»   » മനീഷ തിരക്കുകളിലേയ്ക്ക് തിരിച്ചെത്തുന്നു

മനീഷ തിരക്കുകളിലേയ്ക്ക് തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

തൊണ്ണൂറുകളില്‍ ബോളിവുഡിലെ മുന്‍നിര നായികനടിമാരില്‍ ഒരാളായിരുന്നു മനീഷ കൊയ്രാള. നേപ്പാളില്‍ നിന്നെത്തിയ ഈ സുന്ദരിയെ ബോളിവുഡും പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകവും ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബോളിവുഡില്‍ മനീഷ അഭിനയിച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുണ്ട്. 1942 എ ലവ് സ്‌റ്റോറി, ബോംബെ എന്നിവ ഇവയില്‍ ചിലത് മാത്രമാണ്.

സൗന്ദര്യവും കഴിവും സംഗമിക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളായിട്ടുതന്നെയാണ് ബോളിവുഡ് മനീഷയെ പരിഗണിച്ചിരുന്നത്. ആദ്യകാലത്തെ താരത്തിളക്കം കുറച്ച് കുറഞ്ഞപ്പോള്‍ മനീഷയ്ക്കും നിലനില്‍പ്പിനുവേണ്ടി പല അര്‍ത്ഥമില്ലാത്ത ചിത്രങ്ങളും ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇക്കാലത്താണ് അവര്‍ തെന്നിന്ത്യയില്‍ എത്തുന്നത്. ഇതും കഴിഞ്ഞ് പിന്നെ മനീഷയെ ആരും മുഖ്യധാരയില്‍ കണ്ടിട്ടില്ല. എന്നാല്‍ ഇടയ്ക്ക് ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കുന്ന ഇടവപ്പാതിയെന്നചിത്രത്തില്‍ മനീഷ പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന് വാര്‍ത്തവന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ താരത്തിന്റെ രോഗവിവരങ്ങളും പുറത്തുവന്നു. ഇതോടെ ഇടവപ്പാതിയുടെ മനീഷയുള്‍പ്പെടുന്ന ഭാഗങ്ങളുടെ ചിത്രീകരണം പ്രശ്‌നത്തിലാവുകയും മനീഷ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പോവുകയും ചെയ്തു.

Manisha Koirola

കാന്‍സറിന്റെ വേദനയില്‍ കഴിയുന്ന കാലത്തും അവര്‍ തന്റെ രോഗവിവരങ്ങള്‍ ട്വിറ്ററിലൂടെയും മറ്റും പങ്കുവെച്ചിരുന്നു. കീമോതെറാപ്പി മൂലം മുടികൊഴിയുമ്പോള്‍ സാധാരണക്കാര്‍തന്നെ തങ്ങളുടെ രൂപം പുറത്തുകാണിക്കാന്‍ മടിയ്ക്കാറുണ്ട്. അപ്പോള്‍ താരങ്ങളുടെ കാര്യം പറയാനില്ലല്ലോ. എന്നാല്‍ മനീഷ ഇക്കാര്യത്തിലെല്ലാം താരങ്ങള്‍ ആരും കാണിയ്ക്കാത്ത ധൈര്യം കാണിച്ചിരുന്നു. മുടിയില്ലാത്ത തന്റെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തും. കാന്‍സര്‍ ചികിത്സയ്ക്കിടെ താനനുഭവിച്ച വേദനകള്‍ പങ്കുവെച്ചും മനീഷ വ്യത്യസ്തയായി.

ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ മനീഷ ഇപ്പോള്‍ തന്റെ രണ്ടാം ജന്മം ആഘോഷിയ്ക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടികളും യാത്രകളും നടത്തുന്ന തിരക്കിലാണ് താരം. കഴിഞ്ഞ ദിവസം മനീഷ തന്റെ ഏറ്റവും പുതിയ ചിത്രവും ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വളരെ ആരോഗ്യവതിയാണ് അവരെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയും.

പൂര്‍ണആരോഗ്യത്തിലേയ്ക്ക് തിരിച്ചെത്താന്‍ മനീഷ യോഗയും മറ്റുകാര്യങ്ങളും ചെയ്യുന്നുണ്ട്. ഇത്തരം കാര്യത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി നേപ്പാളില്‍ നിന്നും ഒരു ഗുരു എത്തിയിട്ടുണ്ടത്രേ.

വിഷമഘട്ടത്തില്‍ തനിയ്‌ക്കൊപ്പം നിന്ന എല്ലാവര്‍ക്കും മനീഷ വീണ്ടും വീണ്ടും നന്ദി പറയുന്നുണ്ട്. ഇനിയുള്ള ജീവിതം ജനസേവനത്തിനായി താന്‍ മാറ്റിവെയ്ക്കുമെന്നാണ് മനീഷ പറയുന്നത്. നവംബറോടെ മനീഷ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നാണ് സൂചന. അതോടെ മുടങ്ങിക്കിടക്കുന്ന ഇടവപ്പാതിയുടെ ഷൂട്ടിങ് പുനരാരംഭിയ്ക്കുമെന്നും അറിയുന്നു.

English summary
Having beaten the cancer successfully, actress Manisha Koirala is working on regaining her health and is looking forward to starting work again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam