»   » രണ്ടാനമ്മയും സംവിധായകനും പീഡിപ്പിക്കുന്നെന്ന് നടി

രണ്ടാനമ്മയും സംവിധായകനും പീഡിപ്പിക്കുന്നെന്ന് നടി

Posted By:
Subscribe to Filmibeat Malayalam

സിനിമയിലെത്തി കുറച്ചുകാലം കഴിയുമ്പോള്‍ താരങ്ങള്‍ കുടുംബാംഗങ്ങളുമായി വഴക്കിടുകയും അത്തരം പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞ് വലിയ വിവാദമാവുകയും ചെയ്യുന്നകാര്യം സിനിമാ ലോകത്ത് അസാധാരണമല്ല. പല നടിമാരും ഇത്തരത്തില്‍ പണത്തിന്റെയും മറ്റും പേരില്‍ കുടുംബാംഗങ്ങളുമായി അകലുകയും അച്ഛനമ്മമാര്‍ക്കെതിരെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയും പൊതുവേദികളില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് പൊട്ടിക്കരയുകയും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

ഇക്കൂട്ടത്തിലേയ്ക്കിതാ പുതിയൊരു താരം. എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ പ്രശസ്തയായ തമിഴ് നടി അഞ്ജലിയാണ് കുടുംബത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കന്നത്. തന്റെ രണ്ടാനമ്മയും കുടുംബാംഗങ്ങളും പീഡിപ്പിക്കുന്നുവെന്നാണ് താരത്തിന്റെ ആരോപണം. സാധാരണയായി ഷൂട്ടിങ് സെറ്റുകളില്‍ അഞ്ജലിയ്ക്ക് കൂട്ടുവരാറുള്ള ഭാരതി ദേവിയെന്ന സ്ത്രീ തന്റെ അമ്മയല്ലെന്നും രണ്ടാനമ്മയാണെന്നും താരം പറയുന്നു.

രണ്ടാനമ്മയും സംവിധായകന്‍ എംയു കലാന്‍ജിയവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുന്നുവെന്നാണ് താരം പറയുന്നത്. താന്‍ അഭിനയിച്ചുണ്ടാക്കുന്ന പണം മുഴുവനും കുടുംബം തട്ടിയെടുക്കുകയാണത്രേ, രക്ഷയില്ലാതെ വീടുവിട്ട് ഹൈദരാബാദിലേയ്ക്ക് അഞ്ജലി ഒളിച്ചോടിയിരിക്കുകയാണ്. തനിയ്‌ക്കെന്തെങ്കിലും സംഭവിച്ചാല്‍ രണ്ടാനമ്മയും സംവിധായകനുമായിരിക്കും അതിന് കാരണക്കാരെന്ന് അഞ്ജലി പറഞ്ഞതായി അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ANJALI

രണ്ടാനമ്മ തന്നെ ഒരു എടിഎം യന്ത്രമായിട്ടാണ് കാണുന്നതെന്നും പണം മുഴുവന്‍ അവര്‍ തട്ടിയെടുക്കുകയാണെന്നും പലരോടും നടി പറഞ്ഞിട്ടുണ്ടത്രേ. എന്നാല്‍ അഞ്ജലിയുടെ ആരോപണങ്ങളില്‍ സംവിധായകന്‍ കലാന്‍ജിയം അത്ഭുതം പ്രകടിപ്പിച്ചു. തന്റെ പേര് എന്തിനാണ് ഇതിലേയ്ക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും ഇദ്ദേഹം പറയുന്നു.

അഞ്ജലിയുടെ കൂടെവരാറുള്ള സ്ത്രീ സ്വന്തം അമ്മയല്ലെന്ന് അറിഞ്ഞതും തന്നെ അതിശയിപ്പിച്ചെന്നും സംവിധായകന്‍ പറയുന്നു. അമ്മയും അച്ഛനും രണ്ട് സഹോദരന്മാരും അടങ്ങുന്നതാണ് അഞ്ജലിയുടെ കുടുംബം. അവരുമായി പത്തുവര്‍ഷത്തെ ബന്ധമുണ്ട്, പക്ഷേ ഇപ്പോള്‍ മാത്രമാണ് ഭാരതി ദേവി അഞ്ജലിയുടെ സ്വന്തം അമ്മയല്ലെന്നകാര്യം ഞാന്‍ അറിയുന്നത്- സംവിധായകന്‍ പറഞ്ഞു.

ഇപ്പോള്‍ കലാന്‍ജിയത്തിന്റെ ഊര്‍ സുറ്റി പുരാണം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അഞ്ജലി. ഇപ്പോള്‍ അഞ്ജലി ഈ ചിത്രത്തില്‍ തുടര്‍ന്നഭിനയിക്കുമോയെന്നകാര്യത്തില്‍ തനിയ്ക്ക് ആശങ്കയുണ്ടെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ കലാഞ്ജിയമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരനെന്നും സിനിമാ ലോകത്ത് ശ്രുതിയുണ്ട്.

English summary
Actress Anjali is alleging that she is being harassed by her family and has moved to Hyderabad,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam