»   » ബ്യൂട്ടിഫുളുമായി പ്രകാശ് വീണ്ടും ബോളിവുഡിലേക്ക്‌

ബ്യൂട്ടിഫുളുമായി പ്രകാശ് വീണ്ടും ബോളിവുഡിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Beautiful
മലയാളത്തിലൊരു ഹിറ്റ് പിറന്നാല്‍ അത് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെത്തുമെന്നതില്‍ സംശയമൊന്നും വേണ്ട. കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുളും ബോളിവുഡിലെത്തുകയാണ്. വി.കെ. പ്രകാശ് തന്നെയാണ് ഹിന്ദിയിലും ബ്യൂട്ടിഫുള്‍ ഒരുക്കുന്നത്. നായകരായിരുന്ന അനൂപ് മേനോനും ജയസൂര്യയ്ക്കും പകരം രവിന്‍ ഷെറോയ്, വിനയ് പതക് എന്നിവരായിരിക്കും ഹിന്ദിയില്‍ ഉണ്ടാകുക. മേഘ്‌നാരാജിന്റെ വേഷത്തില്‍ കൊങ്കണാസെന്നും.

ബ്യൂട്ടിഫുള്‍ ഹിന്ദിയിലെത്തുന്നതല്ല അത്ഭുതം. സിനിമയുടെ തിരക്കഥയൊരുക്കിയ അനൂപ് മേനോന് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഇതിന്റെ കഥ ഉപയോഗിക്കാന്‍ ലഭിക്കുന്ന പ്രതിഫലത്തിലാണ്. ഏകദേശം ഒരു കോടി രൂപയാണ് അനൂപിന് ആകെ ലഭിക്കാന്‍ പോകുന്നത്. ഒരു മലയാളം തിരക്കഥയ്ക്ക് അന്യഭാഷകളില്‍ ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമായിരിക്കും ഇത്.

അനൂപ് മേനോനും ജയസൂര്യയ്ക്കും മേഘ്‌നരാജിനും സംവിധായകന്‍ വി.കെ. പ്രകാശിനും പുതിയ മേല്‍വിലാസം നല്‍കിയ ചിത്രമായിരുന്നു ബ്യൂട്ടിഫുള്‍. ചെറുതെങ്കിലും മനോഹരമായ ചിത്രം. ഗാനങ്ങളും വശ്യമനോഹരമായ സീനുകളും നടന്‍മാരുടെ അനായാസ അഭിനയം കൊണ്ടും ശ്രദ്ധേയമായ ചിത്രം. അതുവരെ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അനൂപ് മേനോന്‍ നായക നിരയിലേക്ക് ഉയര്‍ന്നു. അപകടത്തില്‍ പരുക്കേറ്റു കിടന്നിരുന്ന ജയസൂര്യയ്ക്കും പുതുജീവിതമാണ് ചിത്രം നല്‍കിയത്.

ത്രീ കിങ്്‌സ് എന്ന നാലാംകിട തട്ടുപൊളിപ്പന്‍ ചിത്രം ചെയ്ത് കൈ പൊള്ളിയിരിക്കുകയായിരുന്ന വി.കെ. പ്രകാശ് കഴിവുറ്റ സംവിധയാകനാണെന്ന് ഇതോടെ തെളിഞ്ഞു. മലയാളത്തില്‍ കാര്യമായ ഹിറ്റൊന്നുമില്ലാതിരുന്ന മേഘ്‌നരാജ് ബ്യൂട്ടിഫുളിന്റെ വിജയത്തോടെ കൈ നിറയെ ചിത്രങ്ങളായി. അനൂപ്‌മേനോന്‍- മേഘ്‌നരാജ് എന്ന പുതു ജോടികള്‍ തന്നെ ഈ ചിത്രത്തോടെയാണുണ്ടായത്.

വി.കെ. പ്രകാശിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായിരിക്കും ഇത്. ഫ്രീകി ചക്രയായിരുന്നു മുന്‍ചിത്രം. മലയാളത്തില്‍ ടിനി ടോം ചെയ്ത വില്ലന്‍ വേഷത്തില്‍ മിക്കവാറും അനൂപ് മേനോന്‍ തന്നെയായിരിക്കും ഹിന്ദിയിലും അഭിനയിക്കുക. അന്യഭാഷ ചിത്രത്തിലേക്കുള്ള അനൂപിന്റെ ആദ്യകാല്‍വയ്പ്പായിരിക്കുമിത്. അനൂപും ജയസൂര്യയും വി.കെ. പ്രകാശും വീണ്ടുമൊന്നിക്കുന്ന ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ചിത്രീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മലയാളത്തില്‍ നിന്ന് അടുത്തിടെ ബോഡിഗാര്‍ഡ് ട്രാഫിക്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവ ഹിന്ദിയിലേക്കു കൊണ്ടുപോയിരുന്നു. സിദ്ധിഖ് ആയിരുന്നു ബോഡിഗാര്‍ഡിന്റെ മലയാളം, ഹിന്ദി സംവിധാകന്‍. മലയാളത്തില്‍ ആവറേജ് ഹിറ്റായിരുന്ന ചിത്രം ഹിന്ദിയില്‍ 100 കോടി നേട്ടമുണ്ടാക്കിയ ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. സല്‍മാന്‍ ഖാന്റെ തുടര്‍ച്ചയായ മൂന്നാമത്തെ 100 കോടി ചിത്രമായിരുന്നു ബോഡിഗാര്‍ഡ്. മലയാളത്തില്‍ ട്രാഫിക് സംവിധാനം ചെയ്ത രാജേഷ് ആര്‍.പിള്ള തന്നെയാണ് ബോളിവുഡിലും ട്രാഫിക് ഒരുക്കുന്നത്.

ഷാഫി സംവിധാനംചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണ്. മലയാളത്തില്‍ ഹിറ്റായാല്‍ അതിന്റെ സംവിധാകനും തിരക്കഥാകൃത്തും രക്ഷപ്പെട്ടു എന്നര്‍ഥം. ഇവിടെ ലക്ഷങ്ങളാണ് കിട്ടുന്നതെങ്കില്‍ ഭാഷയുടെ അതിര്‍വരമ്പ് കടക്കുമ്പോള്‍ കയ്യില്‍ തടയുന്നത് കോടികളായിരിക്കും.

English summary
One of the much applauded films of last year Beautiful will be soon remade in Hindi.
 The movie will be made for the Bollywood audience by V K Prakash himself who has already got the dates of Ranver Shorey, and Vinay Pathak for the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam