For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നക്ഷത്രങ്ങളുടെ രാജകുമാരന്‍ തിരിച്ചുവരും

  By Ajith Babu
  |

  മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക്് സെപ്റ്റംബര്‍ ഏഴിന് അറുപത്തിയൊന്ന് വയസ്സ് തികയുന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയ ജീവിതത്തില്‍ 375ലധികം സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിയ്ക്ക് പകരം വെയ്ക്കാന്‍ അധികമാരും ഇവിടെയില്ല.

  1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പിലാണ് മുഹമ്മദ് കുട്ടി ഇസ്മയിലെന്ന മമ്മൂട്ടിയുടെ ജനനം. ചെമ്പിലെ സാധാരണ കര്‍ഷകനായ പാണാപറമ്പില്‍ ഇസ്മയിലിന്റെയും ഭാര്യ ഫാത്തിമയുടെയും മൂത്ത മകനായാണ് മമ്മൂട്ടിയുടെ ജനനം. അറുപതുകളില്‍ മമ്മൂട്ടിയുടെ കുടുംബം എറണാകുളത്തേക്ക് കുടിയേറി. എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലും ഗവണ്‍മെന്റ് സ്‌കൂളിലുമായാണ് മമ്മൂട്ടി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

  മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. അഭിനയകലയോട് മമ്മൂട്ടിയ്ക്ക് അടങ്ങാത്ത അഭിനിവേശം തോന്നുന്നത് കോളെജ് വിദ്യാഭ്യാസ കാലത്താണ്. പഠനം പൂര്‍ത്തിയാക്കി മഞ്ചേരിയില്‍ രണ്ടു വര്‍ഷം വക്കീലായി പ്രാക്ടീസ് നടത്തി. ഇതിനിടെ സുല്‍ഫിത്തിനെ ജീവിത സഖിയാക്കി. രണ്ട് മക്കളാണ് സുറുമിയും ദുല്‍ക്കര്‍ സല്‍മാനും.
  മോളിവുഡിലെ യുവതാരനിരയില്‍ ദുല്‍ഖറും ഈ വര്‍ഷം ചുവടുറപ്പിച്ചത് മമ്മൂട്ടിയ്ക്ക് സന്തോഷം പകരുന്നുണ്ടാവണം.

  1971ല്‍ റിലീസായ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ മുഖം കാണിച്ചെങ്കിലും എണ്‍പതുകളിലാണ് മമ്മൂട്ടി മലയാള സിനിമയില്‍ ചുവടുറപ്പിയ്ക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍താരമായി വളര്‍ന്ന മമ്മൂട്ടി മൂന്ന് തവണ ദേശീയതലത്തിലെ മികച്ച നടനായി. മലയാളത്തില്‍ മറ്റാര്‍ക്കും നേടാനാവാത്ത നേട്ടമാണിത്. അഞ്ചു തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടിയെ തേടിയെത്തി. മലയാളം കൂടാതെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഇംഗഌഷ് ഭാഷകളിലായി 25 ഓളം ചിത്രങ്ങളിലുമഭിനയിച്ചു.

  അഭിനയ ജീവിതത്തില്‍ മൂന്ന് പതിറ്റാണ്ട പിന്നിടുമ്പോള്‍ മമ്മൂട്ടിയ്ക്കിത് ക്ഷീണകാലമാണ്. ഒന്നിനു പിന്നാലെ ഒന്നൊന്നായി ചിത്രങ്ങള്‍ പരാജയപ്പെടുമ്പോഴും ഈ നടനെ കൈവിടാന്‍ മലയാള സിനിമ തയാറല്ല. മമ്മൂട്ടിയെ നായകനാക്കി അണിയറിയിലൊരുങ്ങുന്ന സിനിമകള്‍ തന്നെ ഇതിന് സാക്ഷ്യം.

  മമ്മൂട്ടിയുടെ അഭിനയ ജീവിതം അടുത്തറിയന്നവര്‍ക്കറിയാം പരാജയങ്ങളൊന്നും നടനെ ബാധിയ്ക്കുകയില്ലെന്ന്. ചാരത്തില്‍ നിന്നുയര്‍ന്ന ഫിനീക്‌സ് പക്ഷിയെപ്പോലെ പലതവണ മമ്മൂട്ടി തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇനിയും അതു തന്നെ സംഭവിയ്ക്കുമെന്ന് എല്ലവാര്‍ക്കുമറിയാം. തനിയ്ക്ക് സംഭവിച്ച പാളിച്ചകള്‍ തിരിച്ചറിഞ്ഞ് തിരുത്തുന്നതാണ് മൂന്ന് പതിറ്റാണ്ടിലധികം താരസിംഹാസനത്തില്‍ ഉറച്ചിരിയ്ക്കാന്‍ താരരാജാവിനെ സഹായിച്ചത്.

  തന്നില്‍ നിന്നും പ്രേക്ഷകരും ആരാധകരും പ്രതീക്ഷിയ്ക്കുന്നത് എന്തെന്ന് മമ്മൂട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് ഇപ്പോള്‍ കരുതേണ്ടത്. അനൂപ് കണ്ണന്റെ ജവാന്‍ ഓഫ് വെള്ളിമല, വിഎം വിനുവിന്റെ ഫേസ് ടു ഫേസ്, ജിഎസ് വിജയന്‍-രഞ്ജിത്ത് ടീമിന്റെ ബാവൂട്ടിയുടെ നാമത്തില്‍, സലിം അഹമ്മദിന്റെ 'കുഞ്ഞനന്തന്റെ കട, അമല്‍ നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം, പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാല സഖി തുടങ്ങിയ പ്രൊജക്ടുകളെല്ലാം മമ്മൂട്ടിയ്ക്കുള്ളിലെ നടനെ പ്രേക്ഷകന് തിരിച്ചുനില്‍കുമെന്ന് പ്രതീക്ഷിയ്ക്കാം.

  English summary
  Born in a farmer's family on September 7, 1951, Mammootty is known for his work in Malayalam cinema.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X