ ബംഗാളി, മറാത്തി സിനിമകള്‍ക്ക് പിന്നിലായിപ്പോയിട്ടുണ്ടാകാം. എന്നാല്‍ ആ വര്‍ഷത്തെ മികച്ച പ്രാദേശിക സിനിമയ്ക്കുള്ള പുരസ്‌ക്കാരം നേടിയ തിരക്കഥയുടെ നിലവാരത്തേക്കാളും താഴെയായിരുന്നോ അവരുടെ സിനിമകള്‍. മികച്ച പ്രാദേശിക ചിത്രമെന്ന അവാര്‍ഡിന് പോലും അടൂര്‍-ടിവി ചന്ദ്രന്‍ സിനിമകള്‍ക്ക് അര്‍ഹത ഉണ്ടായിരുന്നില്ലേ? അങ്ങനെയൊരു അഭിപ്രായം തിരക്കഥയുടെ സംവിധായകന്‍ രഞ്ജിത്തിന് പോലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇനി വായനക്കാര്‍ തന്നെ പറയൂ കുട്ടിസ്രാങ്ക് തന്നെയാണോ വില്ലന്‍?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam