»   » ആരാണ് 2012ന്റെ ഹീറോ?

ആരാണ് 2012ന്റെ ഹീറോ?

Posted By:
Subscribe to Filmibeat Malayalam

ആരാണ് 2012ന്റെ ഹീറോ? മോഹന്‍ലാല്‍, ദിലീപ്, ചാക്കോച്ചന്‍, ഫഹദ്, ദുല്‍ഖര്‍.... പല പേരുകളും പ്രേക്ഷകരുടെ ഓര്‍മയിലെത്തും. എന്നാല്‍ കടന്നുപോകുന്ന വര്‍ഷത്തിന്റെ യഥാര്‍ഥ ഹീറോ ഇവരാരുമല്ല, താരങ്ങളുടെ പ്രഭാവത്തില്‍ മങ്ങാതെ മിന്നിത്തിളങ്ങിയ ബിജു മേനോനാണ് സ്റ്റാര്‍ ഓഫ് ദ ഇയര്‍.

സ്പാനിഷ് മസാല, ഓറഞ്ച്, ഓര്‍ഡിനറി, മാസ്‌റ്റേഴ്‌സ്, മായാമോഹിനി, മല്ലുസിങ്, മിസ്റ്റര്‍ മരുമകന്‍, റണ്‍ ബേബി റണ്‍, ഇത്രമാത്രം, 101 വെഡ്ഡിങ്, ചേട്ടായീസ് എന്നിങ്ങനെ എണ്ണം പറഞ്ഞ പതിനൊന്ന് സിനിമകള്‍. ഇതില്‍ ഒമ്പതും വിജയം കണ്ടുവെന്നറിയുമ്പോഴാണ് ബിജുവിന്റെ കുതിപ്പ് നമുക്ക് മനസ്സിലാവുക.

Biju Menon

ഓര്‍ഡിനറിയെന്ന കൊച്ചു സിനിമയുടെ വിജയക്കുതിപ്പില്‍ ചുക്കാന്‍ പിടിച്ചതാണ് ബിജുവിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. പാലക്കാടന്‍ സ്റ്റൈലിലുള്ള ഡയലോഗുകളിലൂടെ ചിത്രത്തിലെ നായകന്‍ ചാക്കോച്ചനെ വരെ കടത്തിവെട്ടാന്‍ തൃശൂര്‍ക്കാരന് സാധിച്ചു.

മറ്റുള്ള നായകന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ലഭിച്ചുവെന്നതാണ് ബിജുവിന് ഏറ്റവും ഗുണകരമായത്. ഓറഞ്ചിലെ വില്ലന്‍ കഥാപാത്രത്തിന് തൊട്ടുപിന്നാലെയാണ് ഓര്‍ഡിനറിയിലെ തമാശക്കാരനായ ബസ് കണ്ടക്ടറായി നടന്‍ മാറിയത്. ഇത്ര മാത്ര ത്തിലെ ലാളിത്യം നിറയുന്ന കഥാപാത്രത്തില്‍ നിന്നും ചേട്ടായീസിലേക്ക് വേഷപ്പകര്‍ച്ച നടത്താനും ബിജുവിന് വിഷമമുണ്ടായില്ല.

ഒറ്റയാള്‍ പട്ടാളമായി നിന്നല്ല ബിജു നേട്ടം കൊയ്തതെന്ന് വേണമെങ്കില്‍ വിമര്‍ശിയ്ക്കാം. സ്്പാനിഷ് മസാല, മിസ്റ്റര്‍ മരുമകന്‍, മായാമോഹിനി തുടങ്ങിയവയെല്ലാം ദിലീപ് സിനിമകള്‍, മാസ്റ്റേഴ്‌സിലെ നായകന്മാര്‍ പൃഥ്വിയും ശശികുമാറുമാണ്. ഓര്‍ഡിനറയില്‍ ചാക്കോച്ചനും ആസിഫ് അലിയുമുണ്ട്. മല്ലുസിങില്‍ ചാക്കോച്ചനും ഉണ്ണിമുകുന്ദനും നായകന്മാരാണ്. ഇനി റണ്‍ ബേബി റണ്‍ ഒരു പക്കാ മോഹന്‍ലാല്‍ സിനിമയും. അതുപോലൊക്കെ തന്നെയാണ് ചേട്ടായീസും 101 വെഡ്ഡിങും എല്ലാം.

എന്നാല്‍ ഈ സിനിമകളിലെല്ലാം സ്വന്തമായൊരിടം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് ബിജുവിനെ പോയ വര്‍ഷത്തിന്റെ താരമാക്കുന്നത്. ഇങ്ങനെ നിശബ്ദമായി മുന്നേറുമ്പോഴും മറ്റാരുടെയും ഇടം കവര്‍ന്നെടുക്കാനും നടന്‍ ശ്രമിയ്ക്കുന്നില്ലെന്നതും ശ്രദ്ധേയം. ഒറ്റയടിയ്ക്ക് മിന്നുംതാരമാവാതെ മണ്ണില്‍ വേരുറപ്പിച്ച് വളരാന്‍ കഴിയുന്നതാണ് ബിജു മേനോന് അനുഗ്രഹമാവുന്നത്. വില്ലത്തരവും ചിരിയുമെല്ലാം ഒരുപോലെ സൃഷ്ടിയ്ക്കാന്‍ നടനെ സഹായിക്കുന്നത് സ്വതസിദ്ധമായ അഭിനയമികവ് തന്നെയാണ്.

English summary
Biju Menon is one of the key factors in most successful films during recent times. 2012 has been a wonderful year for him, with blockbusters like Ordinary, Mayamohini, Mallu Singh and Run Baby Run setting the box office ringing in a big way

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam