»   » ടിപി സിനിമയിലഭിനയിക്കാന്‍ താരങ്ങള്‍ക്ക് പേടി?

ടിപി സിനിമയിലഭിനയിക്കാന്‍ താരങ്ങള്‍ക്ക് പേടി?

Posted By:
Subscribe to Filmibeat Malayalam
TP Chandrasekharan
രാഷ്ട്രീയ കേരളത്തെ നടുക്കിയ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന സഖാവ് ടിപി 51 വയസ്സ്, 51 വെട്ട് എന്ന സിനിമയില്‍ അഭിനയിക്കാന്‍ മലയാള താരങ്ങള്‍ മടിയ്ക്കുന്നു.

മലയാളത്തിലെ പല പ്രമുഖ നടന്മാരെയും സമീപിച്ചെങ്കിലും അവരെല്ലാം ഒഴിഞ്ഞുമാറിയതായി സംവിധായകന്‍ മൊയ്തു തായത്ത് പറഞ്ഞു. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമെന്ന നിലയിലും സിപിഎമ്മിനെ പിണക്കേണ്ട എന്നും കരുതിയാണ് ഈ പിന്‍മാറ്റമെന്നും സംവിധായകന്‍ പറയുന്നു.

മലയാള താരങ്ങള്‍ എത്താത്ത സാഹചര്യത്തില്‍ തമിഴിലെയും കന്നഡയിലെയും നടന്മാരെയും സഹകരിപ്പിച്ച് ഒക്ടോബര്‍ പത്തിന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് സംവിധായകന്റെ പദ്ധതി. തിരക്കഥ തയാറാക്കിയ ശേഷം ടി.പിയുടെ വേഷം ചെയ്യാന്‍ നടന്‍ വിജയരാഘവനുമായി ബന്ധപ്പെട്ടിരുന്നു.

എന്നാല്‍, അവസാന നിമിഷം അദ്ദേഹം പിന്മാറിയെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. പിന്നീട് പലരുമായും ബന്ധപ്പെട്ടെങ്കിലും ആരും സഹകരിക്കാന്‍ തയാറായില്ല. ടി.പിയുടെ വേഷം ചെയ്യാമെന്നേറ്റ മറ്റൊരു പ്രമുഖ നടനും അവസാന നിമിഷം ഒഴിവാക്കാനാവശ്യപ്പെട്ടു.

ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയായി അഭിനയിക്കാന്‍ നടി രോഹിണിയെ സമീപിച്ചിരുന്നു. സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു നോക്കിയ ശേഷം തീരുമാനിക്കാമെന്നാണ് അവര്‍ അറിയിച്ചത്. കഴിഞ്ഞ ഓണത്തിന് ചിത്രീകരണം തുടങ്ങാമെന്നാണ് കരുതിയെങ്കിലും സിനിമയെടുക്കാമെന്നേറ്റ രണ്ട് നിര്‍മാതാക്കള്‍ പിന്‍മാറി. പാര്‍ട്ടിയുടെ അപ്രീതി സമ്പാദിയ്ക്കുന്നത് നല്ലതല്ലെന്ന് കരുതിയാണ് ഇവര്‍ പിന്‍മാറിയതെന്നാണ് സംവിധായകന്‍ പറയുന്നത്.

ഒഞ്ചിയത്തുകാരനായ മൊയ്തു സിപിഎം സഹയാത്രികനായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങും ഒഞ്ചിയത്തു തന്നെയാണ്. ടിപിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ കഴിഞ്ഞ മൊയ്തുവിന് അതുകൊണ്ടുതന്നെ ഈ കൊലവിളി കണ്ട് മിണ്ടാതിരിയ്ക്കാനാവുന്നില്ല. കൈരളി ടി.വിയുടെ പട്ടുറുമാല്‍ എന്ന റിയാലിറ്റി ഷോയുടെ പ്രൊഡ്യൂസറായിരുന്ന മൊയ്തുവിന്റെ ആദ്യ സംവിധാനസംരംഭമാണിത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam