»   » കുട്ടിസ്രാങ്കിന്റെ പ്രീമിയര്‍ മോണ്‍ട്രിയലില്‍

കുട്ടിസ്രാങ്കിന്റെ പ്രീമിയര്‍ മോണ്‍ട്രിയലില്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
ലോക ചലച്ചിത്ര വേദിയില്‍ വീണ്ടും മലയാളത്തിന്റെ ആരവമുയരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പ്രതിഭകളെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന മമ്മൂട്ടിയും ഷാജി എന്‍ കരുണനും ആദ്യമായി ഒന്നിയ്‌ക്കുന്ന കുട്ടിസ്രാങ്കിന്റെ പ്രഥമ പ്രദര്‍ശനം മോണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നടക്കും. ആഗസ്‌റ്റ്‌ 27 മുതല്‍ സെപ്‌റ്റംബര്‍ ഏഴു വരെയാണ്‌ ലോകപ്രശസ്‌തമായ മോണ്‍ട്രിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ നടക്കുന്നത്‌.

ചലച്ചിത്രോത്സവത്തിലെ 'ഗ്രേറ്റ്‌ ഫിലിം സെക്ഷന്‍' എന്ന വിഭാഗത്തില്‍ ലോകപ്രശസ്‌ത ചലച്ചിത്രകാരന്‍മാരായ വൂഡി അലന്‍, ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദി എന്നിവരുടെ പുതിയ ചിത്രങ്ങള്‍ക്കൊപ്പമായിരിക്കും കുട്ടിസ്രാങ്കും പ്രദര്‍ശിപ്പിയ്‌ക്കുക. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്‌ ബിഗ്‌ പിക്‌ചേഴ്‌സിന്റെ മലയാളത്തിലെ ആദ്യ സംരഭമാണ്‌ കുട്ടിസ്രാങ്ക്‌.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

മൂന്നു സ്‌ത്രീകളുടെ വ്യത്യസ്‌ത വീക്ഷണ കോണുകളിലൂടെ ഒരു പുരുഷന്റെ കഥ പറയുന്ന കുട്ടിസ്രാങ്ക്‌ അമ്പതുകളുടെ കാലഘട്ടമാണ്‌ പശ്ചാത്തലമാക്കുന്നത്‌. സാഹിത്യത്തില്‍ ഏറെ പ്രശംസിയ്‌ക്കപ്പെട്ടിട്ടുള്ള മാജിക്കല്‍ റിയലിസത്തിന്റെ ശൈലി സിനിമയില്‍ പരീക്ഷിയ്‌ക്കുകയാണ്‌ സംവിധായകന്‍.

"കുട്ടിസ്രാങ്കിനെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെങ്കിലും അയാളെക്കുറിച്ച്‌ കൂടുതലൊന്നും ആര്‍ക്കുമറിയുമായിരുന്നില്ല. നാടകവും കവിതയും യാത്രയുമൊക്കെയായി ജീവിതം തോന്നുംപടി ജീവിച്ചു തീര്‍ത്ത സ്രാങ്കിനെക്കുറിച്ച്‌, അയാളുടെ ജീവിതത്തില്‍ പലപ്പോഴായി വന്നു പോയ മൂന്നു സ്‌ത്രീകള്‍ അനുസ്‌മരിക്കുകയാണ്‌. അവരിലൂടെ കുട്ടിസ്രാങ്കിനെ പ്രേക്ഷകരും അടുത്തറിയുന്നു. മൂന്ന്‌ സ്‌ത്രീകളുടെ അനുഭവങ്ങളില്‍ നിന്ന്‌ നാലാമതൊരു കുട്ടിസ്രാങ്ക്‌ ജനിക്കുന്നു". പെണ്മേന, കാളി, രേവമ്മ എന്നിവരാണ്‌ സ്രാങ്കിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നത്‌. മാലിനി മുഖര്‍ജി, മീനാകുമാരി, പത്മപ്രിയ എന്നിവരാണ്‌ ഈ വേഷങ്ങളില്‍ എത്തുന്നത്‌.

മമ്മൂട്ടി ആദ്യമായാണ്‌ ഷാജിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. പത്മരാജന്റെ കൂടെവിടെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ക്ക്‌ ഷാജി ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്‌. പ്രശസ്‌ത കഥാകൃത്ത്‌ പി എഫ്‌ മാത്യൂസാണ്‌ കുട്ടിസ്രാങ്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌. സായി കുമാര്‍, സുരേഷ്‌ കൃഷ്‌ണ, സിദ്ദിഖ്‌, രാജീവ്‌ കളമശേരി, ജോണി എന്നിവരും മറ്റു പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. സന്തോഷ്‌ ശിവന്റെ സഹായിയായിരുന്ന അഞ്‌ജലി ശുക്ലയാണ്‌ കുട്ടിസ്രാങ്കിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X