»   » ടിക്കറ്റ് നിരക്ക് ഉയരും!!! ജിഎസ്ടി സിനിമ വ്യവസായത്തിന് കൊടുക്കുന്ന എട്ടിന്റെ പണി???

ടിക്കറ്റ് നിരക്ക് ഉയരും!!! ജിഎസ്ടി സിനിമ വ്യവസായത്തിന് കൊടുക്കുന്ന എട്ടിന്റെ പണി???

Posted By:
Subscribe to Filmibeat Malayalam

രാജ്യം ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് ചരക്ക് സേവന നികുതി(ജിഎസ്ടി)യേക്കുറിച്ചാണ്. ചില മേഖലകളില്‍ അത് ഇരട്ടി ഭാരം സമ്മാനിക്കുമ്പോള്‍ ചില മേഖലകളില്‍ നികുതികളെ ഏകീകരിച്ച് സാധാരണക്കാരന് ഗുണം ചെയ്യും. ഇത്തരത്തില്‍ രണ്ട് സ്വഭാവം ഇതിനുള്ളതുകൊണ്ട് തന്നെ അനുകൂലിച്ചു പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

പ്രണവിനൊപ്പം താരപുത്രി!!! ആ സെല്‍ഫിക്ക് പിന്നില്‍??? പുതിയ ചിത്രത്തിലെ നായിക???

മറ്റ് വ്യവസായ മേഖലകളിലെന്ന പോലെ ചരക്ക് സേവന നികുതി സിനിമ വ്യവസായത്തിനും ബാധകമാണ്. എന്നാല്‍ നമ്മുടെ കേരളത്തിലെ നിലവിലുള്ള സ്ഥിതിയില്‍ ജിഎസ്ടി അമിത ഭാരമാകും. ജിഎസ്ടിക്കൊപ്പം മറ്റ് നികുതികളും നിലനില്‍ക്കും എന്നത് തന്നെ കാരണം. 

ജിഎസ്ടി സിനിമ ടിക്കറ്റിന്മേല്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കുകയും കേന്ദ്രസമിതി സിനിമ ടിക്കറ്റിന്മേലുള്ള ജിഎസ്ടി 28 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. രാജ്യത്താകമാനം ടിക്കറ്റിന്മേല്‍ 28 ശതമാനമായിരിക്കും ജിഎസ്ടി.

നിലവില്‍ ടിക്കറ്റിന്മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദ നികുതിക്ക് പുറമെയാണിത്. കോര്‍പ്പറേഷനുകളില്‍ 25 ശതമാനവും മുന്‍സിപ്പാലിറ്റികളില്‍ 20 ശതമാനവും പഞ്ചായത്തുകളില്‍ 15 ശതമാനവുമാണ് വിനോദ നികുതി ഈടാക്കുന്നത്.

വിനോദ നികുതിയും ജിഎസ്ടിയും ചേരുമ്പോള്‍ ടിക്കറ്റിന്മേലുള്ള നികുതി നിലവിലുള്ളതിന്റെ ഇരട്ടിയോളമാകും. കോര്‍പ്പറേഷനുകളില്‍ 53 ശതമാനവും മുന്‍സിപ്പാലിറ്റികളില്‍ 48 ശതമാനവും പഞ്ചായത്തുകളില്‍ 43ശതമാനവുമായിരിക്കും പുതിയ നികുതി.

നികുതിയിനത്തില്‍ ഇരട്ടിയോളം വര്‍ദ്ധനയുണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തിയറ്ററുടമകള്‍ നിര്‍ബന്ധിതരാകും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ നിര്‍മാതാക്കളും വിതരണക്കാരും അതിനെ അനുകൂലിക്കും. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കും.

സിനിമ മേഖല ഇപ്പോള്‍ ഒരു പുതിയ ഉണര്‍വിലാണ്. പ്രേക്ഷകര്‍ കുടുംബത്തോടെ തിയറ്ററിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സിനിമകള്‍ക്ക് മികച്ച കളക്ഷനും ലഭിക്കുന്നു. ബിഗ് ബജറ്റ് സിനിമകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതും ഇതിന്റെ ഫലമാണ്. എന്നാല്‍ ഇതിനെ ജിഎസ്ടി പ്രതികൂലമായി ബാധിക്കും.

ജിഎസ്ടിയുടെ ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, ജിഎസ്ടി നിലവില്‍ വരുന്നതോടെ മറ്റ് നികുതികള്‍ ഇല്ലാതാകും എന്നതാണ്. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന വിനോദ നികുതി ഇതിന് പുറമെയാണ്. ജിഎസ്ടി ഏര്‍പ്പെടുത്തിയാലും അത് ഒഴിവാകുന്നില്ല.

ഇക്കാര്യത്തില്‍ ഒരു പോംവഴി മാത്രമേ മുന്നിലുള്ളു. അതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന വിനോദ നികുതി പിന്‍വലിക്കണം. പകരം ജിഎസ്ടി മാത്രമാക്കി ടിക്കറ്റിന്മേലുള്ള നികുതി 28 ശതമാനമായി ഏകീകരിക്കണം. ജിഎസ്ടിയില്‍ നിന്നുള്ള സംസ്ഥാന വിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീതിച്ച് നല്‍കണം.

ജിഎസ്ടിക്കൊപ്പം വിനോദ നികുതിയും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ചാല്‍ സിനിമ മേഖല പ്രതിസന്ധിയിലാകും. വരുമാനത്തിന്റെ പകുതിയിലധികം നികുതി ഇനത്തില്‍ നഷ്ടമാകും. ശേഷിക്കുന്ന പകുതിയില്‍ നിന്ന് തിയറ്റര്‍ ഉടമയും വിതരണക്കാരനും വീതിച്ചെടുത്ത് കഴിഞ്ഞ് തുച്ഛമായ തുക മാത്രമായിരിക്കും നിര്‍മാതാവിന് ലഭിക്കുക.

മൂന്ന് കോടി മുടക്കി ഒരു സിനിമ ചെയ്താല്‍ മുടക്ക് മുതല്‍ തിരിച്ച് പിടിക്കാന്‍ കുറഞ്ഞത് 15 കോടിയിലധികം രൂപ ആ സിനിമ കളക്ഷന്‍ നേടേണ്ടി വരും. മൂന്ന് കോടി എന്നത് ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും കുറഞ്ഞ ബജറ്റായി മാറിയിരിക്കുന്നു. മൂന്ന് കോടിക്ക് ചെറിയ സിനിമകള്‍ മാത്രമേ ഉണ്ടാകു. ഇത്തരം സാഹചര്യത്തില്‍ സിനിമ മേഖല പ്രതിസന്ധിയിലാകും.

English summary
GST will affect cinema industry in Kerala. Central Committee fixed 28% GST on cinema tickets. In Kerala GST added with entertainment tax imposed by the local body government.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X