»   » ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു, മോഡലിങിന്റെ പേരില്‍ തട്ടിപ്പ്, വെളിപ്പെടുത്തലുമായി നടി മെറീന

ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു, മോഡലിങിന്റെ പേരില്‍ തട്ടിപ്പ്, വെളിപ്പെടുത്തലുമായി നടി മെറീന

Posted By: Rohini
Subscribe to Filmibeat Malayalam

പണവും പ്രശസ്തിയും നേടാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് സിനിമയും മോഡലിങുമൊക്കെ. എന്നാല്‍ അതിനകത്തെ അപകടങ്ങളെ കുറിച്ച് പലര്‍ക്കും ധാരണയില്ല. മോഡലിങിന്റെ പേരിലും സിനിമയുടെ പേരിലും കാസ്റ്റിങ് കൗച്ചിങ്, പണം തട്ടിപ്പ് പോലുള്ള കാര്യങ്ങള്‍ അപകടകരമായ രീതിയില്‍ നടക്കുന്നുണ്ട്.

തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് നടിയും മോഡലുമായ മറീന മിഷേല്‍. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് നടി അനുഭവം പങ്കുവയ്ക്കുന്നത്. വാര്‍ത്തകള്‍ വളച്ചൊടിച്ചതിനാലാണ് ലൈവ് വീഡിയോയില്‍ വന്ന് കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മെറീന പറയുന്നു.

ഷൂട്ടിങിന് വേണ്ടി മറീനയെ കാറില്‍ കൂട്ടിക്കൊണ്ടു പോയി എന്നും പീഡിപ്പിച്ചു എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ നടി തന്നെ വ്യക്തമാക്കുന്നു. ദൈവാനുഗ്രഹം കൊണ്ട് അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും മോഡലിങിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ചാണ് മെറീന പറയുന്നത്. മെറീനയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

എന്നെ ഫോണ്‍ വിളിച്ചത്

എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് മോഡലിങിന്റെ ആവശ്യം പറഞ്ഞ് എന്നെ വിളിച്ചത്. അവസാന നിമിഷം തീരുമാനിച്ച മോഡല്‍ മാറിയ സാഹചര്യത്തിലാണ് എന്നെ വിളിക്കുന്നത്. മെറീന വരുമോ സമയമുണ്ടോ എന്നൊക്കെ ചോദിച്ചുകൊണ്ടാണ് വിളിച്ചത്. ഷാന്‍ എന്ന ആള്‍ വിളിക്കുമെന്നും പറഞ്ഞു.

ഷാന്‍ സംസാരിച്ചത്

ഷാന്‍ വിളിച്ചു.. ദുബായി ഗോള്‍ഡിന് വേണ്ടിയാണ് മോഡലിങ് നടത്തുന്നത്. കാര്യങ്ങളൊക്കെ സംസാരിച്ചു. ഞാന്‍ പറഞ്ഞ പ്രതിഫലവും തരാം എന്ന് സമ്മതിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ പരിപാടിയാണെന്നും വലിയ ധാരണകളൊന്നും ഇല്ലെന്നും പറഞ്ഞിരുന്നു.

അപ്പാര്‍ട്‌മെന്റിലേക്ക് വിളിച്ചു

രാവിലെ വന്നാല്‍ ഞാന്‍ കൂട്ടിക്കൊണ്ടുവരാം എന്നും എന്റെ അപ്പാര്‍ട്‌മെന്റില്‍ വച്ച് ഫ്രഷ് ആകാം എന്നും ഷാന്‍ പറഞ്ഞു. അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ഷൂട്ട് നടക്കുന്ന ലൊക്കേഷനെ കുറിച്ച് ചോദിച്ചപ്പോള്‍ മാത്രം ഒന്നും പറഞ്ഞില്ല. ഹോളിഡെ എന്നൊരു ഹോട്ടലുണ്ട്. അവിടെ എത്താം എന്നാണ് പറഞ്ഞത്.

ലൊക്കേഷന്‍ പറയുന്നില്ല

പിറ്റേന്ന് രാവിലെ മുതല്‍ ഞാന്‍ ലൊക്കേഷനെ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ അത് മാത്രം പറയുന്നില്ല. ഒന്ന് രണ്ട് തവണ ലൊക്കേഷന്‍ ചോദിച്ചിട്ടും പറയാതായപ്പോഴേ എനിക്ക് അപാകത തോന്നിയിരുന്നു. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ കലൂരാണ് ലൊക്കേഷന്‍ എന്ന് പറഞ്ഞു. കലൂരില്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് മറുപടിയില്ല.

തട്ടിപ്പ് മനസ്സിലായത്

ഒരാള്‍ ആദ്യമായി ഒരു പരിപാടി ചെയ്യുമ്പോള്‍ അത് എത്രത്തോളം നന്നാക്കാന്‍ കഴിയും എന്നാണ് നോക്കുന്നത്. പക്ഷെ ഇയാള്‍ക്ക് ഷൂട്ട് നടക്കുന്ന ലൊക്കേഷന്‍ പോലും അറിയില്ല. അതില്‍ സംശയം തോന്നി ഞാന്‍ ദുബായി ഗോള്‍ഡിന്റെ നമ്പര്‍ ഗൂഗിളില്‍ നിന്നെടുത്ത് ഷോറൂമിലേക്ക് വിളിച്ചു. കേരളത്തില്‍ എവിടെയും ഇങ്ങനെ ഒരു മോഡലിങ് നടക്കുന്നില്ല എന്നാണ് എംഡിയില്‍ നിന്നും കിട്ടിയ വിവരം.

ദൈവ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

ഇത്രയുമാണ് സംഭവിച്ചത്. ഇല്ലാത്തൊരു ഷൂട്ടിന്റെ പേരില്‍ എന്തിന് അവരെന്നേ ഹോളിഡേയിലേക്ക് വിളിച്ചു. ദൈവഭാഗ്യം കൊണ്ടാണ് ഞാനതില്‍ നിന്നും രക്ഷപ്പെട്ടത്. അവര്‍ വരികയും എന്നെ ഹോളിഡേയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നുവെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. ഇത്തരത്തില്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് എന്റെ ഒരു മാധ്യമ സുഹൃത്തിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്.

വാര്‍ത്തകള്‍ വന്നത്

എന്നാല്‍ ഈ സംഭവം വാര്‍ത്തയായി വന്നത് പല തരത്തിലാണ്. എന്നെ കൂട്ടിക്കൊണ്ടു പോയി എന്നും പീഡിപ്പിച്ചു എന്നുമായി കാര്യങ്ങള്‍. പബ്ലിസിറ്റിയ്ക്ക് വേണ്ടി ഞാന്‍ ചെയ്തതാണ് എന്നാണ് മറ്റൊരു കൂട്ടര്‍ പറഞ്ഞത്. എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറഞ്ഞത്. അതില്‍ യാതൊരു പബ്ലസിറ്റിയുമില്ല. എന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടുമില്ല.

കേസ് കൊടുക്കുന്നു

എന്തായാലും ഈ സംഭവത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. കേസ് കൊടുക്കുന്നുണ്ട്. അത് കഴിഞ്ഞിട്ട് ബാക്കി എല്ലാം പറയാം. ഇത്തരത്തിലുള്ള വ്യാജന്മാര്‍ കാരണം ഈ മേഖലയില്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും ചീത്തപ്പേര് ഉണ്ടാവുകയാണ് എന്നും മെറീന പറയുന്നു.

English summary
Actress Mareena Micheal exposes the other side of modelling

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam