»   » കളിമണ്ണിന് 'യു/എ' സര്‍ട്ടിഫിക്കറ്റ്

കളിമണ്ണിന് 'യു/എ' സര്‍ട്ടിഫിക്കറ്റ്

Posted By:
Subscribe to Filmibeat Malayalam

ഒടുക്കം വിവാദമുയര്‍ത്തിക്കടന്നുവന്ന കളിമണ്ണിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ഒരു രംഗം പോലും വെട്ടിക്കളയാനില്ലാത്തവിധം ക്ലീനായ ചിത്രത്തിന് ബോര്‍ഡ് 'യു/എ' സര്‍ട്ടിഫിക്കേറ്റ് ആണ് നല്‍കിയിരിക്കുന്നത്. ഇതോടെ ചിത്രമിറങ്ങുന്നതിന് മുമ്പ് വിവാദമുണ്ടാക്കരുതെന്ന സംവിധായകന്‍ ബ്ലെസ്സിയുടെയും നായിക ശ്വേത മേനോന്റെയും വാക്കുകള്‍ ശരിയാണെന്ന് വന്നിരിക്കുകയാണ്.

കളിമണ്ണിന് വേണ്ടി ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവും ലൈവായി ചിത്രീകരിച്ചുവെന്ന വാര്‍ത്തകളെത്തുടര്‍ന്നായിരുന്നു ഇത് ധാര്‍മ്മികതയുടെ ലംഘനമാണെന്നും സദാചാരവിരുദ്ധമാണെന്നും പറഞ്ഞ് വലിയ വിവാദങ്ങളുണ്ടായത്. പലരാഷ്ട്രീയപാര്‍ട്ടികളുടെ വനിതാ നേതാക്കളും വിവിധ സംഘടനകളുമുള്‍പ്പെടെ പ്രസവചിത്രീകരണത്തിനെതിരെ രംഗത്തുവന്നിരുന്നു.

പല സംഘടനകളും മാതൃത്വത്തെ കമ്പോളവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും സ്ത്രീത്വത്തെ അവഹേളിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഇവരോടെല്ലാം ബ്ലെസ്സിയും ശ്വേതയും പറഞ്ഞത് ചിത്രം പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കുകയെന്നും അതുകഴിഞ്ഞു മതി വിവാദങ്ങളെന്നുമായിരുന്നു.

സിനിമയില്‍ പ്രസവരംഗം ചിത്രീകരിച്ചിരിക്കുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ശക്തമായ ആത്മബന്ധത്തെ പ്രതിഫലിപ്പിക്കാന്‍ വേണ്ടിയാണെന്നായിരുന്നു ബ്ലെസ്സി പറഞ്ഞിരുന്നത്. ചിത്രമിറങ്ങും മുമ്പ് വിവാദമുണ്ടാക്കിയ വിമര്‍ശകര്‍ക്കുളള മറുപടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരമെന്ന് ബ്ലെസി പറഞ്ഞുകഴിഞ്ഞു.

ചിത്രത്തില്‍ ശ്വേതയുടെ മൂന്ന് ഐറ്റം നമ്പറുകളും ഉണ്ട് എന്ന വാര്‍ത്തയും അടുത്തിടെയാണ് പുറത്തുവന്നത്. ബ്ലെസി ചിത്രത്തില്‍ ഐറ്റം നമ്പറിനെ കുറിച്ച് ആലോചിക്കാനാവില്ലെന്നായിരുന്നു ഇതിനോട് പലരും പ്രതികരിച്ചത്. എന്തായാലും ചിത്രമിറങ്ങുന്നതോടെ എന്തിന് ബ്ലെസ്സി ചിത്രത്തില്‍ ഐറ്റം ഡാന്‍സുകള്‍ വച്ചുവെന്നതിനും കൃത്യമായ ഉത്തരം ലഭിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം. ചിത്രം ഓഗസ്റ്റ് 9ന് പ്രദര്‍ശനത്തിനെത്തും.

English summary
Directore Blessy's controversial film Kalimannu got U/A cirtificate from Censor Board
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam