»   » സിദ്ദിഖ് പറയുന്ന തോന്ന്യാസം കേട്ടില്ലേ?

സിദ്ദിഖ് പറയുന്ന തോന്ന്യാസം കേട്ടില്ലേ?

Posted By:
Subscribe to Filmibeat Malayalam
Siddique
ദില്ലി കൂട്ടമാനഭംഗത്തിന് ശേഷം സ്ത്രീ പക്ഷത്ത് നില്‍ക്കുന്നുവെന്ന വ്യാജേന സ്ത്രീകളെ അടച്ചാക്ഷേപിയ്ക്കുന്നവരുടെ എണ്ണം ഓരോ ദിനവും ഏറിവരികയാണ്. സാമൂഹികപ്രതിബന്ധ പുലര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളാണ് ഇതിന് മുമ്പില്‍ നില്‍ക്കുന്നതെന്നാണ് മറ്റൊരു വിരോധാഭാസം. എന്നാല്‍ ഇവരെയെല്ലാം ഒറ്റയടിയ്ക്ക് കടത്തിവെട്ടുകയാണ് നടന്‍ സിദ്ദിഖ്.

താന്‍ എംഡിയും മാനേജിങ് എഡിറ്ററുമായ ഫാമിലി ഫേസ്ബുക്ക് മാഗസിന്റെ ജനുവരി ലക്കത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് സ്ത്രീകള്‍ക്ക് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ സിദ്ദിഖ് നടത്തിയിരിക്കുന്നത്. പുരുഷനൊപ്പം സമത്വംവേണമെന്ന സ്ത്രീകളുടെ ആവശ്യമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് പത്രാധിപക്കുറിപ്പിലൂടെ സിദ്ദിഖ് തട്ടിവിടുന്നത്.

തുല്യപരിഗണന നേടിയപ്പോള്‍ രാപ്പകലില്ലാതെ സ്ത്രീകള്‍ക്ക് ജോലി ചെയ്യേണ്ടി വന്നു, യാത്രകളും ചെയ്യേണ്ടി വന്നു. ഇതോടെ നേരത്തെ ആറ് മണിയ്ക്ക് വീടണഞ്ഞിരുന്ന സ്ത്രീകള്‍ രാത്രി പത്ത് മണിയ്ക്കും ജോലിയ്ക്ക് പോകേണ്ട സാഹചര്യമാണുള്ളത്. കൂട്ടിനാരുമില്ലാതെ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് ജോലിയ്ക്ക് പോകാമെന്ന ഭാവമായിരുന്നു പലര്‍ക്കും. ഇങ്ങനെ സ്ത്രീകള്‍ തന്നെ ഒരുക്കിക്കൊടുത്ത അവസരങ്ങള്‍ അക്രമികള്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് സിദ്ദിഖിന്റെ വാദം.

ഇതുമാത്രമല്ല, രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവരും ആണ്‍കുട്ടികള്‍ക്കൊപ്പം സ്ഥലവും സമയവും നോക്കാതെ യാത്ര ചുറ്റിക്കറങ്ങിയ പെണ്‍കുട്ടികളാണ് കൂടുതലും അക്രമിയ്ക്കപ്പെട്ടതെന്നും നടന്‍ ഓര്‍മിപ്പിയ്ക്കുന്നു.

ഇതുമാത്രമല്ല മുഖപ്രസംഗത്തിലൂടെ സ്ത്രീകള്‍ക്ക് ഉപദേശം നല്‍കാനും സിദ്ദിഖ് തയാറായിട്ടുണ്ട്. സൂക്ഷിയ്‌ക്കേണ്ടതും സംരക്ഷിയ്‌ക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്. സമത്വമല്ല, മറിച്ച് നിങ്ങള്‍ക്കാവശ്യം സംരക്ഷണമാണ്. അച്ഛന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ സംരക്ഷണയില്‍ സുരക്ഷിതയാണ് എന്നതാവണം സ്ത്രീയുടെ ധൈര്യം. പുരുഷനാവണമെന്ന കരുതി ഇറങ്ങിപ്പുറപ്പെടുന്ന സ്ത്രീകള്‍ക്കുണ്ടാവുന്ന ദുരനുഭവം കണ്ട് വിലപിയ്ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കാവൂ എന്ന മുന്നറിയിപ്പോടെയാണ് സിദ്ദഖിന്റെ കയ്യൊപ്പോടെയുള്ള എഡിറ്റോറിയല്‍ അവസാനിയ്ക്കുന്നത്.

സ്ത്രീവിരുദ്ധത നിറഞ്ഞുനില്‍ക്കുന്ന മുഖപ്രസംഗം മനുസ്മൃതിയിലെ നിയമങ്ങളെയാണ് ഓര്‍മിപ്പിയ്ക്കുന്നതെന്ന് പറഞ്ഞാല്‍ അതിലൊരു തെറ്റുമില്ല. ഇങ്ങനെയൊരു മുഖപ്രസംഗമെഴുതാന്‍ സിദ്ദിഖിന് എന്തവകാശമാണുള്ളതെന്നാണ് മറ്റൊരു ചോദ്യം.

ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ യാത്ര ചെയ്യുന്നതും ഷൂട്ടിങ് ലൊക്കേഷനിലെത്തുന്നതുമെല്ലാം സിദ്ദിഖിന്റെ വാദമനുസരിച്ച് തെറ്റല്ലേ? അതിന് തടയിടാന്‍ അദ്ദേഹം എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്താല്‍ തനിയ്ക്ക് നായികയെ കിട്ടില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അദ്ദേഹത്തിന് തന്നെയായിരിക്കും.

ഈ ജനാധിപത്യ രാജ്യത്ത് ഏതൊരു സ്ത്രീയ്ക്കും സ്വന്തം ഇഷ്ടപ്രകാരം എവിടെ വേണമെങ്കിലും ഏതുസമയത്തും ആര്‍ക്കൊപ്പവും സഞ്ചരിയ്ക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. അതിനെതിരെയുള്ള സിദ്ദിഖിന്‍റെ മുഖപ്രസംഗം സദാചാര പൊലീസിന്റെ വക്കാലത്തായി മാത്രമേ കണക്കാക്കാന്‍ കഴിയൂ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam