»   » യുവത്വത്തിന്റെ കഥയുമായി ഋതു

യുവത്വത്തിന്റെ കഥയുമായി ഋതു

Posted By:
Subscribe to Filmibeat Malayalam
Shyama Prasad
സന്തോഷം ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കുന്ന തിരക്കില്‍ ബന്ധങ്ങള്‍ സേവ്‌ ചെയ്യാന്‍ മറക്കുന്ന ഐടി യുവത്വത്തിന്റെ കഥയുമായി ശ്യാമപ്രസാദ്‌ എത്തുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ച 'ഒരേ കടലി'ന്‌ ശേഷം നൂറു ശതമാനം പുതുമുഖങ്ങളെ അണിനിരത്തി 'ഋതു'വെന്ന ചിത്രവുമായാണ്‌ ശ്യാമപ്രസാദ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്‌.

കണ്ടുപഴകിയ സുഹൃത്‌ ബന്ധങ്ങളുടെ ക്ലീഷേകളെല്ലാം ചവറ്റുകുട്ടയിലെറിഞ്ഞാണ്‌ സംവിധായകന്‍ ഋതുവെന്ന ലളിത സുന്ദരമായ ടൈറ്റില്‍ പുതിയ ചിത്രം അവതരിപ്പിയ്‌ക്കുന്നത്‌. ഐടി ലോകത്തിന്റെ വര്‍ണശബളമായ കാഴ്‌ചകളിലേക്ക്‌ മാത്രമല്ല, ബന്ധങ്ങളുടെ കരുത്തിലേക്കും അവ ജീവിതത്തില്‍ സൃഷ്ടിയ്‌ക്കുന്ന മാറ്റങ്ങളിലേക്കും സംവിധായകന്‍ ആസ്വാദകരെ കൂട്ടിക്കൊണ്ടു പോകുന്നു.

ശരത്‌, വര്‍ഷ, സണ്ണി ഐടി പാര്‍ക്കിലെ നല്ല സുഹൃത്തുക്കള്‍. ഈ മേഖലയിലെ പുതിയ ചാഞ്ചാട്ടങ്ങള്‍ യുവത്വത്തെയും പിടിച്ചുലയ്‌ക്കുന്ന കാലത്ത്‌ ജീവത സാഹചര്യങ്ങളും ഋതുഭേദങ്ങള്‍ പോലെ മാറും. ജീവിത്തിലെ മാറ്റങ്ങള്‍ ഈ കൂട്ടുകാരുടെ ബന്ധങ്ങളിലും സൗഹൃദങ്ങളിലും എങ്ങനെ പ്രതിഫലിയ്‌ക്കുന്നുവെന്നതാണ്‌ ഋതുവിലെ പ്രമേയം.

പൂനെ ഫിലിം ഇന്‍സിസ്റ്റിറ്റിയൂട്ട്‌ വിദ്യാര്‍ത്ഥിയായ നിഷാന്‍, ടിവി അവതാകരനായ ആസിഫ്‌ അലി, റീമ കല്ലിങ്കല്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്നത്‌. ഏറെ അന്വേഷണങ്ങള്‍ക്ക്‌ ശേഷമാണ്‌ ശ്യാമപ്രസാദ്‌ ഈ താരങ്ങളെ കണ്ടെത്തിയത്‌. ഇവര്‍ മാത്രമല്ല സിനിമയിലെ മറ്റെല്ലാ അഭിനേതാക്കളും മറ്റു പ്രധാന സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങളാണ്‌. ഈ പുതിയ മുഖങ്ങളിലെ ഊര്‍ജ്ജസ്വലത ഋതുവിനും ഒരു ഫ്രെഷ്‌നസ്സ്‌ നല്‌കുമെന്ന്‌ ശ്യാമപ്രസാദ്‌ കരുതുന്നു.

ട്രെന്‍ഡാകുമെന്ന്‌ കരുതപ്പെടുന്ന ചിത്രത്തിലെ ആറു ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌ രാഹൂല്‍-റഫീക്ക്‌ അഹമ്മദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌. മാധ്യമ പ്രവര്‍ത്തകനായ ജോഷ്വാ ന്യൂട്ടന്‍ ഋതുവിന്റെ തിരക്കഥയൊരുക്കി സിനിമയില്‍ ചുവട്‌ വെയ്‌ക്കുന്നു. ക്യാമറമാന്‍ ഷാംദത്തും ഈ രംഗത്ത്‌ പുതിയമ മുഖം തന്നെയാണ്‌. ഋതുവിന്റെ പ്രത്യേകതകള്‍ ഇവിടെ തീരുന്നില്ല,

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പ്ലേ ഹൗസ്‌ വിതരണരംഗത്ത്‌ പ്രവേശിയ്‌ക്കുന്നതും ഋതുവിലൂടെയാണ്‌. സൂപ്പര്‍ സ്റ്റാറുകള്‍ പുതുമുഖങ്ങളുടെ വഴിമുടക്കികളാവുന്നുവെന്ന ആക്ഷേപത്തിനുള്ള താരത്തിന്റെ മറുപടി കൂടിയാണിത്‌. ബാംഗ്ലൂര്‍ സ്വദേശിയായ വചന്‍ ഷെട്ടി നിര്‍മ്മിയ്‌ക്കുന്ന ചിത്രം ജൂലായ്‌ അവസാനത്തോടെ തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ ആലോചിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam