»   » 916ഉം ഇനി ചാനലില്‍ കാണാം

916ഉം ഇനി ചാനലില്‍ കാണാം

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam

സംവിധായകന്‍ എം.മോഹനന്റെ കാര്യമാണ് മഹാ കഷ്ടം. ആദ്യസിനിമ സൂപ്പര്‍ഹിറ്റായപ്പോള്‍ രണ്ടാമത്തെ ചിത്രമായ മാണിക്യക്കല്ല് ചെറിയൊരു ഇടവേള നല്‍കിയാണ് ഒരുക്കിയത്. അധ്യാപകന്റെയും സ്‌കൂളിനെ്‌റെയും കഥ പറഞ്ഞ മാണിക്യക്കല്ല് നല്ലൊരു സിനിമയായിരുന്നു. മോഹനന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. അതുതന്നെയായിരുന്നു സിനിമ തിയറ്ററില്‍ നല്ല വിജയം നേടാതെ പോയതും.

916

മാധ്യമങ്ങളെ ബഹിഷ്‌ക്കരിച്ച് പൃഥ്വിരാജ് വിവാഹം കഴിച്ച സമയമായിരുന്നു അന്ന്. പൃഥ്വിയുടെ വിവാഹഫോട്ടോ ലഭിക്കാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളെല്ലാം പൃഥ്വിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തി. ഈ സമയത്താണ് മാണിക്യക്കല്ല് തിയറ്ററില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷനു വേണ്ടി മോഹനന്‍ ഓടി നടന്നെങ്കിലും ഫലമുണ്ടായില്ല. പൃഥ്വിയോടുള്ള കലിപ്പ് എല്ലാവരും തീര്‍ത്തത് മോഹനന്റെ മാണിക്യക്കല്ലിനോടായിരുന്നു. രണ്ടാഴ്ച തിയറ്ററില്‍ ഓടിയ ശേഷം ചിത്രം ഹോള്‍ഡ് ഓവറായി. ചാനലുകളും പത്രങ്ങളും വേണ്ട പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ മാണിക്യക്കല്ല് 50 ദിവസമെങ്കിലും തിയറ്ററില്‍ ഓടുമായിരുന്നു. പിന്നീട് ചാനലില്‍ സംപ്രേക്ഷണം ചെയ്തപ്പോഴാണ് മിക്കവരും സിനിമ കാണുന്നത്. നല്ലൊരു ചിത്രമാണ് മാണിക്യക്കല്ല് എന്ന് എല്ലാവരും പറയാന്‍ തുടങ്ങിയത് ഇതേതുടര്‍ന്നാണ്.

പുതിയ ചിത്രമായ 916 ന്റെ പരാജയത്തിനു പ്രധാനകാരണം അതിലെ നായകന്‍ അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് തിരക്കഥയെഴുതി വി.കെ. പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജിനെക്കുറിച്ചു വന്ന മോശം അഭിപ്രായങ്ങളാണ് 916ന്റെ ഭാവി തീരുമാനിച്ചത്. കക്കൂസ് സംസ്‌കാരം വീടിന്റെ ഉമ്മറത്തേക്ക് കൊണ്ടുവന്ന സിനിമയാണെന്നാണ് പല പ്രധാന സംവിധായകരും ഇതിനെക്കുറിച്ച് വിമര്‍ശിച്ചത്. കുടുംബ സംവിധായകരായ സത്യന്‍ അന്തിക്കാട്, ബാലചന്ദ്രമേനോന്‍ എന്നിവരും ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍ വരെ പിന്നീട് വിമര്‍ശനവുമായി എത്തി. ട്രിവാന്‍ഡ്രം ലോഡ്ജ് ചെറുപ്പക്കാര്‍ കണ്ട് ഹിറ്റാക്കിയെങ്കിലും അനൂപ് മേനോനെക്കുറിച്ച് കുടുംബ പ്രേക്ഷകരില്‍ ഉണ്ടായത് മോശം അഭിപ്രായമായിരുന്നു. അതാണ് 916ന് ദോഷമായതും. അനൂപിന്റെ ചിത്രം കുടുംബസമേതം കാണാന്‍ പറ്റില്ലെന്ന പ്രചാരണം ശക്തമാണിപ്പോള്‍. അനൂപ് നായകനായ ചിത്രം കാണണ്ട എന്ന അഭിപ്രായം വന്നതോടെ മോഹനന്‍ പരക്കംപാച്ചിലിലായി. ചിത്രത്തെ എങ്ങനെയെങ്കിലും പൊക്കിയെടുക്കാന്‍. മൂന്നുകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച സിനിമയാണ്. പക്ഷേ ആദ്യവാരം തന്നെ അദ്ദേഹത്തിന്റെ നാടായ തലശേരിയില്‍ വരെചിത്രം തിയറ്റര്‍ വിട്ടു. ഇനി 916ഉം ചാനലില്‍ കാണാം.

English summary
What worked against 916? The preachy story or presence of Anoop Menon?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam