ആ സീനിന് മുന്‍പായി ഒരു ബോട്ടില്‍ ഡെറ്റോള്‍ വാങ്ങി വെക്കാന്‍ പറഞ്ഞു: വെളിപ്പെടുത്തി അഹാന
ടൊവിനോ തോമസിന്റെ ലൂക്കയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ നായികയാണ് അഹാന കൃഷ്ണ. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. റൊമാന്റിക്ക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയില്‍ മികച്ച പ്രകടനമാണ് ടൊവിനോയും അഹാനയും കാഴ്ചവെച്ചത്. ലൂക്ക എന്ന ടൈറ്റില്‍ റോളില്‍ ടൊവിനോ എത്തിയ ചിത്രത്തില്‍ നിഹാരിക ആയിട്ടാണ് അഹാന എത്തിയത്.

ലൂക്കയിലെ ഒരു രംഗം എടുക്കുന്നതിനിടെയുളള തയ്യാറെടുപ്പിനെക്കുറിച്ച് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ടൊവിനോയോട് തര്‍ക്കിച്ച അഹാന ഒരു തോട്ടിലേക്ക് വീഴുന്നതായിരുന്നു ആ രംഗം. ചുറ്റും ചെളി നിറഞ്ഞ തോട്ടിലേക്ക് വേണമായിരുന്നു തെന്നി വീഴാന്‍. ടൊവിനോയും അഹാനയ്ക്ക് പിന്നാലെ സീനില്‍ വീഴുന്നുണ്ട്.
ഈ രംഗത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ പ്രൊഡക്ഷന്‍ ടീമിനോട് ഒരു ബോട്ടില്‍ ഡെറ്റോള്‍ വാങ്ങിവെക്കാന്‍ പറഞ്ഞ കാര്യം അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലൂക്കയുടെ ടെലിവിഷന്‍ പ്രീമിയറിനോട് അനുബന്ധിച്ചുളള പോസ്റ്റിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. നവാഗതനായ അരുണ്‍ ബോസാണ് ലൂക്ക സംവിധാനം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് സിനിമ പുറത്തിറങ്ങിയത്.



Click it and Unblock the Notifications











