»   » സിനിമ വെറും മിഥ്യ: മോഹന്‍ലാല്‍

സിനിമ വെറും മിഥ്യ: മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
സിനിമ വെറും മിഥ്യയാണെന്നും ജീവിതമാണ് യഥാര്‍ത്ഥ സത്യമെന്നും തിരിച്ചറിയണമെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയിലെ മദ്യപാനവും സിഗരറ്റുവലിയും അനുകരിക്കാന്‍ ശ്രമിക്കരുത്. മദ്യമെന്ന്പറഞ്ഞ് കുടിക്കുന്നത് കട്ടന്‍കാപ്പിയാണെന്ന് തിരിച്ചറിയണമെന്നും സൂപ്പര്‍താരം ഉപദേശിച്ചു.

തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നടക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സംസ്ഥാന ക്യാമ്പില്‍ അംഗങ്ങളുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ജോലി ആസ്വദിച്ചു ചെയ്താല്‍ ഒരു ജീവിതം മതിയാകില്ലെന്നും ചുരുങ്ങിയത് 200 കൊല്ലമെങ്കിലും ജീവിക്കണമെന്നാണ് ആഗ്രഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം തൊഴില്‍ ആസ്വദിച്ച്, പ്രതിബദ്ധതയോടെ ചെയ്യുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മാതൃകയാക്കണം. സച്ചിന്റെ നൂറാം സെഞ്ച്വറി കഠിനാധ്വാനത്തിന്റെ ഫലമാണ്.

തന്റെ കുട്ടിക്കാലത്ത് കിട്ടിയതിനേക്കാള്‍ നല്ല അവസരങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ട്. അത് മുതലെടുക്കാന്‍ ബുദ്ധിമുട്ടുകളുമുണ്ട്. മനുഷ്യരായി പിറന്നത് മഹാഭാഗ്യമായി കാണണം.
'ലാലേട്ടന്റെയും മമ്മുക്കയുടെയും ഫാന്‍സുകാര്‍ ഏറ്റുമുട്ടുന്നത് മോശമല്ലേ' എന്ന ചോദ്യത്തിന് ഒരു ചെറുചിരിയോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. . ഫാന്‍സ് അസോസിയേഷനുകള്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണാതിരിക്കരുത്.

സിനിമയില്‍ പൊലീസുകാരെ തല്ലുന്ന രംഗങ്ങളില്‍ അഭിനയിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന്റെ നര്‍മം പരിപാടിയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരും ആസ്വദിച്ചു. 'നീതി നടത്തേണ്ടവര്‍ നടത്താതിരിക്കുമ്പോഴാണ് അടിക്കുന്നത്. അത് നിങ്ങളും ചെയ്യണം. സിനിമയില്‍ കാണുന്നപോലെ പത്ത്പതിനഞ്ചുപേരെ തല്ലാന്‍പോയാല്‍ അടികിട്ടു'മെന്ന സത്യവും ലാല്‍ തുന്നുപറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam