twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചക്ക വീണു മുയലു ചത്തുവെന്ന് പറയുന്നതു പോലെ സിനിമയില്‍ വന്നയാളാണ് ഞാന്‍ ; സ്മിനു സിജോ

    |

    സ്മിനു സിജോ എന്ന പേര് ഒരുപക്ഷെ നമുക്ക് എല്ലാവർക്കും സുപരിചിതമായിരിക്കില്ല എന്നാൽ കെട്ട്യോളാണെന്റെ മാലാഖയിലെ സ്ലീവാചന്റെ പെങ്ങൾ അന്നേച്ചി എന്ന് പറഞ്ഞാൽ നമുക്കെല്ലാം ആളെ മനസിലാവും.

    സ്കൂൾ ബസ് എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് സ്മിനു സിനിമയിലേക്ക് കടന്ന് വരുന്നത്. പിന്നീട് ഞാൻ പ്രകാശൻ എന്ന സിനിമയിൽ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു.

    കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിൽ ആസിഫ് അലി അവതരിപ്പിച്ച സ്ലീവാചൻ എന്ന കഥാപാത്രത്തിന്റെ സഹോദരി ആയി വന്ന അന്നേച്ചി എന്ന കഥാപാത്രത്തിലൂടെ താരം പ്രേക്ഷക പ്രശംസ നേടി.

    നമ്മുടെ അമ്മയെയോ ചേച്ചിയെയോ ഒക്കെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളിലാണ് സ്മിനു തിളങ്ങുന്നത്. ഓപ്പറേഷന്‍ ജാവ, ഭ്രമം, മെമ്പർ രമേശൻ ഒൻപതാം വാർഡ്, കെട്ടിയോളാണെന്റെ മാലാഖ എന്നീ ചിത്രങ്ങൾക്ക് ശേഷം നിരവധി അവസരങ്ങള്‍ സ്മിനുവിനെ തേടിയെത്തി. അവയൊക്കെ വളരെ മികച്ച രീതിയിൽ സ്മിനു സ്ക്രീനില്‍ അവതരിപ്പിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ താരത്തിന്റേതായി പുറത്ത് വന്ന ഒരു അഭിമുഖമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

    സ്കൂള്‍ കാലത്ത് സ്പോർട്ട്സിൽ അതിയായ താല്പര്യമായിരുന്നു സ്മിനുവിന്.കേരള ജൂനിയര്‍ ഹാന്‍ഡ് ബോള്‍ ടീമിൽ അംഗവുമായിരുന്നു.എന്നാൽ സാഹചര്യങ്ങൾ കാരണം അത് തുടർന്ന് കൊണ്ട് പോകാൻ താരത്തിന് സാദിച്ചില്ല തുടർന്ന് എങ്ങിനെ സിനിമയിൽ എത്തി എന്ന് സ്മിനു സിജോ വ്യക്തമാക്കി.

    സിനിമയിലെ ഗോഡ്ഫാദർ ശ്രീനിവാസൻ

    'ഒരു സിനിമാപാരമ്പര്യവും ഇല്ലാത്ത ആളാണ് ഞാന്‍. അന്നും ഇന്നും സ്റ്റേജ് പേടിയാണ്. മൈക്കില്‍ കൂടി എന്തെങ്കിലും സംസാരിക്കാന്‍ പറഞ്ഞാല്‍ തന്നെ മടിയാണ്. അങ്ങനെയുള്ളൊരു ആള്‍ സിനിമയിലെത്തി ഇപ്പോഴും അഭിനയിക്കുന്നു എന്നു പറഞ്ഞാല്‍ അത്ഭുതമാണ്. ശരിക്കും സത്യന്‍ സാറും(സത്യന്‍ അന്തിക്കാട്) ശ്രീനിയേട്ടനും(ശ്രീനിവാസന്‍) തന്ന ധൈര്യമാണ് എന്നെ ഇപ്പോഴും നിലനിര്‍ത്തുന്നത്.

    സിനിമയില്‍ എന്‍റെ ഗോഡ്ഫാദര്‍ ആരാണെന്നു ചോദിച്ചാല്‍ ശ്രീനിയേട്ടനാണ്. ശ്രീനിയേട്ടന്‍ മാത്രമല്ല, വിമലാന്‍റിയും നല്ല സപ്പോര്‍ട്ടാണ്. ആദ്യചിത്രമായ സ്കൂള്‍ ബസില്‍ ഒരു ചെറിയ വേഷമായിരുന്നു. അതില്‍ പ്രത്യേകിച്ച് അഭിനയിക്കാനൊന്നുമില്ലായിരുന്നു.

    പിന്നീട് ഞാന്‍ പ്രകാശനിലേക്കെത്തുമ്പോള്‍ ശ്രീനിയേട്ടന്‍റെ ഭാര്യാവേഷത്തിലാണ് അഭിനയിച്ചത്. പിന്നെ കെട്ട്യോളാണ് എന്‍റെ മാലാഖ...തുടങ്ങി കുറച്ചു ചിത്രങ്ങള്‍. ഇപ്പോള്‍ കുറച്ചൊക്കെ ധൈര്യമായി.' സ്മിനു സിജോ പറഞ്ഞു.

    ഈ കുറഞ്ഞ കാലയളവിൽ നിരവധി യുവ താരങ്ങളുടെ അമ്മവേഷം ചെയ്യാൻ താരത്തിന് സാധിച്ചു. ഇതേ പറ്റി സ്മിനു സിജോ പറയുന്നത് ഇങ്ങനെയാണ് "മാത്യൂന്‍റെ അമ്മയായി, നിഖിലയുടെ അമ്മയായി, ബാലുവിന്‍റെ,അര്‍ജുന്‍ അശോകന്‍റെ.. ഈ യൂത്തന്‍മാരുടെ അമ്മയാകാന്‍ പറ്റുന്നത് ഒരു ഭാഗ്യമല്ലേ..ഇനി വല്യ താരങ്ങളുടെ കൂടി അമ്മയായാല്‍ മതി. എനിക്ക് അമ്മ വേഷം ഭയങ്കര ഇഷ്ടമാണ്. പക്ഷെ കുറച്ചുകഴിയുമ്പോള്‍ ആളുകള്‍ക്ക് മടുക്കുമെന്നറിയാം."

    താൻ ഒരുപാട് ആസ്വദിച്ച് ചെയ്തതാണ് മെമ്പര്‍ രമേശനിലെ അമ്മ കഥാപാത്രമെന്നും. ശരിക്കും താനും മോനും എങ്ങനെയാണോ അതുപോലെ തന്നെയാണ് മെമ്പര്‍ രമേശനിലെ അമ്മയും മോനുമെന്നും താരം പറയുന്നു.

    "ജോ ആന്‍ഡ് ജോയിലെ കഥാപാത്രവും ഏകദേശം ഇതുപോലെയാണ്. ഇഷ്ടപ്പെട്ടു ചെയ്തൊരു കഥാപാത്രമായിരുന്നു മെമ്പര്‍ രമേശനിലേത്. പക്ഷെ ആ പാട്ടിന് കിട്ടിയ ഒരു വരവേല്‍പ് സിനിമക്ക് കിട്ടിയില്ല.

    അര്‍ജുന്‍ അശോകനോടൊപ്പമുള്ള അഭിനയമൊക്കെ രസമായിരുന്നു. ഞങ്ങള്‍ പരസ്പരം ഡിസ്കസ് ചെയ്തൊക്കെയാണ് ആ കോമ്പോ ചെയ്തത്'. സ്മിനു സിജോ കൂട്ടിച്ചേർത്തു.

    അന്നേച്ചിയായിട്ടാണ് ആളുകള്‍ ഇപ്പോഴും കാണുന്നത്

    കെട്ട്യോളാണ് മാലാഖക്ക് ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഇപ്പോഴും അന്നേച്ചിയായിട്ടാണ് ആളുകള്‍ തന്നെ തിരിച്ചറിയുന്നതെന്ന് സ്മിനു സിജോ പറയുന്നു. ആ കഥാപാത്രത്തിന് തന്റെ ജീവിതവുമായി വളരെ സാമ്യമുണ്ടെന്ന് സ്മിനു സിജോ വ്യക്തമാക്കി. തന്റെ മാമ്മോദീസാപ്പേരും അന്നയെനാണെന്നും. സിനിമയില്‍ സ്ലീവാച്ചന് നാലു പെങ്ങന്‍മാരാണെങ്കില്‍ തന്റെ വീട്ടില്‍ മൂന്നു സഹോദരിമാരും ഒരു സഹോദരനുമാണെന്നും താരം പറയുന്നു.

    ചിത്രത്തിൽ താരം താനായി തന്നെ അഭിനയിക്കുകയായിരുന്നു എന്നും യഥാർത്ഥത്തിൽ പാവം പിടിച്ചൊരു കഥാപാത്രത്തെയാണ് അവർ പ്രതീക്ഷിച്ചതെന്നും താരം പറയുന്നു.

    'എന്‍റെ വീട്ടില്‍ എങ്ങനായാണോ ഞാനെന്‍റെ ആങ്ങളയോട് പെരുമാറുന്നതു അതുപോലെ തന്നെയാണ് സിനിമയിലും അഭിനയിച്ചത്. ''അന്നേച്ചി എന്‍റെ സ്വപ്നമാണ് തകര്‍ത്തതെന്ന്'' തിരക്കഥാകൃത്ത് തങ്കം എന്നോട് കളിയായി പറഞ്ഞിട്ടുണ്ട്. കാരണം അവരുടെ സങ്കല്‍പത്തിലെ അന്നേച്ചി ആങ്ങളയെ ഭയങ്കരമായി സ്നേഹിക്കുന്ന,കെയര്‍ ചെയ്യുന്ന ഒരാളായിരുന്നു. പക്ഷെ സിനിമ പൂര്‍ത്തിയായപ്പോള്‍ ഈ അന്നേച്ചി തന്നെയാണ് നല്ലതെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.

    മമ്മൂക്ക ഉള്‍പ്പെടെയുള്ളവര്‍ എന്‍റെ കഥാപാത്രം നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അഭിമാനവും സന്തോഷവും തോന്നി. എന്‍റെ മകള്‍ സാന്ദ്ര തന്നെയാണ് സിനിമയിലും മകളായി അഭിനയിച്ചത്.

    ബിബിന്‍ ജോര്‍ജൊക്കെ വിളിച്ച് ഞങ്ങളുടെ സ്വന്തം ചേച്ചിയെപ്പോലെ തോന്നിയെന്നാണ് പറഞ്ഞത്. അമ്മയെന്നു വിളിക്കുന്നവരുണ്ട്...ചേച്ചിയെന്നു വിളിക്കുന്നവരുണ്ട്...ജനങ്ങളുടെ സ്നേഹം ഞാന്‍ ഭയങ്കരമായിട്ട് ആസ്വദിക്കുന്നുണ്ട്.' താരം കൂട്ടിച്ചേർത്തു.

     അഭിനയത്തിന്റെ എ ബി സി ഡി അറിയില്ല

    കിട്ടുന്ന സിനിമകളിലെല്ലാം താരം താനായി തന്നെയാണ് അഭിനയിക്കുന്നതെന്നും അഭിനയത്തിന്‍റെ എബിസിഡി അറിയാത്ത ആളാണ് താനെന്നും താരം പറയുന്നു .

    കൂടുതലും കിട്ടുന്നത് അമ്മ വേഷവും ചേച്ചി വേഷവും ആയതുകൊണ്ടായിരിക്കാം എവിടെയൊക്കെയോ ആ കഥാപാത്രങ്ങള്‍
    താൻ തന്നെ ആവുന്നുണ്ടെന്നും.

    നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിച്ച എന്തെങ്കിലുമൊക്കെ കാര്യങ്ങളുമായി സിനിമയിലെ രംഗങ്ങൾക്ക് സാമ്യമുണ്ടായിരിക്കാം അതുകൊണ്ടാണ് തന്റെ കഥാപാത്രം റിലേറ്റ് ചെയ്യാന്‍ സാദിക്കുന്നതെന്നും സ്മിനു പറയുന്നു.

    ജോ ആന്‍ഡ് ജോയാണ് സ്മിനു സിജോയുടെ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം. ഒരു കുടുംബ ചിത്രമാണിത്. നവാഗതനായ അരുണ്‍ ഡി.ജോസാണ് ചിത്രത്തിന്റെ സംവിധായകൻ.

    വളരെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ചിത്രമാണ് ജോ ആന്‍ഡ് ജോയെന്നും ജോമോന്‍റെയും ജോമോളുടെയും അമ്മയായിട്ടാണ് തൻ എത്തുന്നതെന്നും സ്മിനു സിജോ പറഞ്ഞു.

    "ഒരു സാധാരണ വീട്ടമ്മ. ഷൂട്ടിംഗ് ഒക്കെ വളരെ രസകരമായിരുന്നു. പാട്ടില്‍ കാണുന്നതു പോലെ കപ്പ പറിക്കുന്നതും പ്രാർത്ഥിക്കുന്നതുമെല്ലാം വീട്ടിലെ പോലെ തന്നെ."

    മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം

    സിബിഐ അഞ്ചാം ഭാഗത്തിലും സ്മിനു എത്തുന്നുണ്ട്. അത്രയും വലിയൊരു ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും . ശരിക്കും സ്വപ്നലോകത്താണ് താനെന്നും. എസ്.എന്‍. സ്വാമിയെപ്പോലുള്ള മഹത് വ്യക്തികളെ കാണാന്‍ പറ്റുകയെന്നത് ഭാഗ്യമാണെന്നും താരം പറഞ്ഞു.

    'പ്രീസ്റ്റില്‍ മമ്മൂക്കയോടൊപ്പം ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആറാട്ടില്‍ മോഹന്‍ലാലിനോടൊപ്പവും. ചക്ക വീണു മുയലു ചത്തുവെന്ന പറയുന്നതു പോലെ സിനിമയില്‍ വന്നയാളാണ് ഞാന്‍. അതുകൊണ്ട് ഇതൊക്കെ എനിക്ക് കൈവന്ന ഭാഗ്യങ്ങളാണെന്നാണ് ഞാന്‍ കരുതുന്നത്.' സ്മിനു വ്യക്തമാക്കി.

    Read more about: cbi
    English summary
    Actress Sminu Sijo speaks about her entry and roles in Malayalam cinema. She says that she doesn't know the basics of acting.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X