»   » ആഗസ്റ്റ് 15ഉം ക്രിസ്ത്യന്‍ ബ്രദേഴ്‌സും 2011ല്‍

ആഗസ്റ്റ് 15ഉം ക്രിസ്ത്യന്‍ ബ്രദേഴ്‌സും 2011ല്‍

Posted By:
Subscribe to Filmibeat Malayalam
August 15
മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായി നേരത്തെ കരുതപ്പെട്ടിരുന്ന ആഗസ്റ്റ് 15 ആണ് ഏറെ അപ്രതീക്ഷിതമായി നീണ്ടുപോയ മറ്റൊരു സിനിമ. കരിയറിലെ സൂപ്പര്‍ കഥാപാത്രങ്ങളിലൊന്നായ പെരുമാളായി മമ്മൂട്ടി തിരിച്ചെത്തുന്ന ആഗസ്റ്റ് 15 ഇനി 2011 ഫെബ്രുവരിയില്‍ മാത്രമേ തിയറ്ററുകളിലെത്തൂ എന്നാണ് സൂചന.

മമ്മൂട്ടിയുടെ തന്നെ ബെസ്റ്റ് ആക്ടര്‍, കാണ്ടഹാര്‍, ദിലീപിന്റെ മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നീ സിനിമകള്‍ ഡിസംബറില്‍ തിയറ്ററുകളിലെത്തുന്ന സാഹചര്യത്തിലാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15ന്റെ റിലീസ് മാറ്റിയിരിക്കുന്നത്. ഫ്രെബ്രുവരി രണ്ടാം വാരത്തില്‍ ആഗസ്റ്റ് 15 റിലീസ് ചെയ്യുമ്പോള്‍ രണ്ട് മമ്മൂട്ടി സിനിമകള്‍ തമ്മില്‍ അത്യാവശ്യം ഗ്യാപ് വരുമെന്നും നിര്‍മാതാവ് കണക്കുകൂട്ടുന്നു.

ഏറെ വൈകിയ മോഹന്‍ലാലിന്റെ മറ്റൊരു വമ്പന്‍ പ്രൊജക്ടായ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ജനുവരി 14ലേക്കാണ് ഇപ്പോള്‍ ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ലാലിന് പുറമെ സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍, കാവ്യ മാധവന്‍, ലക്ഷ്മി റായി, കനിഹ എന്നിങ്ങനെ വമ്പന്‍ താരനിരയെ അണിനിരത്തിയാണ് മുതിര്‍ന്ന സംവിധായകനായ ജോഷി സിനിമ തീര്‍ത്തിരിയ്ക്കുന്നത്. റിലീസിന്റെ കാര്യത്തില്‍ ലാലിന്റെ തന്നെ കാണ്ടഹാറുമായി മത്സരിച്ചതിന് ശേഷമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ജനുവരിയിലേക്ക് മാറ്റാന്‍ നിര്‍മാതാവ് സുബൈര്‍ നിര്‍ബന്ധിതനായത്.

മോഹന്‍ലാലിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനുകള്‍ ഉള്‍പ്പെടെയുള്ള കുറച്ച് രംഗങ്ങള്‍ കൂടി ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. അത് ഈ മാസം തന്നെ തീര്‍ക്കാനാണ് പരിപാടി. സിബി ഉദയന്‍മാര്‍ തിരക്കഥ രചിയ്ക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഒരുപക്ഷേ 2011ലെ ആദ്യ റിലീസ് കൂടിയായിരിക്കും. പുതുവര്‍ഷത്തിലെ ആദ്യ ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് മോഹന്‍ലാലിന് ഇതിലൂടെ ലഭിയ്ക്കുന്നത്.

അവസാന നിമിഷത്തില്‍ ഈ സിനിമകളുടെ റിലീസ് ഡേറ്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതകളുണ്ട്. പക്ഷേ ഷൂട്ടിങ് ഏതാണ്ട് തീര്‍ന്ന ഈ മമ്മൂട്ടി-ലാല്‍ ചിത്രങ്ങള്‍ മലയാള സിനിമാ വിപണിയുടെ അടുത്ത ആറുമാസത്തെ ഭാഗധേയം നിര്‍ണയിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
മുന്‍പേജില്‍
മമ്മൂട്ടി-ലാല്‍ റീലിസുകള്‍ക്ക് അടിമുടി മാറ്റം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam