»   » 2012ലെ മികച്ച നടന്‍ ആരാണ്?

2012ലെ മികച്ച നടന്‍ ആരാണ്?

Posted By:
Subscribe to Filmibeat Malayalam
Mammootty-Lal-Dileep
2012 നടന്‍മാരില്‍ ആരുടെ വര്‍ഷമായിരുന്നു? ഏഴു സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിയോ? അഞ്ചു സിനിമകളില്‍ നായകനായ മോഹന്‍ലാലോ? തൊട്ടതെല്ലാം ഹിറ്റാക്കിയ ദിലീപോ? മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും സമ്മതിക്കില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് 2012 ദിലീപിന്റെ വര്‍ഷമായിരുന്നു. മായാമോഹിനി, മൈ ബോസ് എന്നിവ സൂപ്പര്‍ഹിറ്റായപ്പോള്‍ സ്പാനിഷ് മസാല, മിസ്റ്റര്‍ മരുമകന്‍ എന്നിവ ഭേദപ്പെട്ട വിജയം നേടി. അരികെ എന്ന ചിത്രത്തിലെ നായകനായി സമാന്തര സിനിമയിലും തന്റെ സാന്നിധ്യം തെളിയിച്ചു.

ജോസ് തോമസിന്റെ ഇടവേളയ്ക്കു ശേഷമുള്ള വരവായിരുന്നു ദിലീപ് പെണ്‍വേഷത്തില്‍ അഭിനയിച്ച മായാമോഹിനി. കൂനനും നപുംസകവുമെല്ലാമായി കയ്യടി നേടിയ ദിലീപിന്റെ പുതിയ പരീക്ഷണമായിരുന്നു മായാമോഹിനിയിലെ പെണ്‍വേഷം. അച്ഛനെ രക്ഷിക്കാന്‍, പെണ്‍വേഷം കെട്ടേണ്ടി വന്ന മകനായി ദിലീപ് തകര്‍ത്തഭിനയിക്കുകയായിരുന്നു ഈ ചിത്രത്തില്‍. കാര്യമായ പെണ്‍താരങ്ങളില്ലെങ്കിലും എല്ലാപോരായ്മയും പരിഹരിക്കാന്‍ മോഹിനി മാത്രം മതിയായിരുന്നു. ബാബുരാജും ബിജുമേനോനുമെല്ലാം അഭിനയത്തില്‍ നല്ല താളം കണ്ടെത്തിയ ചിത്രം കഴിഞ്ഞവര്‍ഷം ഏറ്റവുമധികം കലക്ഷനുണ്ടാക്കിയ ചിത്രമായി. നവാഗതനായ സുഗീത് സംവിധാനംചെയ്ത ഓര്‍ഡിനറി, വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍മറയത്ത് എന്നീ സൂപ്പര്‍ഹിറ്റുകളെയെല്ലാം കടത്തിവെട്ടിയതായിരുന്നു ഇതിന്റെ കലക്ഷന്‍.

ജിത്തു ജോസഫിന്റെ മൈ ബോസ് ഇംഗഌഷ് ചിത്രത്തില്‍ നിന്നു കടം കൊണ്ടപ്രമേയമാണെങ്കിലും ഇതിന്റെയും വിജത്തിനു കാരണം ദിലീപിന്റെ പ്രകടനം തന്നെയായിരുന്നു. മംമ്ത മോഹന്‍ദാസ് എന്ന ബോസിനു കീഴില്‍ ജോലി ചെയ്ത കഷ്ടപ്പെടുന്ന കീഴ് ഉദ്യോസ്ഥനായിട്ടും ഭര്‍ത്തവായി്ട്ടും ദിലീപ് തകര്‍ത്തു. ലാല്‍ജോസിന്റെ സ്പാനിഷ് മസാലയിലൂടെയാണ് ദിലീപ് ഈ വര്‍ഷം തുടങ്ങിയത്. ബെന്നി പി.നായരമ്പലം തിരക്കഥയെഴുതിയ ചിത്രം മോശമല്ലാത്ത നേട്ടം ഉണ്ടാക്കി. ഭൂരിഭാഗവും സ്‌പെനിയിലായിരുന്നു ചിത്രീകരണം. സന്ധ്യ മോഹന്‍സംവിധാനം ചെയ്ത മിസ്റ്റര്‍ മരുമകനും ദിലീപിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. പറഞ്ഞുപഴകിയ കഥയായിട്ടും ചിത്രം കുടുംബങ്ങള്‍ ഏറ്റെടുക്കാന്‍ കാരണം ദിലീപിന്റെ സാന്നിധ്യം തന്നെയായിരുന്നു.

ദിലീപിനു മാത്രം ചെയ്തു വിജയിപ്പിക്കാന്‍ പറ്റിയ ചിത്രമായിരുന്നു ഇതെല്ലാം. കോമഡിയും സെന്റിമെന്റ്‌സും ആക്ഷനും എല്ലാം ഒന്നിച്ചു ചെയ്യാന്‍ കഴിയുന്ന നടന്‍ ഇപ്പോള്‍ ദിലീപ് തന്നെയുള്ളൂ. ദിലീപിനു വെല്ലുവിളിയായി പുതിയ താരങ്ങള്‍ എല്ലാവര്‍ഷവും ജനിക്കാറുണ്ടെങ്കിലും ഒറ്റമഴയിലെ തകരയായി അവരുടെ ജീവിതം അവസാനിക്കുകയാണു പതിവ്. കോമഡി ചെയ്തിരുന്ന ലാലും ജയറാമുമെല്ലാം ആ രംഗത്തു നിന്നു വിട്ടതോടെ കോമഡിനായകന്‍ എന്ന പദവി ദിലീപിനു മാത്രമായി. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇനിയും വരും എല്ലാം പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്യും. മലയാളത്തിലെ മിനിമം ഗാരന്റിയുള്ള നടന്‍ എന്ന പദവി ദിലീപിനു മാത്രം അവകാശപ്പെടാവുന്നതാണ്.

എന്നാല്‍ സൂപ്പര്‍താരങ്ങളുടെ കാര്യമോ? കിങ്ങ് ആന്‍ഡ് കമ്മിഷണര്‍, കോബ്ര, താപ്പാന, ഫേസ് ടു ഫേസ്, ജവാന്‍ ഓഫ് വെള്ളിമല, ബാവൂട്ടിയുടെ നാമത്തില്‍, ശിക്കാരി (മൊഴിമാറ്റം) എന്നിവയില്‍ നായകനായ മമ്മൂട്ടിയുടെ 2012 വിലയിരുത്തുമ്പോഴോ? രഞ്ജിത്തിന്റെ തിരക്കഥയില്‍ ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം കൂടിയില്ലെങ്കില്‍ വലിയൊരു ദുരന്തമാകുമായിരുന്നു ഈ സൂപ്പര്‍താരത്തിന്റെ വര്‍ഷം. പതിനൊന്നു ചിത്രങ്ങള്‍ക്കു ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം മോശമില്ല എന്നഭിപ്രായം കേള്‍ക്കുന്നത്. തന്റെ പ്രായത്തിനു ചേര്‍ന്ന കഥാപാത്രത്തെ സ്വീകരിക്കാന്‍ സൂപ്പര്‍താരങ്ങള്‍ മടിക്കുമ്പോള്‍ ഇനിയും ഇത്തരം ദുരന്തം ആവര്‍ത്തിക്കും.

കോബ്ര, താപ്പാന, ഫേസ് ടു ഫേസ് എന്നീ ചിത്രങ്ങളുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ അവയുടെ അവസ്ഥയെന്താകുമെന്ന് പുതിയ നടന്‍മാര്‍്ക്കുപോലും മനസ്സിലാകും. എന്നിട്ടും വര്‍ഷങ്ങളുടെ ഇരുത്തം വന്ന താരം അവയില്‍ അഭിനയിച്ചു എന്നു പറയുമ്പോള്‍ ആര്‍ക്കാണു തെറ്റുപറ്റിയതെന്നു മനസ്സിലാകാം. നാലാംകിട തമാശയുമായില്ലേ ലാല്‍ സംവിധാനം ചെയ്ത കോബ്ര എന്ന ചിത്രം പുറത്തിറങ്ങിയത്. ഇതിലെ ബ്രദറേ വിളി മാത്രം മതി തിയറ്ററില്‍ രണ്ടുമണിക്കൂര്‍ കൂവാന്‍. ജോണി ആന്റണി എന്ന സംവിധായകന്‍ ഓരോ ചിത്രം ചെയ്യുമ്പോഴും പിറകോട്ടാണ് സഞ്ചരിക്കുന്നത്. സിഐഡി മൂസ എന്ന ചിത്രത്തിനു ശേഷം നല്ലൊരു ചിത്രം എടുത്തുപറയാന്‍ അദ്ദേഹത്തിനുണ്ടോ? മമ്മൂട്ടി നായകനായ പട്ടണത്തില്‍ ഭൂതം കണ്ടവര്‍ പിന്നീട് ജോണി ആന്റിണി- മമ്മൂട്ടി ചിത്രം കാണാന്‍ തിയറ്ററില്‍ കയറുമോ? ഇതുതന്നെയാണ് വി.എം. വിനുവിന്റെ ഫേസ് ടു ഫേസിന്റെ സ്ഥിതിയും. മമ്മൂട്ടിയെപോലുള്ള മെഗാതാരം ഇത്രയും മോശമായി അഭിനയിക്കുക എന്നു പറഞ്ഞുകേള്‍ക്കുമ്പോള്‍ തന്നെ സങ്കടം തോന്നും.

എന്നിട്ടല്ലേ തിയറ്ററില്‍ പോയി പേക്കൂത്ത് കാണല്‍. ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രം പരാജയപ്പെടാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത് മമ്മൂട്ടിയുടെ തിരക്കഥയിലെ ഇടപെടല്‍ ആണ്. പുതിയൊരു സംവിധായകനു മോശപ്പേരുണ്ടാക്കാനേ ഈ ഇടപെടല്‍ കൊണ്ടു സാധിച്ചുള്ളൂ. ഷാജി കൈലാസിന്റെ സമീപകാലത്തെ പ്രകടനം പറയേണ്ടതില്ല. എന്നിട്ടല്ലേ ചിത്രത്തെക്കുറിച്ചു പറയല്‍.

ഗ്രാന്‍ഡ് മാസ്റ്റര്‍, സ്പിരിറ്റ്, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങളുടെ വിജയം മോഹന്‍ലാലിന് 2012 മികച്ചതാക്കി. എന്നാല്‍ കസനോവ, കര്‍മയോദ്ധ എന്നീ ചിത്രങ്ങളുടെ നിലവാരത്തകര്‍ച്ച നടനു ദോഷമാകുകയും ചെയ്തു. ബി. ഉണ്ണികൃഷ്ണന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ ലാല്‍ പ്രകടനം കൊണ്ടു ശ്രദ്ധേയമായതാണ്. രഞ്ജിത്തിന്റെ സ്പിരിറ്റും മോഹന്‍ലാലിന്റെ മാനറിസമാണ് വിജയഘടകമായത്. സംവിധായകന്‍ എന്ന നിലയില്‍ ജോഷിയുടെ ക്രാഫ്റ്റ് ആണ് റണ്‍ ബേബി റണ്ണിന്റെ വിജയത്തിന്റെ പ്രധാനഘടകം. അതേസമയം ലാല്‍ പാടിയ ആറ്റുമണല്‍പായയില്‍ എന്നു തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ പരസ്യത്തിനു നല്ലരീതിയില്‍ സഹായിച്ചു.

പാത്രമറിഞ്ഞുവേണം ഭിക്ഷ നല്‍കാന്‍ എന്നൊരു ചൊല്ലുണ്ട്. തങ്ങളുടെ സൃഷ്ടി ആര്‍ക്കുവേണ്ടിയാണ് നല്‍കുന്നതെന്നറിയാതെ പടച്ചുവിട്ട ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ കസനോവ. ഇത്രയും മുടക്കുമുതലില്‍ ഒരു ചിത്രമിറക്കിയിട്ട് എന്തുനേട്ടമുണ്ടാക്കിയെന്ന് സംവിധായകന്‍ ഇനിയെങ്കിലും ചിന്തിച്ചാല്‍ മറ്റൊരു നിര്‍മാതാവ് കൂടി വെള്ളത്തിലാകാതെ രക്ഷപ്പെടും. യുദ്ധ ചിത്രങ്ങള്‍ മാത്രം ചെയ്ത് പേരെടുത്ത മേജര്‍രവി വീണ്ടുമൊരു ലാല്‍ചിത്രം പരാജയപ്പെടുത്തി എന്ന കര്‍മയോദ്ധയെക്കുറിച്ചു പറയാന്‍ പറ്റൂ. അമിതാഭ് ബച്ചനെ കയ്യില്‍ കിട്ടിയിട്ടുപോലും പടം വിജയപ്പിക്കാന്‍ കഴിയാത്ത സംവിധായകനു ഡേറ്റ് കൊടുത്ത ലാലിനെയല്ലേ ശരിക്കും കുറ്റം പറയേണ്ടത്.

മലയാള സിനിമ മാറുകയാണ് എന്ന് ഇനിയെങ്കിലും സൂപ്പര്‍താരങ്ങള്‍ മനസ്സിലാക്കണം. എങ്കിലേ 2013ല്‍ അവര്‍ക്കു നേട്ടമുണ്ടാക്കാന്‍ സാധിക്കൂ. ഒരു സിനിമ വിജയിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് സൂപ്പര്‍താരങ്ങള്‍ നിര്‍ണായകമല്ല. ഫാന്‍സുകാര്‍ പോലും താരങ്ങളെ കയ്യൊഴിയുന്ന കാലത്താണ് തങ്ങള്‍ അഭിനയം തുടരുന്നതെന്ന് മമ്മൂട്ടിയും മോഹന്‍ലാലും മനസ്സിലാക്കിയാല്‍ നന്ന്.

English summary
Who is best actor in 2012? Mammootty, mohanlal or dileep?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam