»   » ഭാര്യ അത്ര പോര... ഗോപിക മടങ്ങിയെത്തുന്നു

ഭാര്യ അത്ര പോര... ഗോപിക മടങ്ങിയെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഭാര്യമാര്‍ വെറുതെയല്ലെന്ന് നാട്ടിലെ പെണ്ണുങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുത്ത ഗോപിക മടങ്ങിയെത്തുന്നു. 'ഭാര്യ അത്ര പോര' എന്ന ചിത്രത്തിലൂടെയാണ് ഗോപികയുടെ മൂന്നാംവരവ്. ഒരു ഭാര്യയും വെറുതെയല്ലെന്ന് മലയാളിയെ പഠിപ്പിച്ച കൂട്ടര്‍ തന്നെയാണ് ഭാര്യ അത്ര പോരെന്ന് ഇപ്പോള്‍ പറയാനൊരുങ്ങുന്നത്.

വെറുതെ ഒരു ഭാര്യ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സംവിധായകനും തിരക്കഥാകൃത്തും നായകനും നായികയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് ഭാര്യ അത്ര പോര എന്ന ചിത്രത്തിനുള്ളത്. ജയറാം നായകാവുന്ന ചിത്രത്തിന്റെ അണിയറയിലുള്ളത് അക്കു അക്ബറും ഗിരീഷ് കുമാറുമാണ്.

Gopika-Jayaram

സിനിമയിലേക്കുള്ള ഗോപികയുടെ മൂന്നാം വരവ് കൂടിയാണിത്. വിവാഹത്തിന് ശേഷം അല്‍പകാലം സിനിമയില്‍ നിന്നും വിട്ടുനിന്ന ഗോപിക പിന്നീട് സ്വലേയെന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഫെബ്രുവരി 11ന് ചിത്രീകരണമാരംഭിയ്ക്കുന്ന സിനിമയില്‍ ജയറാം ഒരു സ്‌കൂള്‍ അധ്യാപകനായാണ് വേഷമിടുന്നത്. ജയറാം അവതരിപ്പിയ്ക്കുന്ന സത്യനാഥനാഥന്റെ ഭാര്യയായാ പ്രിയയെന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിയ്ക്കുന്നത്.

തൃശൂര്‍ വിവേകാദയം സ്‌കൂളിലെ അധ്യാപകനാണ് സത്യനാഥന്‍. ഭാര്യ പ്രിയ ബാങ്ക് ഉദ്യോഗസ്ഥ. സത്യനാഥന്റെ അലസജീവിതത്തില്‍ സൗഹൃദങ്ങളേറെ. കുടുംബത്തിന്റെ സന്തോഷം കെടുത്താതെ മുന്നോടുപോകുന്ന അയാളുടെ യാത്രയ്ക്ക് ഔദ്യോഗികമായി ലഭിച്ച ഒരു ഉത്തരവാദിത്തം അല്‍പം പിരിമുറുക്കം നല്‍കുന്നു.

ഇത് മാറ്റാനുള്ള ശ്രമം പ്രിയയുടെ ജീവിതത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നു. പൂര്‍ണമായും കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.
സായികുമാര്‍, അജു വര്‍ഗീസ്, സുനില്‍ സുഖദ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സഞ്ജു, ജയരാജ് വാര്യര്‍, കലാഭവന്‍ സലിം, റീനാ ബഷീര്‍ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളാകും.

ജിബു ജേക്കബ്ബാണ് ക്യാമറാമാന്‍. വെറുതെ ഒരു ഭാര്യയിലെ ശ്രദ്ധേയഗാനങ്ങളൊരുക്കിയ ശ്യാംധര്‍മന്‍ പുതിയ ചിത്രത്തിലുമുണ്ട്. ആന്റോ ജോസഫ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ തൃശൂരാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X