»   » അഭിനയിക്കാൻ മോഹൻലാൽ സമ്മതിക്കില്ല, ദൃശ്യം സിനിമയിലെ 'കഷ്ടപ്പാടിനെ' കുറിച്ച് സിദ്ധിഖ്

അഭിനയിക്കാൻ മോഹൻലാൽ സമ്മതിക്കില്ല, ദൃശ്യം സിനിമയിലെ 'കഷ്ടപ്പാടിനെ' കുറിച്ച് സിദ്ധിഖ്

Posted By: Rohini
Subscribe to Filmibeat Malayalam
'മോഹന്‍ലാല്‍ അഭിനയിക്കാന്‍ സമ്മതിക്കില്ലെന്ന് സിദ്ദിഖ്' | Filmibeat Malayalam

കലാ പരമായും വാണിജ്യപരമായും വിജയം കണ്ട ചിത്രമാണ് ജീത്തു ജോസഫിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൃശ്യം. വികാരപരമായ ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്. ക്ലൈമാക്സിൽ മകൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ച് ഐജി ഗീത പ്രഭാകറും ഭർത്താവ് പ്രഭാകറും ജോർജ്ജുകുട്ടിയെ കാണാൻ വരുന്ന രംഗവും അതിലൊന്നാണ്.

ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി; സിദ്ദിഖിനെ ഞെട്ടിച്ച മോഹന്‍ലാല്‍

ഈ രംഗത്ത് മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഏറെ പ്രയാസപ്പെട്ടു എന്ന് സിദ്ധിഖ്. മോഹൻലാലിനുള്ള ആദരവായി മനോരമ ഓൺലൈൻ അവതരിപ്പിയ്ക്കുന്ന വേഷങ്ങൾ എന്ന സമ്പൂർണ മോഹൻലാൽ ആപ് പ്രകാശന ചടങ്ങിലാണ് ലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള പ്രയാസങ്ങളെ കുറിച്ച് സിദ്ധിഖ് സംസാരിച്ചത്. സിദ്ധിഖിൻറെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.

വെളിപാട് വരെ

ലാലിനൊപ്പം ഒരുപാട് സിനിമകളിൽ വിവിധ കഥാപാത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഭൂമിയിലെ രാജാക്കന്മാർ മുതൽ ഇപ്പോൾ റിലീസായ വെളിപാടിൻറെ പുസ്തകം വരെ. എൻറെ കരിയറിൻറെ വളർച്ച മനസ്സിലാക്കാൻ മോഹൻലാലിനൊപ്പം അഭിനയിച്ച കഥാപാത്രങ്ങളെ നോക്കിയാൽ മതിയാവും.

എന്നിലെ നടൻറെ വളർച്ച

ഞാൻ പല വേദികളിലും പറഞ്ഞിട്ടുള്ളതാണ്, മോഹൻലാലിനെ പോലെയുള്ള പ്രഗത്ഭരായ നടന്മർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് എന്നിലെ നടന് എന്തെങ്കിലും വളർച്ചയുണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം.

ലാലിനൊപ്പമഭിനയിക്കുമ്പോഴുള്ള പ്രയാസം

മറ്റ് നടന്മാരോടൊപ്പം അഭിനയിക്കുന്നതിനെക്കാൾ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഉള്ള വിഷമം എന്നത് ഒരു സീൻ മോശമായാൽ അത് മോഹൻലാലിൻറെ കുറ്റമായിരിക്കില്ല. ഞാൻ കാരണമാവും. അപ്പോൾ ആ സീൻ നന്നാക്കാനുള്ള ബാധ്യത ലാലിനെക്കാൾ കൂടുതൽ എനിക്കായിരിയ്ക്കും.

ലാൽ സമ്മതിക്കില്ല

ശ്രദ്ധിച്ച് സംഭാഷണങ്ങൾ പഠിച്ച് അതിലെ കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അഭിനയിക്കാം എന്ന് വിചാരിച്ചാൽ ലാൽ സമ്മതിക്കില്ല. അദ്ദേഹം തമാശകൾ പറഞ്ഞുകൊണ്ടിരിയ്ക്കും. അദ്ദേഹത്തിന് ആക്ഷൻ പറയുന്ന സെക്കൻറിൽ അഭിനയിക്കാൻ സാധിക്കും. നമുക്കതിന് കഴിയില്ല.

ഒന്നും മൈൻറ് ചെയ്യില്ല

ബലൂൺ വീർപ്പിയ്ക്കുന്നത് പോലെ വീർപ്പിച്ച് കൊണ്ടു വന്നുവേണം നമുക്ക് അതൊന്ന് അവതരിപ്പിക്കാൻ. സംഭാഷണം ഓർക്കാൻ പോലും പക്ഷെ ലാൽ സമ്മതിക്കില്ല. ചോദിക്കുമ്പോൾ പറയും 'ഇപ്പോഴാണോ ഇതിനെ കുറിച്ച് പറയുന്നത്. വേറെ എന്തെങ്കിലും പറയാം' എന്ന്. സീനിൻറെ കാര്യമോ സംഭാഷണമോ ഒന്നും മൈൻറ് ചെയ്യില്ല. എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരിയ്ക്കും.

ദൃശ്യം ക്ലൈമാക്സിലെ അനുഭവം

ദൃശ്യം എന്ന ചിത്രത്തിൻറെ ക്ലൈമാക്സിൽ ലാലിനോട് ചെന്ന് എൻറെ മകൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ആകാംക്ഷയോടെ ചോദിയ്ക്കുന്ന ഒരു രംഗമുണ്ട്. തൊടുപുഴയിലെ ഒരു ഡാമിന് അടുത്താണ് ആ രംഗം ചിത്രീകരിയ്ക്കുന്നത്. ഡാമിലെ വെള്ളം പൊങ്ങി കുറച്ച് കരയിലേക്ക് കയറിയിട്ടുണ്ട്. അവിടെ കാക്കകളും കൊക്കുമൊക്കെ മീനിനെ പിടിക്കാൻ വരുന്നുണ്ട്.

ലാലിൻറെ തമാശ

ആ രംഗത്ത് ലാലിന് സംഭാഷണങ്ങൾ കുറവാണ്. എനിക്കാണ് അധികം. ഞാൻ കഷ്ടപ്പെട്ട് സംഭാഷണം പറഞ്ഞ് പഠിയ്ക്കുകയാണ്. ആ സമയത്ത് ലാൽ അടുത്ത് വന്നിട്ട് 'അണ്ണാ ഈ കാക്ക കുളിച്ചാൽ കൊക്കാകില്ല എന്ന് പറയുന്നത് ചുമ്മാതെയാണ്. എത്രയോ കാക്കകൾ കുളിച്ചിട്ട് കൊക്കായി' പിന്നെയും ലാൽ ഇത് തന്നെ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. നിങ്ങൾ കണ്ടിട്ടുണ്ടോ ഇതിന് മുൻപ് കാക്ക കുളിച്ച് കൊക്കാകുന്നത്..

ഷോട്ട് തുടങ്ങുന്ന സമയത്ത്

അപ്പോഴേക്കും സംവിധായകൻ ആക്ഷൻ പറഞ്ഞാൽ ലാൽ ശരിയായി സംഭാഷണം പറയും.. കഥാപാത്രമായി മാറും. എൻറ ഭാഗത്ത് എത്തുമ്പോൾ ഞാൻ ഒരുവിധം പറഞ്ഞ് ഒപ്പിയ്ക്കുകയായിരുന്നു.

കൂടെ അഭിനയിക്കുക പ്രയാസം

ലാലിൻറെ കൂടെ അഭിനയിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ലാൽ കഥാപാത്രമായി മാറുന്നു എന്നൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നും. ഇതൊന്നും ഭാവിക്കാതെ അവിടെ ചുമ്മാ നിന്ന് സിനിമ കാണാൻ വരുന്ന ലാഘവത്തോടു കൂടി സംഭാഷണം പറയേണ്ട സമയത്ത് പറഞ്ഞ് പോവും.

എളുപ്പവും പ്രയാസവും

അഭിനയം എന്ന ജോലി ഇത്രയും എളുപ്പമാണെന്ന് മനസ്സിലാവുന്നത് ലാലിൻറെ അഭിനയം കാണുമ്പോഴാണ്. അഭിനയം ഭയങ്കര വിഷമമായി തോന്നുന്നത് ഞാൻ അഭിനയിക്കുമ്പോഴാണ്- സിദ്ധിഖ് പറഞ്ഞു

English summary
Acting with Mohanlal is very difficult says Siddique

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam